പാലക്കാട്: കാൽനൂറ്റാണ്ടു മുമ്പ് ഒരു ജൂൺമാസത്തിലെ മഴയോടൊപ്പമാണ് ജയരാമന് തന്റെ റെജിമെന്റിൽനിന്ന് തിരിച്ചുചെല്ലാനായി വിളിവരുന്നത്. സാധാരണ തിരിച്ചുപോക്കുമാത്രമായാണ് ജയരാമന്റെ പ്രായമായ മാതാപിതാക്കൾ അറിഞ്ഞിരുന്നുള്ളൂ എന്നതിനാൽ യുദ്ധമുഖത്തേക്കാണ് തങ്ങളുടെ മകൻ പോകുന്നതെന്ന ഭയം അവർക്കുണ്ടായില്ല. കരസേനയിൽ സുബേദാറായിരുന്ന ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ സ്വദേശിയായ ജയരാമൻ കാർഗിൽ യുദ്ധസമയത്ത് വാർഷികാവധിയിൽ നാട്ടിലായിരുന്നു. 1999 ജൂൺ അവസാന വാരത്തിലാണ് ഉടൻ റിപ്പോർട്ടു ചെയ്യാനായി വിളിവരുന്നത്. ജൂലൈ നാലിന് വൈകീട്ട് എട്ടിനുതന്നെ ജയരാമൻ യൂനിറ്റിൽ റിപ്പോർട്ട് ചെയ്തു. അഞ്ചിന് പുലർച്ചെ 200 ഓളം പേരുടെ യൂനിറ്റ് യുദ്ധമുഖത്തേക്ക് തിരിച്ചു. യൂനിറ്റ് സ്ഥിതിചെയ്യുന്ന ഡെല്ലോഗ്രയിൽ നിന്ന് പരേഡെല്ലാം കഴിഞ്ഞ് പലർച്ചെ നാല് മണിക്കാണ് യാത്രതിരിക്കുന്നത്. ജയരാമന്റെ വാഹനത്തിൽ യുദ്ധോപകരണങ്ങളായിരുന്നു ഉണ്ടായിരുന്നത്. ജയരാമന് പുമെ ഡ്രൈവർ മാത്രമേ വണ്ടിയിൽ ഉണ്ടായിരുന്നുള്ളൂ. അപ്രതീക്ഷതമെന്നു പറയട്ടെ , നൗഷേര എന്ന സ്ഥലത്ത് വാഹനം 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു. ആദ്യമറിച്ചിലിൽ തന്നെ വാഹനത്തിലെ യുദ്ധോപകരണങ്ങൾ വീണു. ചെറിയ ഒരു മരത്തിൽ വാഹനം തടഞ്ഞു നിന്നതിനാലുമാണ് ഇരുവരും രക്ഷപ്പെട്ടത്. രണ്ടു ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞാണ് ഇവർ പിന്നീട് യുദ്ധ സ്ഥലത്തേക്ക് എത്തിയത്. ലോകത്തിലെ ഏറ്റവും ദുഷ്കരമായ പാതയിലൂടെ സഞ്ചരിച്ച്, 800 കിലോമീറ്ററുകൾ രണ്ട് ദിവസത്തിനുള്ളിൽ പിന്നിട്ടാണ് കേണൽ പി.വി. ഭല്ലയുടെ നേതൃത്വത്തിലുള്ള 114 മീഡിയം റെജിമെന്റ് കാർഗിൽ എത്തുന്നത്. കനത്ത ബോംബാക്രമണത്തിനും ഷെല്ലാക്രമണത്തിനും ഇടയിൽ കാർഗിലിൽ തയ്യാറായി നിൽക്കുന്നതിനേക്കാൾ ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ മറ്റൊന്നും റെജിമെന്റിന് ഉണ്ടാകുമായിരുന്നില്ല. അതിന്റെ പ്രശസ്തിക്ക് അനുസൃതമായി 114 മീഡിയം റെജിമെന്റ് ഉടൻ തന്നെ അതിന്റെ ശക്തി പ്രകടിപ്പിക്കാനും ശത്രുവിനെ നശിപ്പിക്കാനും വിന്യസിച്ചു. യുദ്ധത്തിന്റെ അന്ത്യനാളുകളിൽ മിന്നൽ പ്രതികരണത്തോടെ ശത്രു സ്ഥലങ്ങളിൽ തീ പെയ്യിക്കാൻ കഴിഞ്ഞതായി അദ്ദേഹം ഓർക്കുന്നു. എണ്ണപ്പെട്ട 18 ദിവസങ്ങൾക്കുള്ളിൽ തങ്ങളുടെ യൂനിറ്റ് 2000 റൗണ്ടാണ് വെടിവെച്ചത്.
114 മീഡിയം റെജിമെൻറ് പാകിസ്താന് ഏറ്റവും ശക്തമായ ഭീഷണിയായി മാറാൻ കഴിഞ്ഞു എന്നതും അഭിമാനകരമായതായി ജയരാമൻ ഓർക്കുന്നു. യുദ്ധമുഖത്തുള്ള തങ്ങൾക്ക് ഒരുവിധ വിനിമയോപധികളും ഉണ്ടായിരുന്നില്ല. യൂനിറ്റ് തലവന്റെ നിർദേശങ്ങൾ അനുസരിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കാനും മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. അതിനാൽതന്നെ യുദ്ധകാലഘട്ടത്തിൽ വീടുമായോ മറ്റോ ഒരുതരത്തിലുള്ള ആശയവിനിമയങ്ങളും നടന്നിരുന്നില്ല.
22 വർഷത്തെ സേവനശേഷം 2001ൽ വിരമിച്ച ജയരാമൻ വിവിധ ടെലഫോൺ എക്ചേഞ്ചുകളിൽ സെക്യൂരിറ്റിയായും മലമ്പുഴ ഗാർഡനിൽ സെക്യൂരിറ്റി സൂപ്പർവൈസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യയും വിവാഹിതരായ മകനും മകളുമടങ്ങിയതാണ് ജയരാമന്റെ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.