കൊല്ലങ്കോട്: 2018 ആഗസ്റ്റ് 15ലെ മഹാ പ്രളയത്തിൽ തകർന്നപാലം പുനർനിർമിക്കാത്തതുമൂലം സ്കൂളിലെത്താൻ പുഴയോട് മല്ലിടുകയാണ് വിദ്യാർഥികൾ. മുതലമട ചുള്ളിയാർമേട് ജി.എച്ച്.എസ് സ്കൂളിനു പുറകുവശത്ത് ഗായത്രിപ്പുഴക്ക് കുറുകെ നിർമിച്ച സ്കൂൾ പാലം (നടപ്പാലം) തകർന്നതോടെയാണ് ഈ പെടാപ്പാട്.
പട്ടർപള്ളം, തിരിമികുളമ്പ്, കിഴക്കേക്കാട്, നായ്ക്കചള്ള, പള്ളം എന്നിവിടങ്ങളിലേക്കുള്ള നൂറിലധികം വിദ്യാർഥികളാണ് ഈ പാലം ഉപയോഗിച്ചിരുന്നത്. പാലം തകർന്നശേഷം പുഴ കാൽനാടയായി മുറിച്ചുകടക്കണം. നിലവിൽ മഴമൂലം ജലനിരപ്പുയർന്ന് മീങ്കര ഡാമിൽ രണ്ടാം പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ച സാഹചര്യത്തിൽ ശക്തമായ ഒഴുക്കിൽ വിദ്യാർഥികൾ സാഹസികമായി ഗായത്രി പുഴ കടന്ന് സ്കൂളിലെത്തുന്നത് വർധിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ബസ് സർവിസ് മാത്രമുള്ള പ്രദേശങ്ങളിൽ യാത്ര ദുഷ്കരമായതിനാലാണ് നാല് കിലോമീറ്ററിലധികം കാൽനടയാത്ര ഒഴിവാക്കാൻ എളുപ്പമാർഗത്തിൽ തകർന്ന പാലം ഉണ്ടായ സ്ഥലത്ത് ഒഴുക്കുണ്ടായിട്ടും വിദ്യാർഥികൾ പുഴ കടക്കുന്നത്. പാലം തകർന്നതുമൂലം കോൺക്രീറ്റ് സ്ലാബുകൾക്കു മുകളിലൂടെ നടന്നാണ് വിദ്യാർഥികൾ സ്കൂളിലേക്കും തിരിച്ചും എത്തുന്നത്.
പുഴക്കുകുറുകെ ഷാളുകളും സാരിയും തമ്മിൽ ബന്ധിപ്പിച്ച കയർ സ്ഥാപിച്ചിരുന്നു. ഇവ തകർന്നതിനാൽ കൈകൾ പിടിച്ചാണ് വിദ്യാർഥികൾ പുഴ കടക്കുന്നത്. അധികൃതരുടെ അനാസ്ഥയാണ് മക്കൾക്ക് യാത്ര ദുരിതത്തിലാക്കിയതെന്ന് രക്ഷിതാവായ അബ്ദുൽ റഹ്മത്തുള്ള പറഞ്ഞു. മഴക്കാലത്ത് ഏതുസമയത്തും ഒഴുക്ക് വർധിക്കുമെന്നതിനാൽ അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്. ജില്ല പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിർമിച്ച പാലമാണ് തകർന്നത്. 48 ലക്ഷം രൂപയിൽ പാലം പുനർനിർമിക്കാൻ കരാറായതായും മഴ കഴിഞ്ഞാൽ നിർമാണ പണികൾ ആരംഭിക്കുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് താജുദ്ദീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.