മുതലമട: അംബേദ്കർ കോളനിവാസികളുടെ കുടിൽകെട്ടി സമരം 70ാം ദിനത്തിലെത്തിയതോടെ തല മുണ്ഡനം ചെയ്ത് പ്രതിഷേധം. കോളനിവാസികളിൽ ഒരുവിഭാഗത്തിന് പഞ്ചായത്ത് ഭവനപദ്ധതി അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ചക്ലിയ വിഭാഗക്കാരായ 40 കുടുംബങ്ങളാണ് ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നിൽ കുടിൽകെട്ടി സമരം നടത്തുന്നത്.
ഭൂസമര ഐക്യദാർഢ്യ സമിതി ചെയര്‍മാനും ആദിവാസി സംരക്ഷണസമിതി നേതാവുമായ മാരിയപ്പന് നീളിപ്പാറയുടെ നേതൃത്വത്തിൽ മാസാണി, ശിവരാജൻ, കാർത്തികേയൻ എന്നിവരാണ് തലമുണ്ഡനം ചെയ്തത്. കുഞ്ഞുങ്ങളെ സമരത്തിൽ പങ്കെടുപ്പിക്കുന്നതിനെതിരെ നിയമനടപടിയുണ്ടാകുമെന്ന് സമരക്കാരെ പൊലീസ് ഭീഷണിപ്പെടുത്തിയതായി നിളിപ്പാറ മാരിയപ്പൻ പറഞ്ഞു.
ആവശ്യങ്ങൾ പരിഗണിക്കുന്നത് വരെ മക്കളുമായി സമരം തുടരുമെന്ന് അംബേദ്കർ കോളനി നിവാസികളായ അമ്മമാർ പറഞ്ഞു. തല മുണ്ഡനത്തിനുശേഷം മുതലമട പഞ്ചായത്ത് ഓഫിസിന് മുന്നില്‍നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ കാമ്പ്രത്ത്ചള്ള ടൗണില്‍ അവസാനിച്ചു. എന്‍.എ.പി.എം ദേശീയ കണ്‍വീനര്‍ വിളയോടി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. മുതലമട ഭൂസമര ഐക്യദാർഢ്യ സമിതി കണ്‍വീനര്‍ വി.പി. നിജാമുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
സമരസമിതി നേതാക്കളായ മാരിയപ്പന് നീളിപ്പാറ, ശിവരാജ് ഗോവിന്ദാപുരം, സ്വരാജ് ഇന്ത്യ പാര്‍ട്ടി ജില്ല കണ്‍വീനര്‍ രമണൻ പാലക്കാട്, വെൽഫെയർ പാര്‍ട്ടി നെന്മാറ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഹനീഫ പോത്തമ്പാടം, തമിഴ് നലസംഘം ചിറ്റൂര്‍ താലൂക്ക് കണ്‍വീനര്‍ ഷെയ്ക്ക് മുസ്തഫ, അശോക് പുലാപ്പറ്റ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.