മുണ്ടൂർ: ധോണിയിൽ പുലിയെ പിടികൂടാൻ കെണി ഒരുക്കി വനം വകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം പുതുപ്പരിയാരം രണ്ടാം വാർഡില ധോണിയിലെ കാട്ടിൽപീടിക വീട്ടിൽ ശംസുദ്ദീന്റെ വളർത്ത് നായെയാണ് പുലി പിടികൂടി കാട്ടിൽ കൊണ്ടുപോയി പാതി ഭക്ഷിച്ചശേഷം ഉപേക്ഷിച്ചത്. വനപാലകരും ദ്രുതപ്രതികരണ സംഘവും സ്ഥലത്തെത്തി കാമറ സ്ഥാപിച്ചിരുന്നു. രാത്രിയോടെ പുലിക്കൂടും സ്ഥലത്തെത്തിച്ച് കെണി ഒരുക്കിയിരുന്നു.
അതേസമയം, വെള്ളിയാഴ്ച വൈകീട്ട് മുതൽ ശനിയാഴ്ച പുലരുംവരും നായെ പിടികൂടിയ സ്ഥലത്ത് വീണ്ടും പുലി വന്നത് കാമറയിൽ പതിഞ്ഞിട്ടില്ലെന്ന് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സാധാരണ ഗതിയിൽ ഒരു ഇരയെ പിടിച്ച ശേഷം മൂന്ന് മുതൽ ഏഴ് നാൾ വരെ പുലി ആ വഴി വരാൻ സാധ്യത കുറവാണെങ്കിലും തിന്നതിന് ബാക്കി ഉണ്ടാവാമെന്ന പ്രതീക്ഷയിൽ പുലി വരാനുള്ള സാധ്യത പാടെ തള്ളിക്കളയാനാവില്ലെന്ന് വനപാലകർ പറയുന്നു. പ്രദേശവാസികളുടെ ഭീതി അകറ്റാൻ ആർ.ആർ.ടി സ്ഥലത്ത് രാവും പകലും റോന്ത് ചുറ്റുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
അതിനിടെ ധോണിയിൽ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും പുലിപ്പേടി ഇരട്ടിച്ചു. പുതുപ്പരിയാരം ധോണിയിൽ തന്നെ പരിസരം കാടുമൂടിയ ആൾപാർപ്പില്ലാത്ത വീട്ടിൽ പുലിയെയും രണ്ട് പുലിക്കുഞ്ഞുങ്ങളെയും കണ്ട പശ്ചാത്തലവും തുടർസംഭവ വികാസങ്ങളും ജനങ്ങൾ ഭീതിയോടെയാണ് ഓർക്കുന്നത്. ഇവയിൽ ഒരു കുഞ്ഞിനെ തൃശൂരിലെ വന്യജീവി പരിപാലന കേന്ദ്രത്തിൽ മൂന്ന് മാസം പരിപാലിച്ചിരുന്നു. പീന്നിട് ഭക്ഷണരീതി മൂലം ആരോഗ്യം ക്ഷയിച്ച് കുഞ്ഞ് ചത്തിരുന്നു. തള്ളപ്പുലി കുഞ്ഞുങ്ങളിലൊന്നുമായി ഉൾക്കാട്ടിലേക്ക് പോയി. പിന്നീട് പുതുപ്പരിയാരത്ത് ഗാന്ധി നഗറിന് സമീപം പുലി ഇറങ്ങിയെന്ന അഭ്യൂഹം ഉയർന്ന സാഹചര്യത്തിൽ നിരീക്ഷണ കാമറ ഘടിപ്പിച്ചിരുന്നെങ്കിലും കാമറയിൽ കാട്ടുപൂച്ചയുടെ സാന്നിധ്യമാണ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.