അലനല്ലൂർ: കോട്ടോപ്പാടം കച്ചേരിപ്പറമ്പില്‍ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയും കുട്ടിയാനയും വീട്ടുവളപ്പിലെത്തി നിലയുറപ്പിച്ചത് പരിഭ്രാന്തി പരത്തി. വന്‍തോതില്‍ കൃഷി നാശവും വരുത്തി. ശനിയാഴ്ച രാത്രിയാണ് കാട്ടാനകള്‍ പ്രദേശത്തിറങ്ങിയത്. രാത്രി 11 മണിയോടെ പാലോലി മുഹമ്മദ്കുട്ടിയുടെ വീട്ടുവളപ്പിലേക്ക് കയറുകയായിരുന്നു. ഇവിടെ മണിക്കൂറുകളോളം നിലയുറപ്പിച്ചതോടെ വീട്ടുകാരും പ്രദേശവാസികളും ഭീതിയിലായി. പ്ലാവില്‍നിന്ന് ചക്ക പറിക്കുന്നതിനിടെ തള്ളിയിട്ട റബര്‍ മരം വീണ് രണ്ട് വൈദ്യുതി തൂണുകൾ തകര്‍ന്നു. തെരുവുവിളക്കും നശിപ്പിച്ചു. കുറുമ്പത്തൂര്‍ അലിയുടെ കമുകുകളും ചക്കാലകുന്നന് അഷ്റഫിന്റെ തെങ്ങുകളും മുതുകുറ്റി കുഞ്ഞാലിയുടെ റബര്‍ മരങ്ങളും കാട്ടാന നശിപ്പിച്ചു. വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു.
കൃഷിനാശം വിതച്ച് പ്രദേശത്ത് വിഹരിച്ച കാട്ടാന പിന്നീട് കാടു കയറുകയറി. വനയോര പ്രദേശമായ കച്ചേരിപ്പറമ്പില്‍ കാലങ്ങളായി കാട്ടാനശല്യമുണ്ട്. ചക്കയുടെ സീസണായതോടെ ശല്യം അധികരിച്ചു.
കൃഷിയെടുത്ത് ജീവിക്കാന്‍ പോലും കര്‍ഷകരെ വന്യജീവികള്‍ സമ്മതിക്കുന്നില്ല. വനാതിര്‍ത്തിയില്‍ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ മറികടന്നാണ് കൂട്ടമായി എത്തുന്നത്. 17 ഓളം വരുന്ന കാട്ടാനകള്‍ സ്ഥിരമായി കൃഷിയടങ്ങളിലെത്തി നാശം വിതക്കുന്നതായാണ് കര്‍ഷകര്‍ പറയുന്നത്. കാട്ടാനകളിറങ്ങുമ്പോള് വനപാലകരെത്തി പടക്കം പൊട്ടിച്ചും മറ്റും തുരത്തി പോകുന്നതല്ലാതെ കാടിറങ്ങി ജനവാസ മേഖലയിലേക്കുള്ള ഇവയുടെ വരവിന് തടയിടാന്‍ വനംവകുപ്പ് ശാശ്വതമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധവും നിലനില്‍ക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.