പറമ്പിക്കുളം: ചെമ്മണാമ്പതി വഴി പറമ്പിക്കുളത്തേക്ക് റോഡ് നിർമാണം പുനരാരംഭിക്കണമെന്ന് ആദിവാസികൾ. 2020 ഒക്ടോബർ രണ്ടിന് നടന്ന വഴിവെട്ട് സമരത്തിനുശേഷം റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് സർക്കാർ തലത്തിൽ തടസ്സവാദങ്ങൾ ഉന്നയിച്ചിരുന്നു.
നിർമാണം നടക്കാത്തതിൽ പ്രതിഷേധിച്ച് മാസങ്ങൾക്കു മുമ്പ് 200ൽ അധികം ആദിവാസികൾ പഞ്ചായത്തിനു മുന്നിൽ സമരം നടത്തിയിരുന്നു. ചിറ്റൂർ തഹസിൽദാർ എൻ.എൻ. മുഹമ്മദ് റാഫി എത്തി സമരക്കാരും കലക്ടറുമായി ചർച്ച നടത്തി ആഗസ്റ്റിൽ കലക്ടർ ചർച്ചക്ക് എത്തുമെന്ന് ഉറപ്പ് നൽകിയപ്പോഴാണ് സമരം നിർത്തിവെച്ചത്.
പിന്നീട് കലക്ടർ പറമ്പിക്കുളത്ത് എത്തി റോഡിൽ ചെങ്കുത്തായ പ്രദേശത്തെ മണ്ണ് നീക്കം ചെയ്ത് ട്രക്ക് പാത്ത് നിർമിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും നടപ്പായില്ല. ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസമാണ് ചെമ്മണാമ്പതി - തേക്കടി റോഡ് പ്രശ്നം പരിഹാരമാകാതെ നീളാൻ കാരണം. വനാവകാശ നിയമത്തിലൂടെ 0.9975 ഹെക്ടർ ഭൂമിയാണ് 3800 മീറ്റർ ദൂരം വനപാതക്കായി വനംവകുപ്പ് വിട്ടുനൽകിയത്.
തേക്കടി മുതൽ മുടിവായ് വരെ വനപാത വെട്ടിയ ശേഷം ഭൂമിയുടെ നിയന്ത്രണം വനം വകുപ്പ് ഏറ്റെടുത്തു. മുടിവായ്ക്ക് സമീപം വൻ പാറക്കെട്ടുകൾ ഉള്ളത് മാറ്റാൻ നടപടി വേണമെന്ന ആവശ്യം ഇതുവരെ നടപ്പായില്ല. 66 മരങ്ങൾ മുറിച്ചു മാറ്റിയെങ്കിലും 80 ഡിഗ്രി കയറ്റം ശരിയാക്കാൻ സാധിച്ചിട്ടില്ല.
പാറക്കെട്ടുകൾ മാറ്റി വളവുകളിൽ വശങ്ങൾ കരിങ്കല്ല് കൊണ്ട് ബണ്ട് നിർമിച്ച് നീരൊഴുക്കുള്ള പ്രദേശങ്ങൾ തടസ്സപ്പെടുത്താതെ വനപാത യാഥാർഥ്യമാക്കാൻ സർക്കാർ അടിയന്തരമായി രംഗത്തുവരണമെന്ന് ഊരു മൂപ്പൻ രാമൻകുട്ടി ആവശ്യപ്പെട്ടു. എന്നാൽ, നടപടികൾ പുരോഗമിക്കുന്നതായി മുതലമട പഞ്ചായത്ത് പ്രസിഡൻറ് കൽപന ദേവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.