അകത്തേത്തറ: ബേക്കറി വിഭവങ്ങൾ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയത്തെ തുടർന്ന് ചികിത്സ തേടി. അകത്തേത്തറ നിവാസികളായ കുട്ടികൾ ഉൾപ്പെടെ 32 പേരാണ് കുടുംബാരോഗ്യ കേന്ദ്രത്തിലും വിവിധ ആശുപത്രികളിലും ചികിത്സ തേടിയത്.
നിലവിൽ 10 പേർ വിദഗ്ധ ചികിത്സയിലാണ്. അകത്തേത്തറ ചിത്ര ജങ്ഷനിലെ ബേക്കറിയിൽ നിന്നും, വ്യാഴാഴ്ച രാത്രി ഷവർമ ചിക്കൻ ബർഗർ, സാൻവിച്ച് എന്നിവ കഴിച്ചവർക്കാണ് മണിക്കൂറുകൾക്കകം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മയോണൈസ് ചേർത്ത വിഭവങ്ങൾ കഴിച്ചവർക്കാണ് കൂടുതൽ ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കടുത്ത പനിയും വയറിളക്കവും ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും ഇവർക്ക് അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെ പാലക്കാട് ജില്ല ആശുപത്രി, അകത്തേത്തറ കുടുംബാരോഗ്യകേന്ദ്രം, വിവിധ സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലാണ് ഇവർ ചികിത്സ തേടിയത്.
പ്രാഥമിക ലക്ഷണങ്ങൾ പ്രകാരം ഭക്ഷ്യ വിഷബാധയെന്നാണ് നിഗമനം. അകത്തേത്തറ സ്വദേശികളായ ഗോപിക (20), മഞ്ജുഷ (42), മഞ്ജുഷ കൃഷ്ണൻ (15), ശാരിക (14), ആദി ദേവ് (നാല്), ശ്രീരാഗ് (17), ഋതുശ്രീ (ഒമ്പത് ), കുഞ്ഞയ്യപ്പൻ പിള്ള, ഇദിത (10), രേഷ്മ (32), ശ്രേയസ് (ഒമ്പത് ), ശിഖ (എട്ട്), പുഷ്പ (35), റിതുൽ (12), ഹരിദാസ് (41), മേഥിനി (38), അശ്വിൻ (21) എന്നിവർ അകത്തേത്തറ കുടുംബാരോഗ്യ കേന്ദ്ര ത്തിലും അകത്തേത്തറ മൃദുൽ (13 ), രൂപക് (12 ), അഭിരാം പ്രവീൺ (14), ശ്രീരാം (13) എന്നിവർ ഒലവക്കോട് സായ് ആശുപത്രിയിലും ചികിത്സ തേടി.
ബേക്കറി ആരോഗ്യ വകുപ്പ് പരിശോധിച്ചു. മായം ചേർത്ത ചായപ്പൊടി പിടിച്ചെടുത്തു. വൃത്തിഹീനമായ ചുറ്റുപാടിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് ആരോഗ്യ- തദ്ദേശ ഉദ്യോഗസ്ഥ സംഘം സ്ഥിരീകരിച്ചു. ബേക്കറി അടച്ചിടാൻ നിർദ്ദേശം നൽകി. ഭക്ഷണവശിഷ്ടങ്ങൾ സൂക്ഷിച്ചത് സൂക്ഷ്മതയില്ലാത്ത സാഹചര്യത്തിലാണ്. ഇതിലൂടെ ഭക്ഷ്യവിഭവങ്ങൾക്ക് അണുബാധയുണ്ടായതാവാം ഭക്ഷ്യ വിഷബാധക്ക് ഹേതുവായതെന്നാണ് പ്രാഥമിക നിഗമനം. പരിശോധനക്ക് മെഡിക്കൽ ഓഫിസർ ഡോ. ശ്രുതി നമ്പ്യാർ, മലമ്പുഴ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ ഫസ്ല, ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്. രാമദാസ്, എസ്. സജീഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.