കൊടുവായൂൽ: കൊടുവായൂർ, കൊല്ലങ്കോട് സ്റ്റാൻഡുകളിൽ ബസുകൾ കയറാത്തതിനാൽ യാത്രക്കാർ ദുരിതത്തിൽ. കൊല്ലങ്കോട് സ്റ്റാൻഡിലേത് പൊലീസിന്റെ അനാസ്ഥയാണെങ്കിൽ കൊടുവായൂരിലേത് നിർമാണത്തിലെ അപാകതയാണ്. വർഷങ്ങൾക്കുമുമ്പ് കൊല്ലങ്കോട് പഞ്ചായത്ത് ഹാളിൽ ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് ബസുകൾ സ്റ്റാൻഡിൽ കയറണമെന്ന് തീരുമാനിച്ചത്. ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച സ്റ്റാൻഡിനകത്ത് ബസുകൾ കയറാത്തതിനാൽ യാത്രക്കാർക്ക് പ്രയോജനം ലഭിക്കാത്ത അവസ്ഥയാണ്. എല്ലാ ബസുകളും സ്റ്റാൻഡിൽ കയറണമെന്ന തീരുമാനം നടപ്പാക്കാൻ നടപടി വേണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് പഴക്കമേറെയുണ്ട്.
ലക്ഷങ്ങൾ ചിലവഴിച്ച് കൊടുവായൂരിൽ നിർമിച്ച സ്റ്റാൻഡ് സ്വകാര്യ വാഹനങ്ങൾക്കുള്ള പാർക്കിങ് കേന്ദ്രമായിരിക്കുകയാണ്. നിർമാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയാണ് ബസുകൾ വർഷങ്ങളായി സ്റ്റാൻഡിനെ ബഹിഷ്കരിക്കുന്നത്.
റോഡിൽനിന്ന് ബസ് സ്റ്റാൻഡിനകത്തേക്ക് കുത്തനെയുള്ള ഇറക്കം കാരണമാണ് ബസുകൾ കയറാത്തതെന്ന് ഉടമകൾ പഞ്ചായത്തിനെ അറിയിച്ചതായി ജീവനക്കാർ പറഞ്ഞു. ബസുകളുടെ അടിവശം കോൺക്രീറ്റിൽ തട്ടുന്നതിനാൽ ബസ് സ്റ്റാൻഡിലേക്കുള്ള റോഡിലെ ചരിവ് വെട്ടിപ്പൊളിച്ച് റീകോൺക്രീറ്റ് ചെയ്ത് ശരിയാക്കണമെന്നാണ് ബസ് ജീവനക്കാരുടെ ആവശ്യം. ഗതാഗത തടസം നീക്കാനുള്ള പ്രവർത്തനം നടത്തിയാൽ ബസുകൾ സ്റ്റാൻഡിൽ കയറുമെന്നാണ് കൊടുവായൂരിലെ യാത്രക്കാർ പറയുന്നത്. നിലവിൽ റോഡിൽ പൊരിവെയിലത്ത് ബസ് കാത്തുനിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.
ഗോവിന്ദാപുരം: സാമൂഹിക വിരുദ്ധരുടെ താവളമായി ഗോവിന്ദാപുരം ബസ് സ്റ്റാൻഡ്. രാത്രികളിലാണ് സാമൂഹിക വിരുദ്ധർ താവളമാക്കുന്നത്. സന്ധ്യയോടെ ആരംഭിക്കുന്ന മദ്യപരുടെ ശല്യം അർധരാത്രി വരെ നീളുന്നതിനാൽ സ്ത്രീകളുൾപ്പെടെ യാത്രക്കാർ ദുരിതത്തിലാണ്. കോവിഡ് ശക്തമായപ്പോൾ അതിർത്തിയിൽ പൊലീസ് പരിശോധനയുണ്ടായിരുന്നതിനാൽ സാമൂഹികവിരുദ്ധ ശല്യം കുറഞ്ഞിരുന്നു.
നിലവിൽ വീണ്ടും ശല്യമേറിയിരിക്കുകയാണ്. മദ്യപ സംഘങ്ങളുടെ വിളയാട്ടത്തിന് പുറമെ രാത്രികളിൽ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് കഞ്ചാവ് കൈമാറലും ചില്ലറ വിൽപനയുമുൾപ്പെടെ നടക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. ഗോവിന്ദാപുരത്ത് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.