അകത്തെത്തറ: മലമ്പുഴ ഉൾക്കാട്ടിൽ നിന്നിറങ്ങിയ കാട്ടാനക്കൂട്ടം അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ ധോണിയിലും പരിസര പ്രദേശങ്ങളിലും വൻ നാശം വരുത്തി. വീടുകളുടെ ചുറ്റുമതിലും വേലികളും ചവിട്ടിപ്പൊളിച്ചും കുത്തി മറിച്ചുമിട്ടു. മരച്ചില്ലകൾ പിഴുതിട്ടും വാഴകൾ പിഴുതുതിന്നും കറങ്ങി. ധോണി മായാപുരം ക്വാറിക്ക് സമീപം താമസിക്കുന്ന റെജിമോന്റെ 10 സെൻറ് സ്ഥലത്തെ വീടിനോട് ചേർന്ന ചുറ്റുമതിൽ തകർത്തു. കിണറിലെ തുടി കെട്ടുന്ന കാലും പിഴുതെറിഞ്ഞു.
വീട്ടുകാർ ഉറക്കത്തിലായിരുന്ന സമയത്താണ് സംഭവം. ചൊവ്വാഴ്ച പുലർച്ചെയാണ് കാട്ടാനക്കൂട്ടം നാട്ടിൽ ഇറങ്ങിയത്. ചിന്നം വിളി കേട്ടാണ് പലരും ഞെട്ടിയുണർന്നത്. മായാംപുരം കോളനി ഭാഗത്തുനിന്നും നേരെ 18 ഏക്കർ എസ്റ്റേറ്റ് വഴി പുതുപ്പരിയാരം പഞ്ചായത്തിലെ അതിർത്തിപ്രദേശമായ നൊച്ചിപ്പുള്ളി, കോർമ ഭാഗത്തേക്കാണ് ആനകൾ പോയതെന്നാണ് നാട്ടുകാർ പറയുന്നത്. വനമേഖലയിൽനിന്ന് 500 മീറ്റർ മുതൽ മൂന്ന് കിലോമീറ്റർ വരെ അകലെ മാത്രമേ ജനവാസ മേഖലക്കുള്ളൂ. ഈ സാഹചര്യംമൂലം കാട്ടാന ഏതു വഴിയും ജനവാസ മേഖലയിൽ ഇറങ്ങാനുള്ള സാധ്യത കൂടുതലാണ്. മഴക്കാലം കഴിഞ്ഞാൽ പൊതുവേ കാട്ടാനശല്യം കൂടാറുണ്ട്.
വന്യമൃഗശല്യമുള്ള പ്രദേശമായതിനാൽ നാട്ടുകാർ സ്ഥാപിച്ച സി.സി.ടി.വി കാമറകൾ വഴിയാണ് ഒന്നിലധികം കാട്ടാനകൾ നാട്ടിലിറങ്ങി കാര്യം ബോധ്യമായത്. കാട്ടാനശല്യം നിയന്ത്രിക്കാൻ ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ജനമേഖലക്ക് അടുത്ത് വനാതിർത്തിയിൽ റെയിൽവേലി സ്ഥാപിക്കണമെന്ന ജനങ്ങളുടെ ആവശ്യവും അധികൃതർ അവഗണിച്ച മട്ടാണ്. ഒരു മാസം മുമ്പ് മായാപുരത്ത് ജനവാസ മേഖലക്ക് അടുത്ത് കാട്ട് കൊമ്പനും കുട്ടിയാനയും അടങ്ങിയ കാട്ടാനക്കൂട്ടം എത്തിയിരുന്നു. ഇടവേളക്കുശേഷം കാട്ടാനകൾ നാട്ടിലിറങ്ങുന്നത് ജനങ്ങളുടെ ഭീതി വർധിപ്പിച്ചിരിക്കുകയാണ്.
അലനല്ലൂർ: റബർ ടാപ്പിങ്ങിനെത്തിയ രണ്ടുപേർ കാട്ടാനകളുടെ മുന്നിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. എടത്തനാട്ടുകര എൻ.എസ്.എസ് റബർ തോട്ടത്തിൽ നിന്നാണ് ആക്രമണം ഉണ്ടായത്. ചെമ്പംകുന്നിൽ താമസിക്കുന്ന പൂയമ്മൽ മുകുന്ദൻ, കല്ലംപള്ളിയാലിൽ താമസിക്കുന്ന വടക്കേവീട്ടിൽ പങ്കജം എന്നിവരാണ് ആനകളുടെ മുന്നിൽപ്പെട്ടത്. ആനകൾ ഇവരുടെ നേർക്ക് വരുന്നതിനിടയിൽ റബർ പാൽ കൊണ്ട് വരുന്ന പാൽ കുറ്റികൾ ഉപേക്ഷിച്ച് രണ്ട് പേരും ജീവനും കൊണ്ട് ഓടി. മൂന്ന് ആനകളും ഒരു കുട്ടിയുമുണ്ട്. കപ്പിയിലെ മോടംകുന്നിൽ രാവിലെ ആറരയോടെയാണ് സംഭവം.
റബർ പാൽ കുറ്റികൾ ആനകൾ ചവിട്ടി നശിപ്പിച്ചിരുന്നു. മൂന്ന് ദിവസമായി ആനകൾ പ്രദേശത്ത് തമ്പടിച്ച് നിൽക്കുകയാണ്. എൻ.എസ്.എസ് എസ്റ്റേറ്റ് സോളാർ വേലികൾ സ്ഥാപിച്ചതിനാൽ കുറച്ച് കാലമായി ആനകൾ തോട്ടത്തിലേക്ക് പ്രവേശിച്ചിരുന്നില്ല. സോളാർ വേലി ചവിട്ട് പൊളിച്ചാണ് ആനകൾ തോട്ടത്തിലെത്തിയത്. കപ്പി ഭാഗത്ത് ആനക്കൂട്ടത്തിന്റെ ശബ്ദകോലാഹലങ്ങൾ കേൾക്കുന്നത് ഭീതിപടർത്തുകയാണ്. ടാപ്പിങ് തൊഴിലാളികൾ ശബ്ദ കോലാഹലങ്ങൾ ഉണ്ടാക്കിയാണ് തോട്ടത്തിലൂടെ സഞ്ചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.