കൊല്ലങ്കോട്: മംഗളൂരു-രാമേശ്വരം ട്രെയിൻ സർവിസ് ആരംഭിക്കുമെന്ന റെയിൽവേയുടെ തീരുമാനത്തിലും കൊല്ലങ്കോട്ടുകാർക്ക് നിരാശ. കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിട്ടില്ലാത്തതാണ് കാരണം. നിരവധി തീർഥാടകരാണ് പഴനി, മധുര, ഏർവാടി, നാഗൂർ, മുത്തുപ്പേട്ട, രാമേശ്വരം തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്ക് കൊല്ലങ്കോട്, നെന്മാറ, മുതലമട, പുതുനഗരം, വണ്ടിത്താവളം, ചിറ്റൂർ എന്നീ പ്രദേശങ്ങളിൽനിന്നും മീറ്റർ ഗേജ് ഉണ്ടായ സമയത്ത് യാത്ര ചെയ്തിരുന്നത്.
ചെന്നൈ-പാലക്കാട്, അമൃത എക്സ്പ്രസുകൾക്ക് കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വർഷങ്ങൾക്ക് മുമ്പ് പി.കെ. ബിജു എം.പിയും എം.ബി. രാജേഷ് എം.പിയും നടത്തിയ സമരത്തെ തുടർന്ന് അമൃത എക്സ്പ്രസ് നിർത്തിയതല്ലാതെ ചെന്നൈ എക്സ്പ്രസ്സിന് കൊല്ലങ്കോട് ഇതുവരെ സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.
സ്റ്റോപ്പ് അനുവദിക്കുന്നതിനായി റെയിൽവേ മന്ത്രി, ദക്ഷിണ റെയിൽവേ, പാലക്കാട് ഡി.ആർ.എം, രമ്യ ഹരിദാസ് എം.പി എന്നിവർക്ക് റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ നിവേദനം നൽകിയെങ്കിലും നടന്നില്ല. എം.പി പാർലമെൻറിൽ ഇതിനുവേണ്ടി കാര്യക്ഷമമായി പ്രവർത്തിച്ചിട്ടില്ല എന്ന് റെയിൽ പാസഞ്ചർ അസോസിയേഷൻ ആരോപിച്ചു.
മീറ്റർ ഗേജ് സർവിസ് നടത്തുന്ന സമയങ്ങളിൽ കൊല്ലങ്കോട് നിന്ന് 300ൽ അധികം യാത്രക്കാരാണ് രാവിലെയും വൈകുന്നേരങ്ങളിലും ഉണ്ടായിരുന്നത്. ബ്രോഡ് ഗേജിലേക്ക് പരിവർത്തനം നടത്തിയതോടെ രാവിലെയും വൈകുന്നേരവുമുള്ള പാസഞ്ചർ ട്രെയിനുകൾ നിർത്തിവെച്ചു. ഇപ്പോൾ പുലർച്ചെ സമയങ്ങളിലും രാത്രികളിലും മാത്രം സർവിസ് നടത്തുന്ന ട്രെയിനുകൾ മാത്രമാണ് പാലക്കാട് -പൊള്ളാച്ചി റൂട്ടിൽ ഉള്ളത്.
തിരിച്ചന്തൂർ എക്സ്പ്രസ്സിനും അമൃത എക്സ്പ്രസ്സിനും മാത്രമാണ് കൊല്ലങ്കോട് സ്റ്റോപ്പ് ഉള്ളത്. മംഗളൂരു-രാമേശ്വരം എക്സ്പ്രസ്സിനും പാലക്കാട് -ചെന്നൈ എക്സ്പ്രസ്സിനും കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിക്കുന്നത് വരെ നിവേദനങ്ങൾ നൽകിക്കൊണ്ടിരിക്കുമെന്ന് റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് മുരുകൻ പറഞ്ഞു.
പാലരുവി എക്സ്പ്രസ് പഴനി വരെ ദീർഘിപ്പിക്കണമെന്നും എറണാകുളം മെമു പൊള്ളാച്ചി വരെ ദീർഘിപ്പിക്കണമെന്നും ഗുരുവായൂർ-രാ മേശ്വരം ട്രെയിൻ സർവിസ് ആരംഭിക്കണമെന്നുമുള്ള ആവശ്യങ്ങൾ റെയിൽവേ ബോർഡിന്റെ നിരവധി യോഗങ്ങളിൽ ചർച്ചകളായും നിവേദനങ്ങളായും ഉയർന്നിട്ടും നടപടി അകലെയാണ്. ആലത്തൂർ പാർലമെൻറ് മണ്ഡലത്തിൽ ഉൾപ്പെടുന്ന ഒരു സ്റ്റേഷനിലും നിർത്താതെ സർവിസ് നടത്തുന്ന ചെന്നൈ എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിക്കാൻ ഉയരുന്ന ശബ്ദങ്ങളോടുള്ള റെയിൽവേയുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.