പാലക്കാട്: ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സാഹചര്യത്തിൽ ജില്ലയിൽ വ്യാപകമായി ഹോട്ടലുകൾ, ബേക്കറികൾ, ശീതള പാനീയ കടകൾ, കാറ്ററിങ് യൂനിറ്റുകൾ എന്നിവയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി.
പാലക്കാട് ടൗൺ, ഒറ്റപ്പാലം, നെന്മാറ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ രണ്ടു സ്ഥാപനങ്ങൾ വൃത്തിഹീനമായി കാണപ്പെട്ടതിനെ തുടർന്ന് അടച്ചുപൂട്ടി. 14 ഹോട്ടലുകൾക്ക് പിഴ അടക്കാൻ നോട്ടീസ് നൽകി. കൃത്രിമ നിറം ചേർത്ത് ഭക്ഷണം പാകം ചെയ്യുക, അടുക്കളയിൽ മലിന ജലം കെട്ടിക്കിടക്കുക, ഫ്രീസറിൽ വെജിറ്റേറിയൻ നോൺവെജിറ്റേറിയൻ ഭക്ഷണം ഒന്നിച്ചു സൂക്ഷിക്കുക, തലേദിവസം തയാറാക്കിയ അൽഫഹം, ഷവർമ എന്നിവ വിതരണം ചെയ്യുക എന്നിങ്ങനെ വിവിധ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. ജനുവരി 13 വരെ പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷ അസി. കമീഷണർ വി.കെ. പ്രദീപ് കുമാർ അറിയിച്ചു.
ജില്ലയിൽ രണ്ട് സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്. ഭക്ഷ്യ സുരക്ഷ ഓഫിസർമാരായ സി.എസ്. രാജേഷ്, ഒ.പി. നന്ദകിഷോർ, എ.എം. ഹാസില, ആർ. ഹേമ, എ. ജോബിൻ, തമ്പി, ഹിഷാം അബ്ദുല്ല ശ്രീമ, ചൈത്ര ഭാരതി, സി.പി. അനീഷ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്ന് അസിസ്റ്റന്റ് കമീഷണർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.