പാലക്കാട്: കാൽനട യാത്രക്കാർക്ക് ദേശീയപാതയിലേക്കു നേരിട്ടുകടക്കാൻ ഒരുക്കിയ മെറ്റൽ ക്രോസ് ബാറുകൾ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല കലക്ടറുടെ ഉത്തരവു പ്രകാരം ദേശീയപാത അതോറിറ്റി അടച്ചു. ക്രോസ്ബാറുകളിലൂടെ നേരിട്ട് ദേശീയപാതയിലേക്കു പ്രവേശിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നെന്നു ചൂണ്ടിക്കാട്ടി പൊലീസ് കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ഇതിന്റെ ഭാഗമായി വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള 56 കിലോമീറ്റ൪ നാലുവരിപാതയിലെ മുപ്പതോളം ഭാഗത്തെ ക്രോസ്ബാറുകളാണ് അടച്ചത്. ഇവിടങ്ങളിൽ ഇനി മുതൽ നേരിട്ട് ദേശീയപാതയിലേക്ക് കടക്കാൻ സാധിക്കില്ല.
സിഗ്നൽ ജങ്ഷനിലെത്തി വേണം ദേശീയപപാത കുറുകെ കടക്കാൻ. പലതും ജനവാസ മേഖലയിലായതിനാൽ കാൽനട യാത്രക്കാർ കിലോമീറ്ററോളം ചുറ്റിവേണം സിഗ്നൽ ജങ്ഷനിലെത്താൻ.
സുരക്ഷ വർധിപ്പിക്കാനാണ് നടപടിയെങ്കിലും ക്രോസ്ബാറുകൾ അടച്ചതോടെ കാൽനട യാത്രക്കാർ ദുരിതത്തിലായി. കഞ്ചിക്കോട് വ്യവസായ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെ തൊഴിലാളികളും പ്രയാസത്തിലാണ്. ഇവർക്ക് കമ്പനിയിൽനിന്ന് ഇറങ്ങി കിലോമീറ്ററുകളോളം നടന്നുവേണം ദേശീയപാതയിലെ സിഗ്നൽ ജങ്ഷനിലെത്താൻ.
ഇത്തരം മേഖലകളിൽ മേൽപാലം ഉൾപ്പെടെയുള്ള ബദൽ സംവിധാനങ്ങളൊരുക്കണമെന്നാണ് ആവശ്യം. സംസ്ഥാനത്തേക്ക് പ്രവേശിക്കാനുള്ള പ്രധാന കവാടങ്ങളിൽ ഒന്നായ വാളയാർ വഴി ദിവസേന ചെറുതും വലതുമായ നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. പലയിടത്തും കാൽനടയാത്രക൪ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അപകടത്തിൽ പെടുന്നത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.