നഗരസഭകളിൽ പരിശോധന; ഫയലുകൾ പിടിച്ചെടുത്തു

പാലക്കാട്: 'ഓപറേഷൻ ട്രൂ ഹൗസ്' എന്ന പേരിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി നഗരസഭകളിൽ നടത്തുന്ന പരിശോധനയുടെ ഭാഗമായി പാലക്കാട്, മണ്ണാർക്കാട്, പട്ടാമ്പി നഗരസഭകളിൽ പരിശോധന നടത്തി. ഫയലുകള്‍ പിടിച്ചെടുത്തു.

പാലക്കാട്, മണ്ണാർക്കാട് നഗരസഭകളിൽ കെട്ടിട നമ്പർ നൽകുന്നതിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. കെട്ടിട നമ്പർ അനുവദിക്കുന്നതിലും ഓൺലൈനിൽ ലൈസൻസ് അനുവദിക്കുന്നതിലും ക്രമക്കേട് നടന്നതായാണ് വിജിലൻസ്‌ കണ്ടെത്തൽ. രണ്ട് നഗരസഭകളിൽനിന്ന്‌ ഫയലുകൾ പിടിച്ചെടുത്തിട്ടുണ്ട്.

ക്രമക്കേട് നടന്നെന്ന് സംശയിക്കുന്ന കെട്ടിട നമ്പറുകളിൽ നേരിട്ട് പരിശോധന ആവശ്യമാണ്. വരുംദിവസങ്ങളിലും വിജിലൻസ് പരിശോധിക്കും. പട്ടാമ്പിയിൽ നടത്തിയ പരിശോധനയിൽ 300 സ്ക്വയർ മീറ്റർ വിസ്തീർണമുള്ള മൂന്ന് കെട്ടിടങ്ങളുടെ നിർമാണത്തിൽ ക്രമക്കേടുകൾ കണ്ടെത്തി.

അനുവദനീയമായ അളവിൽ കൂടുതൽ നിർമാണം നടത്തിയതും പാർക്കിങ് ഏരിയയുടെ അഭാവവുമെല്ലാം ഇതിൽ ഉൾപ്പെടും. ഫയലുകളിൽ വിശദ പരിശോധനക്കുശേഷം വിജിലൻസ് തുടർനടപടിക്ക് നിർദേശം നൽകും.

കോഴിക്കോട് കോർപറേഷനിലടക്കം കെട്ടിട നമ്പർ അനുവദിക്കുന്നതിൽ ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വിജിലൻസ് സംസ്ഥാനവ്യാപകമായി പരിശോധന നടത്തിയത്. 300 സ്ക്വയർ മീറ്റർ വിസ്തീർണമുള്ളതും കഴിഞ്ഞ ആറുമാസത്തിനിടെ നിർമാണ അനുമതി നൽകിയിട്ടുള്ളതുമായ കെട്ടിടങ്ങളിലാണ് പരിശോധന നടക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.