ചെർപ്പുളശ്ശേരി: വെള്ളിനേഴിയിൽ രണ്ടരവയസ്സുകാരന്റെ ചികിത്സക്കായി നാടൊരുമിക്കുന്നു. തിരുവാഴിയോട് തിരുനാരായണപുരം തേക്കിൻകാട്ടിൽ വീട്ടിൽ രാമചന്ദ്രന്റെ മകൻ ആരുഷിന്റെ മജ്ജ മാറ്റിവെക്കലിന് കാരുണ്യ വിപ്ലവത്തിലൂടെ ചികിത്സാ സഹായ നിധി രൂപവത്കരിക്കാനൊരുങ്ങുകയാണ് ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരുങ്ങോട്ടുകുറുശ്ശിയും വെള്ളിനേഴി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും.
ആരുഷ് ഒരു വർഷമായി രക്താർബുദം ബാധിച്ച് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മജ്ജ മാറ്റിവെച്ചാലേ ജീവൻ നിലനിർത്താനാവൂ. അതിനാവശ്യമായ തുക കണ്ടെത്താനാണ് ഒക്ടോബർ ഒന്നിന് ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ ആറ് വരെ നീളുന്ന യജ്ഞം സംഘടിപ്പിക്കുന്നത്. ആറ് മണിക്കൂറിൽ 30 ലക്ഷം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.
വെള്ളിനേഴി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന യജ്ഞത്തിൽ മുഴുവനാളുകളെയും സഹകരിപ്പിക്കും. 20 പേരടങ്ങുന്ന 100 സ്ക്വാഡുകളായി തിരിഞ്ഞ് വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളും കയറിയിറങ്ങിയാണ് പണം ശേഖരിക്കുക.
ഓരോ സ്ക്വാഡിനും പരമാവധി 75 വീടുകളടങ്ങുന്ന ഒരു ബൂത്താണ് പ്രവർത്തന മേഖല. ഞായറാഴ്ച രാവിലെ എട്ടിന് അടയ്ക്കാപുത്തൂർ യു.പി സ്കൂളിൽ പി. മമ്മിക്കുട്ടി എം.എൽ.എ പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിക്കും. തുക വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനത്തിൽ കാനറാ ബാങ്ക് മാനേജർക്ക് കൈമാറും. സമാപന സമ്മേളനം മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനം
ചെയ്യും. ആവശ്യമായ തുകയിൽ കൂടുതൽ ലഭിക്കുന്നതിൽ 80 ശതമാനവും വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന നിർധന രോഗികൾക്കായും ബാക്കി വെള്ളിനേഴി ഗ്രാമപഞ്ചായത്തിന് പുറത്തുള്ള രോഗികൾക്കായും വിനിയോഗിക്കുമെന്ന് ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി. രമേഷ്, വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജയലക്ഷ്മി, ജില്ല പഞ്ചായത്തംഗം കെ. ശ്രീധരൻ, ജനറൽ കൺവീനർ ശങ്കർ ജി. കോങ്ങാട്, വെള്ളിനേഴി പഞ്ചായത്തംഗം സി. രാധാകൃഷ്ണൻ, ദയ ട്രസ്റ്റി മോഹൻദാസ് മഠത്തിൽ എന്നിവർ അറിയിച്ചു. ആരൂഷിനായി വെള്ളിനേഴി കാനറ ബാങ്ക് ശാഖയിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 110142383733, (ടി. രാമചന്ദ്രൻ), ഐ.എഫ്.എസ് കോഡ്: CNRB0001536, ജി പേ: 8848623980, ഫോൺ: 97 44 95 97 56, 70 12 91 35 83.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.