പാലക്കാട്: ഇപ്പോ ശരിയാക്കി തരാം എന്നായിരുന്നു പാലക്കാട് നഗരസഭയുടെ ഉറപ്പ്. ഉദ്ഘാടനത്തിനിടെതന്നെ പലസമയങ്ങളിലും യന്ത്രപ്പടി നിശ്ചലമായപ്പോൾ നൽകിയ അതേ മറുപടിതന്നെയാണ് ഇപ്പോഴും പറയുന്നത്. സാങ്കേതികകാരണങ്ങളാല്‍ ഇടക്കിടെ പ്രവര്‍ത്തനരഹിതമാവുകയാണ് ശകുന്തള ജങ്ഷനിലെ യന്ത്രപ്പടി. ഫെബ്രുവരി 29ന് പാലക്കാട് നഗരസഭ കൊട്ടിഘോഷിച്ച് തുറന്ന യന്ത്രപ്പടിയാണ് അഞ്ചാംദിവസം മുതൽ പണിമുടക്കി തുടങ്ങിയത്. കേന്ദ്രമന്ത്രി വി.കെ. സിങ് ഉദ്ഘാടനം നിർവഹിച്ച യന്ത്രപ്പടിക്കാണ് ഈ അവസ്ഥ. നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ആറുകോടി ചെലവിലാണ് നിർമാണം.
അഞ്ചുവർഷം എടുത്താണ് പണി പൂർത്തീകരിക്കാൻ കഴിഞ്ഞത്. ചൊവ്വാഴ്ച മുതലാണ് മുനിസിപ്പൽ സ്റ്റാൻഡിൽനിന്ന് ജി.ബി റോഡിലേക്ക് കയറിവരുന്ന ഭാഗത്തുള്ള യന്ത്രപ്പടി ഇടക്ക് നിശ്ചലമാകുന്നത്. വൈദ്യുതിയിലുള്ള ഏറ്റക്കുറച്ചിലാണ് കാരണമായി പറയുന്നത്. റെയിൽവേ ഗേറ്റ് അടച്ചതോടെയാണ് മുനിസിപ്പൽ ബസ് സ്റ്റാൻഡിനെയും ടി.ബി റോഡിനെയും ബന്ധിപ്പിച്ച് യന്ത്രപ്പടി എന്ന ആവശ്യം ഉയർന്നത്. ബി.ജെ.പി ഭരിക്കുന്ന നഗരസഭ യന്ത്രപ്പടി നിർമിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒച്ചിഴയുന്ന വേഗത്തിലായിരുന്നു നിർമാണം. ഇതിനെതിരെ വ്യാപാരികൾ നിരന്തരം സമരവും നടത്തിയിരുന്നു. യന്ത്രപ്പടി പണി തന്നതോടെ ഇതിന് ചുറ്റുമുള്ള വ്യാപാരികളും ആശങ്കയിലായി. റെയിൽവേ ഗേറ്റ് അടച്ചതോടെ പ്രദേശത്ത് വ്യാപാരം പകുതിയിലധികം കുറഞ്ഞിരുന്നു. യന്ത്രപ്പടി വരുന്നതോടെ കച്ചവടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു.
ഇതിനാണ് തിരിച്ചടിയുണ്ടായത്. യന്ത്രപ്പടി ശരിയാക്കാൻ സ്ഥിരം ജീവനക്കാരെ നിയോഗിക്കേണ്ട അവസ്ഥയിലാണ് നഗരസഭ. യന്ത്രപ്പടി ഇടക്ക് നിശ്ചലമാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഇങ്ങനെയൊരു പ്രശ്നമുള്ളത് ആരും അറിയിച്ചിട്ടില്ലെന്നും അടുത്തദിവസം അന്വേഷിക്കുമെന്നും നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.