പാലക്കാട്: ജലവൈദ്യുത പദ്ധതി ലാഭകരമായി ഏറ്റെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്ന് തെളിയിച്ചതിലൂടെ പാലക്കാട് ജില്ല പഞ്ചായത്ത് രാജ്യത്തിനാകെ മാതൃകയായിരിക്കുകയാണെന്ന് തദ്ദേശ മന്ത്രി എം.ബി. രാജേഷ്. ജില്ല പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്മാള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡിന്റെ 25ാമത് വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ല പഞ്ചായത്ത് വൈദ്യുതി ഉൽപാദന പദ്ധതിയിലേക്ക് മുന്നിട്ടിറങ്ങുന്നത്. ധീരവും സാഹസികവുമായ തീരുമാനമാണിത്.
ആ തീരുമാനം രാജ്യത്തിനാകെ മാതൃകയാണ്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ എങ്ങനെയാണ് വേറിട്ട് നില്‍ക്കുന്നത് എന്നതിന്റെ ഉദാഹരണമാണിത്. ഇതിന് പുറമേ പാലക്കുഴി മിനി ജലവൈദ്യുത പദ്ധതിയും ഇപ്പോള്‍ ഏറ്റെടുത്തിട്ടുണ്ട്. കൂടം, മീന്‍വല്ലം ടൈല്‍ റൈസ് പദ്ധതി, ലോവര്‍ വട്ടപ്പാറ തുടങ്ങിയ പ്രോജക്ടുകള്‍ക്ക് എല്ലാ പിന്തുണയും തദ്ദേശ വകുപ്പ് ഉറപ്പ് നല്‍കുന്നതായും മന്ത്രി അറിയിച്ചു. വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനം ആവശ്യമുള്ള സാഹചര്യങ്ങളില്‍ അതുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട്: ഒരു പ്രോജക്ട് തുടങ്ങുന്നതിനുമുമ്പ് അത് എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് ലക്ഷ്യമാക്കി നീങ്ങിയാല്‍ വലിയ മാറ്റം കൊണ്ടുവരാനാകുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ജില്ല പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്മാള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡിന്റെ 25ാമത് വാര്‍ഷിക യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ, ജില്ല കലക്ടര്‍ ഡോ. എസ്. ചിത്ര, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി, പി.എസ്.എച്ച്.സി.എല്‍ മുന്‍ ചെയര്മാന് ടി.എന്‍. കണ്ടമുത്തന്‍, പി.എസ്.എച്ച്.സി.എല്‍ മുന്‍ ചീഫ് എന്‍ജിനീയര്‍ ഇ.സി. പത്മരാജന്, ജില്ല പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, പി.എസ്.എച്ച്.സി.എല്‍ ചീഫ് എന്‍ജിനീയര്‍ പ്രസാദ് മാത്യു, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
കല്ലടിക്കോട്: വട്ടപ്പാറ ജലവൈദ്യുത പദ്ധതിക്ക് സാധ്യത. ജില്ല പഞ്ചായത്തിന്റെ മൂന്നാമത് സംരംഭമായ ജലവൈദ്യുത പദ്ധതിക്ക് കരുക്കൾ നീക്കാൻ തത്വത്തിൽ ജില്ല പഞ്ചായത്തിന് കീഴിലുള്ള പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനി ലിമിറ്റഡിന്റെ 25ാമത് വാർഷിക ജനറൽ ബോഡി യോഗത്തിൽ ധാരണയായി. കൂടാതെ രാജ്യത്തിന് തന്നെ മാതൃകയായ മീൻവല്ലം പദ്ധതി വിജയകരമായ പശ്ചാത്തലത്തിൽ രണ്ടാമത് സംരംഭമെന്ന നിലയിൽ ആരംഭിച്ച പാലക്കുഴി പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
2023 മാർച്ച് 31 വരെ മീൻവല്ലം പദ്ധതി മുഖേന 61.41 കോടി യൂനിറ്റ് വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകി. വടക്കഞ്ചേരി പാലക്കുഴി പദ്ധതിക്ക് ആറ് വർഷം മുമ്പാണ് തുടക്കമിട്ടത്. ഒരു മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതി 2025നകം കമീഷൻ ചെയ്യും. 4.5 മെഗാവാട്ട് കൂടം, മൂന്ന് മെഗാവാട്ട് ചെമ്പുകുട്ടി, 40 കിലോവാട്ട് മീൻവല്ലം ടൈൽ റൈസ് പദ്ധതി എന്നിവയും പാലക്കാട് സ്മാൾ ഹൈഡ്രോ കമ്പനിക്ക് കീഴിൽ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.