പാലക്കാട്: ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞദിവസം പിരിച്ചുവിടപ്പെട്ട കുഴൽമന്ദം ബ്ലോക്ക് റൂറൽ ക്രെഡിറ്റ് സഹകരണ സംഘം ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്നത് കോടികളുടെ ക്രമക്കേടെന്ന് കണ്ടെത്തൽ. 4.85 കോടിയുടെ ക്രമക്കേടാണ് സംഘം വിവിധ സമയങ്ങളിലായി നടത്തിയത്.
ബിനാമി പേരിൽ പ്രസിഡൻറും ഭരണസമിതി അംഗങ്ങളും വായ്പയെടുക്കുക, നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും തുക തിരിച്ചുനൽകാതെ വഞ്ചിക്കുക തുടങ്ങി നൂറോളം പരാതികളാണ് സംഘത്തിനെതിരെ ലഭിച്ചത്. ഇത് അന്വേഷിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു. പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനാലാണ് ഭരണസമിതിയെ പിരിച്ചുവിട്ടതെന്ന് സഹകരണ സംഘം ജോയൻറ് രജിസ്ട്രാർ പറഞ്ഞു.
നിലവിൽ സംഘം അഡ്മിനിസ്േട്രറ്റർ ഭരണത്തിലാണ്. വായ്പാ തിരിമറി, സ്ഥിര നിക്ഷേപം തിരിച്ചുനല്‍കാതിരിക്കല്‍, രേഖകളില്ലാതെ വായ്പ അനുവദിക്കല്‍, അപേക്ഷകര്‍ അറിയാതെ വായ്പ പുതുക്കല്‍ തുടങ്ങിയ പരാതികളിലാണ് നടപടി. നിരവധി ആളുകളുടെ പേരിൽ 1.21 കോടി രൂപയുടെ വായ്പയെടുത്തു. 12 ആധാരങ്ങള്‍ ഗഹാന് ചെയ്തില്ല. 119 ആധാരങ്ങളില്‍ നിയമവശം രേഖപ്പെടുത്തിയില്ല. പ്രസിഡൻറ് ഉള്‍പ്പെടെ ഏഴുപേര്‍ എടുത്ത വായ്പക്ക് ആധാരവും മറ്റ് രേഖകളുമില്ല തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തട്ടിപ്പ് പുറത്തുവന്നതോടെ കോൺഗ്രസ് മണ്ഡലം പ്രസിഡൻറായിരുന്ന എൻ. വിനേഷ് സ്ഥാനം രാജിെവച്ചിരുന്നു.
എന്നാൽ സംഘം പ്രസിഡൻറ് സ്ഥാനത്ത് തുടർന്നു. സംഘം ഭരണ സമിതിയെ സഹകരണ സംഘം ജോയൻറ് രജിസ്ട്രാർ അനവസരത്തിലാണ് പിരിച്ചുവിട്ടതെന്ന് എൻ. വിനേഷ് പറഞ്ഞു. സംഘത്തിനെതിരെ ഒരു വ്യക്തി നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്. 2019 നവംബറിൽ അന്വേഷണം ആരംഭിച്ച സമയത്ത് സംഘത്തിൽ 16 കോടി 50 ലക്ഷം രൂപ നിക്ഷേപവും 16 കോടി രൂപ വായ്പയുമാണ് ഉണ്ടായിരുന്നത്.
നിലവിൽ 14.18 കോടി രൂപ നിക്ഷേപവും 12.89 കോടി വായ്പയുമുണ്ടെന്നും വിനേഷ് പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായി സംഘം ഭരണ സമിതിയെ പിരിച്ചുവിട്ടത് ഇടപാടുകാർക്കിടയിൽ ആശങ്ക ഉണ്ടാക്കാനിടയാകുമെന്ന് ഭരണസമിതി അംഗങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.