നെന്മാറ: കരിമ്പാറ റോഡിൽ പകൽ സമയം പുലിയിറങ്ങി പട്ടിയെ പിടിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ തളിപ്പാടത്തിനും കരിമ്പാറക്കും ഇടയിലുള്ള പൊതുമരാമത്ത് റോഡിലാണ് സംഭവം. ആടുകളെ മേച്ച് വരികയായിരുന്ന പ്രദേശവാസി വാസുവിന്റെ പിന്നിലായി വന്ന രണ്ട് നായകളിൽ ഒന്നിനെയാണ് റോഡിന് നടുവിൽ വെച്ച് പുലി പിടിച്ചത്. സംഭവം കണ്ട് പേടിച്ച വാസു തളർന്നു വീണു. തൊട്ടു പിന്നിലായി വന്ന വാഹനം കണ്ട് പുലി പുലി നായയെ ഉപേക്ഷിച്ച് തൊട്ടടുത്ത കനാലിനു സമീപമുള്ള പൊന്തക്കാട്ടിലേക്ക് ഓടി.
രണ്ടാഴ്ച മുമ്പ് വാസുവിന്റെ തന്നെ മേയാൻ വിട്ട ആടിനെ പകൽ സമയം ഇതേ സ്ഥലത്ത് വെച്ച് പുലി പിടിച്ചിരുന്നു. വാസുവിന്റെ മറ്റൊരാടിനെ കൂട്ടിൽ നിന്നും ഒരു മാസം മുമ്പ് രാത്രിയിലും പുലി പിടിച്ചിരുന്നു.
സംഭവങ്ങൾ പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്. കൂട് സ്ഥാപിച്ച് പുലിയെ പിടിച്ച് പ്രദേശത്തെ ജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പുവരുത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. വനം വകുപ്പ് നടപടികൾ സ്വീകരിക്കാത്തതിൽ പ്രദേശവാസികൾ അമർഷം പ്രകടിപ്പിച്ചു. റോഡിന് തൊട്ടടുത്ത വനമേഖലയിൽ വൈദ്യുത വേലി പ്രവർത്തിക്കുന്നില്ലെന്നും പരാതി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.