മുതലമട: കള്ളിയമ്പാറയിൽ ജനവാസ മേഖലയിലെത്തിയ പുലി വളർത്തുനായെ കൊന്നു. കള്ളിയമ്പാറ ജയേഷിന്റെ താമസസ്ഥലത്തിനടുത്ത് കൊപ്രക്കളത്തിലാണ് ചൊവ്വാഴ്ച പുലർച്ചെ പുലി നായെ കൊന്നത്. നായ്ക്കളുടെ ശബ്ദം കേട്ട് ഉണർന്ന ജയേഷും വീട്ടുകാരും പുലിയുടെതെന്ന് തോന്നിക്കുന്ന ശബ്ദം കേട്ടതോടെ പുറത്തിറങ്ങാതെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുലി നായെ പിടികൂടുന്നത് കണ്ടത്. നാല് വളർത്തുനായ്ക്കളിൽ ഒന്നിനെയാണ് പിടികൂടിയത്. നൂറിലധികം വീടുകളുള്ള പ്രദേശത്ത് എത്തിയത് പുലിയാണെന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.എസ്. മണിയന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. ജയേഷിന്റെ വീടിനു പിറകുവശത്ത് പുലിയുടെ കാൽപാടുകൾ കണ്ടെത്തി.
ജനവാസമേഖലയിൽ പുലി എത്തിയത് നാട്ടുകാരെ ഭീതിയിലാക്കി. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന് കർഷക സംരക്ഷണ സമിതി ഭാരവാഹി ഹരിദാസ് ചുവട്ടുപാടം ആവശ്യപ്പെട്ടു. പുലിയെ നിരീക്ഷിക്കുകയാണെന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.എസ്. മണിയൻ പറഞ്ഞു. ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ. ഗോപി, എ. ഉമ്മർ, വാച്ചർമാർ കെ. സുനിൽ, എം. സുബൈർ, വി. അഖിൽ എന്നിവരടങ്ങിയ സംഘമാണ് കള്ളിയമ്പാറയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.