പറമ്പിക്കുളം: പൂപ്പാറയിൽനിന്ന് വീരാസ്വാമിയും കുപ്പുസ്വാമിയും പുലർച്ചെ തന്നെ വോട്ടു ചെയ്യാൻ പോണ്ടി തുഴഞ്ഞെത്തി. മൂന്ന് കിലോമീറ്റർ കാൽനടയായും ഒന്നര മണിക്കൂർ പറമ്പിക്കുളം ഡാമിലൂടെ പോണ്ടിയിൽ തുഴഞ്ഞുമാണ് പറമ്പിക്കുളത്തെ ബൂത്തിലേക്ക് ഇവർ എത്തിയത്. മുതുവർ വിഭാഗത്തിൽപെടുന്ന 57 കുടുംബങ്ങളാണ് പൂപ്പാറ കോളനിയിലുള്ളത്. 140ൽ അധികം വോട്ടർമാരുള്ള കോളനിയിൽനിന്ന് നാൽപതോളം അംഗങ്ങൾ പോണ്ടിയിലാണ് എത്തിയത്. മറ്റുള്ളവർ 14 കിലോമീറ്റർ നടന്നും വാഹനത്തിലുമായി പറമ്പിക്കുളത്തേക്ക് വോട്ടു ചെയ്യാനെത്തി.
വനാന്തരത്തിലുള്ള പൂപ്പാറ കോളനിയിൽ പോളിങ് ബൂത്ത് അനുവദിക്കാത്തതാണ് ഇവർക്ക് കിലോമീറ്ററുകൾ താണ്ടേണ്ടി വന്നത്. പ്രായമായവരും അമ്മമാർക്കും ഒന്നര മണിക്കൂർ പറമ്പിക്കുളം ഡാമിനകത്ത് പോണ്ടിയിൽ തുഴഞ്ഞ് എത്തുന്നത് പ്രയാസമായതിനാൽ ഇ.ഡി.സിയുടെ വാഹനം സജ്ജീകരിച്ച് അതിലൂടെയാണ് എത്തിയത്. നാല് പോളിങ്ബൂത്തുകളിലായി 1492 വോട്ടർമാരാണ് പറമ്പിക്കുളത്തുള്ളത്. ഇതിൽ 764 സ്ത്രീകളും 728 പുരുഷന്മാരുമാണ്. കുയാർകുറ്റി ബൂത്തിൽ 82 പുരുഷന്മാരും 98 സ്ത്രീകളുമായി 180 വോട്ടുണ്ട്.
സുങ്കം കോളനിയിലെ ബൂത്തിൽ 155 പുരുഷന്മാരും 162 സ്ത്രീകളുമായി 317 വോട്ടർമാരുണ്ട്. പറമ്പിക്കുളത്ത് 275 സ്ത്രീകളും 266 പുരുഷൻമാരും ഉൾപ്പെടെ 541 വോട്ടർമാരും തേക്കടി കോളനിയിലെ ബൂത്തിൽ229 സ്ത്രീകളും 225 പുരുഷന്മാരുമായി 454 പേർ വോട്ടർമാരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.