കൊല്ലങ്കോട്: മരണക്കെണികളായി മംഗലം-ഗോവിന്ദാപുരം അന്തർ സംസ്ഥാനപാതയിലെ വളവുകൾ. മംഗലം മുതൽ ഗോവിന്ദാപുരം വരെയുള്ള റോഡിലെ വളവുകളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാൽപതിലധികം അപകട മരണങ്ങളാണുണ്ടായത്. പാതയിലെ ഇരുപതിലധികം വളവുകളിൽ ദിനംപ്രതി അപകടങ്ങൾ വർധിക്കുകയാണ്.
വളവുകളിൽ മുന്നറിയിപ്പ് ബോർഡുകൾ കാര്യക്ഷമമായി സ്ഥാപിക്കാത്തതും വീതി കുറഞ്ഞതുമാണ് ജീവനുകൾ പൊലിയുന്നതിന് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു. റോഡ് നിർമാണത്തിലെ അശാസ്ത്രീയത, വളവുകളിൽ കാഴ്ചമറയ്ക്കുന്ന മരങ്ങളും കുറ്റിക്കാടുകളും, റോഡ് നിർമാണത്തിലെ അപാകത ഇവ മിക്ക അപകടങ്ങളിലും വില്ലനാവുന്നു.
മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാത ദേശീയപാതയാക്കി ഉയർത്തി നാലുവരിയായി വികസിപ്പിക്കുമെന്ന് പ്രഖ്യാപനങ്ങളുണ്ടായിരുന്നെങ്കിലും അനിശ്ചിതത്വത്തിലാണ്. തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന ഗോവിന്ദാപുരം വരെയുള്ള 39 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള റോഡിൽ ഇതിനായി അഞ്ചിലധികം സർവേകൾ നടത്തിയിരുന്നു. ഭാരത്മാല പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും ആറ് വർഷത്തിലധികമായി തുടരുന്ന നടപടികൾക്ക് ഇപ്പോഴും ഒച്ചിന്‍റെ വേഗമാണ്. സ്വകാര്യ ഏജന്‍സിയാണ് ഉപഗ്രഹസസര്‍വേ നടത്തിയത്.
30മീറ്റര്‍ വീതിയിലും ചില പ്രദേശങ്ങളില്‍ 40 മീറ്റര്‍ വീതിയിലുമാണ് സർവേ നടത്തുന്നവര്‍ അടയാളപ്പെടുത്തിയത്. നിലവില്‍ പാതയുടെ മിക്ക പ്രദേശങ്ങളിലും 18-21 മീറ്റർ മാത്രമാണ് വീതി. 15 മീറ്റര്‍ വീതിയുള്ള നഗരപ്രദേശങ്ങളും ഇതിനിടയിലുണ്ട്.
സർവേ നടത്തുന്നവരിൽനിന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരില്‍നിന്നും ദേശീയപാതയുമായി ബന്ധപ്പെട്ട് ആധികാരിക മറുപടി ലഭിക്കാത്തതാണ് നാട്ടുകാരെ ആശങ്കയിലാക്കിയത്. നിലവിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മലയോരപാത വികസനമാണ് നാട്ടുകാർക്കുള്ള ഏകപ്രതീക്ഷ. മലയോരപാത വരുമ്പോൾ മംഗലം-ഗോവിന്ദാപുരം റോഡിലെ വളവുകൾ പരമാവധി നിവർത്തിയും സുരക്ഷ ഉറപ്പുവരുത്തിയും നിർമാണം നടക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. റോഡ് വികസനങ്ങൾ നടപ്പാകുന്നതുവരെ വളവുകളിൽ റിഫ്ലക്ടിവ് ബോർഡുകൾ സ്ഥാപിച്ച് അപകടം കുറക്കാനുള്ള ശ്രമം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.