പിരായിരി: കുടിവെള്ളം ലഭിക്കാതെ വലയുന്ന മേപ്പറമ്പ് കുന്നുംപുറം സ്നേഹനഗറിലേക്ക് പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ കുടിവെള്ളമെത്തിച്ച് വിതരണം തുടങ്ങിയത് പ്രദേശത്തെ 32 കുടുംബങ്ങൾക്ക് ആശ്വാസമാകുന്നു.
മാസങ്ങളായി പ്രദേശത്തെ ദുരിതം സംബന്ധിച്ച് ഞായറാഴ്ച 'മാധ്യമം' നൽകിയ വാർത്ത ശ്രദ്ധയിൽപെട്ട വനമിത്ര അവാർഡ് ജേതാവ് കൂടിയായ കല്ലൂർ ബാലൻ വീട്ടിലെ കിണറ്റിൽനിന്ന് വെള്ളം ടാങ്കിൽ നിറച്ച് വാഹനത്തിൽ കയറ്റി സ്നേഹ നഗറിലെ കുടുംബങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുകയായിരുന്നു.
നിരവധി തവണ മലമ്പുഴ ഇറിഗേഷൻ ഓഫിസ്, പിരായിരി പഞ്ചായത്ത് ഒാഫിസ് എന്നിവിടങ്ങളിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് വീട്ടമ്മമാർ പറയുന്നു.
മലമ്പുഴ ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നാണ് ഇവിടേക്ക് വെള്ളം വിതരണം ചെയ്യുന്നത്. എന്നാൽ, നാളുകളായി പ്രദേശത്തെ കുടുംബങ്ങളുടെ സ്ഥിതി ദയനീയമാണെന്ന് പ്രദേശത്തുകാർ പരാതിപ്പെടുന്നു. കിലോമീറ്ററുകളോളം ദൂരം താണ്ടിയാണ് പ്രദേശത്തെ പല വീട്ടമ്മമാരും വെള്ളം ശേഖരിക്കുന്നത്.
വീട്ടിലെ കിണറ്റിൽ വെള്ളം ലഭിക്കുന്ന കാലമത്രയും സ്നേഹനഗറിൽ വെള്ളമെത്തിച്ച് വിതരണം നടത്തുമെന്നും സൗജന്യമായാണ് വിതരണം ചെയ്യുന്നതെന്നും ഓരോ കുടുംബത്തിനും അടുക്കളയിലേക്കാവശ്യമായ വെള്ളമാണ് വിതരണം ചെയ്യുകയെന്നും കല്ലൂർ ബാലൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.