പാലക്കാട്: മൂന്നു ദിവസത്തെ രോഗസ്ഥിരീകരണ നിരക്ക് 30 ശതമാനത്തിൽ കൂടുതലായ സാഹചര്യത്തിൽ ജില്ലയിലെ എല്ലാ പൊതുപരിപാടികളും പൂർണമായി നിരോധിച്ചു.
മത, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പരിപാടികൾ നടത്താൻ അനുവദിക്കില്ലെന്ന് കലക്ടർ മൃൺമയി ജോഷി അറിയിച്ചു. ഉത്സവ ആഘോഷങ്ങൾക്കും പൊതു പരിപാടികൾക്കും നൽകിയ അനുമതി റദ്ദാക്കി. ഉത്സവങ്ങൾ കോവിഡ് മാനദണ്ഡം പാലിച്ച് ആചാരപരമായ ചടങ്ങ് മാത്രമായി നടത്തണം.
വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 50 പേരെ മാത്രം പങ്കെടുപ്പിക്കാം. പങ്കെടുക്കുന്നവർ നിർബന്ധമായും രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം. ഉത്തരവ് ലംഘിച്ചാൽ ചടങ്ങ് നടക്കുന്ന കെട്ടിട ഉടമക്കെതിരെ നടപടി സ്വീകരിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ 50 പേർക്ക് മാത്രം പ്രവേശനം.
എല്ലാ സർക്കാർ, അർധ സർക്കാർ, സഹകരണ, പൊതുമേഖല, സ്വയം ഭരണ സ്ഥാപനങ്ങളിലും നടത്തുന്ന യോഗങ്ങളും പരിപാടികളും ചടങ്ങുകളും ഓൺലൈനായി മാത്രം നടത്താൻ അനുമതി.
സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അതാത് വകുപ്പ് മേധാവികൾക്ക് അനുവദിക്കാം.
ഷോപ്പിങ് മാളുകളിലും, മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ജനത്തിരക്ക് ഉണ്ടാകാത്ത രീതിയിൽ മാത്രം പ്രവേശനം അനുവദിക്കാം.
ബാറുകൾ, ക്ലബുകൾ, ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, ഭക്ഷണശാലകൾ, തിയറ്ററുകൾ എന്നിവയിൽ 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയിൽ മാത്രം പ്രവേശനത്തിന് അനുമതി.
ബസുകളിൽ നിന്ന് യാത്ര അനുവദിക്കില്ല.
എല്ലാ ഗ്രാമസഭകളും വികസന സെമിനാറുകളും ഓൺലൈനായി മാത്രം നടത്തണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ആയതുമായി ബന്ധപ്പെട്ട ഹോസ്റ്റലുകളിലോ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് സ്ഥാപനം അടച്ചിടണം.
കൈകൾ സാനിറ്റൈസ് ചെയ്യുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ പാലിക്കുക. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു.
1920 പേർക്ക് കോവിഡ്
പാലക്കാട്: ജില്ലയില്‍ ബുധനാഴ്ച 1920 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1861 പേർ, ഉറവിടമറിയാതെ രോഗം ബാധിച്ച 33 പേർ, ആരോഗ്യ പ്രവർത്തകരായ 24 പേർ, വിദേശ രാജ്യങ്ങളിൽ നിന്നും വന്ന രണ്ടുപേർ എന്നിവർ ഉൾപ്പെടും.
511 പേർക്കാണ് രോഗമുക്തി. 36.07 ശതമാനമാണ് ബുധനാഴ്ചയിലെ രോഗ സ്ഥിരീകരണ നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.