പാലക്കാട്: കൈത്തറി വസ്ത്രങ്ങളുടെയും കരകൗശല ഉൽപന്നങ്ങളുടെയും അപൂർവ വിരുന്നൊരുക്കി ‘ഗാന്ധി ക്രാഫ്റ്റ് ആൻഡ് വീവ് മഹോത്സവം’. കേന്ദ്ര കരകൗശല കമീഷണറുടെ കാര്യാലയത്തിന്റെ സംഘാടനത്തിൽ ഐ.എം.എ ഹാളിൽ നടക്കുന്ന പ്രദർശനോത്സവത്തിൽ പാലക്കാടിന്റെ തനത് ഖ്യാതി വിളിച്ചോതുന്ന കൈത്തറി തുണികളും കൈത്തൊഴിൽ ഉൽപന്നങ്ങളും ഏറെയുണ്ട്. ദേവാംഗപുരത്തുനിന്നുള്ള ഐശ്വര്യ ഹാൻഡ് ലൂം, നല്ലേപ്പുള്ളി ഇരട്ടക്കുളത്തുനിന്നുള്ള എസ്.ഡി ഹാൻഡ്ലൂം, എലപ്പുള്ളി വീവേഴ്സ്, കുത്താമ്പുള്ളിയിൽനിന്നുള്ള കൈത്തറി വസ്ത്രങ്ങൾ എന്നിവ വാങ്ങാൻ തിരക്കേറെയാണ്.
എടത്തറ ചന്ദ്രശേഖരപുരം ഗ്രാമത്തിൽനിന്നുള്ള ഗംഗോത്രി കുടുംബശ്രീയുടെ മാല, കമ്മൽ, ബ്രേസ്ലെറ്റ് ഉൾപ്പെടെയുള്ള ഫാൻസി ഉൽപന്നങ്ങളും മരത്തിൽനിന്ന് കടഞ്ഞെടുത്ത കരകൗശല വസ്തുക്കളും പരിസ്ഥിതി സൗഹൃദ ബാഗുകൾ, പിച്ചള പാത്രങ്ങൾ, സംഗീത ഉപകരണങ്ങൾ എന്നിവയുടെ സ്റ്റാളുകളും ശ്രദ്ധയാകർഷിക്കുന്നു. കൂനത്തറയിലെ കെ. വിശ്വനാഥ പുലവരുടെ തോൽപാവക്കൂത്ത് സംഘത്തിന്റെ സ്റ്റാളാണ് പ്രധാന ആകർഷണം. സംഘത്തിന്റെ പാവക്കൂത്ത് കഥാവതരണത്തിന്റെയും പാവനിർമാണത്തിന്റെയും വിവരങ്ങൾ ഇവിടെ ലഭ്യമാണ്. കുംഭാര സമുദായക്കാർ നിർമിക്കുന്ന നാടൻ ചട്ടികളും മൺപാത്രങ്ങളും മറ്റ് ഉൽപന്നങ്ങളും ഇവിടെ വിൽപനക്കുണ്ട്.
കൽപാത്തി തെരുവിലെ വനിതകളുടെ മുറവും മുള ഉൽപന്നങ്ങളും പ്രദർശനത്തിനുണ്ട്. ചെറിയ മുറത്തിന് 100 രൂപയും വലിയ മുറത്തിന് 150 രൂപയുമാണ് വില. ചേലക്കര കിള്ളിമംഗലത്തെ പുൽപായ നെയ്ത്തുസംഘത്തിന്റെ വൈവിധ്യമുള്ള പായകൾ, കളർ പോകാത്ത റോൾഡ് ഗോൾഡിന് സമാനമായ പിച്ചള കൊണ്ടുള്ള ഫാൻസി ഉൽപന്നങ്ങൾ എന്നിവ വീട്ടമ്മമാരെ ആകർഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.