കൊല്ലങ്കോട്: വികാരഭരിതമായിരുന്നു ആ യാത്രയയപ്പ് വേള. കുരുന്നുകൾ പൊട്ടിക്കരഞ്ഞത് കണ്ടുനിന്നവരെയും ഈറനണിയിച്ചു. ‘പോകരുത് മാഷേ’ എന്നു പറഞ്ഞ് അവർ അധ്യാപകനെ കെട്ടിപ്പിടിച്ചു. വടവന്നൂർ തങ്കയം ജി.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ എം. ഹസ്ബറലിയെയാണ് വിദ്യാർഥികളും പി.ടി.എ കമ്മിറ്റിയും പാചകത്തൊഴിലാളികളുമുൾപ്പെടെ എല്ലാവരും കണ്ണീരണിഞ്ഞ് യാത്രയാക്കിയത്. 2023 ജൂൺ 30നാണ് മീനാക്ഷിപുരം ജി.എച്ച്.എസിൽനിന്ന് തങ്കയം എൽ.പി സ്കൂളിലേക്ക് ഹസ്ബറലി പ്രധാനാധ്യാപകനായെത്തിയത്. മീനാക്ഷിപുരത്തും വിദ്യാർഥികൾ വികാരനിർഭരമായാണ് യാത്രയാക്കിയിരുന്നത്.
വിദ്യാർഥികളോടും സഹപ്രവർത്തകരോടും സൗമ്യമായി ഇടപഴകുന്ന മാഷ് കുട്ടികൾ പറയുന്ന ഏതു കാര്യവും കേൾക്കാനും മറുപടി നൽകാനും തയാറായിരുന്നു. നേരത്തേതന്നെ വിദ്യാലയത്തിലെത്തി ഏതു ജോലിയും അദ്ദേഹം ചെയ്തു. പേനയും പെൻസിലുമെല്ലാം വാങ്ങി നൽകി വിദ്യാർഥികളെ മക്കളെപ്പോലെ സ്നേഹിച്ചു. വിദ്യാലയത്തിലെ എല്ലാവരുടെയും മനസ്സ് കീഴടക്കിയാണ് ഹസ്ബറലിയുടെ യാത്രയയപ്പ്. ഇദ്ദേഹത്തെ ഒരു വർഷത്തേക്കെങ്കിലും വിദ്യാലയത്തിന് ലഭിച്ചത് വലിയ നേട്ടമായി കാണുന്നതായി പി.ടി.എ അംഗം സുബൈർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.