പാലക്കാട്: യു.ഡി.എഫിന്റെ സ്ഥാനാർഥി പട്ടികയിൽ വി.കെ. ശ്രീകണ്ഠനും രമ്യഹരിദാസും വീണ്ടും ഇടംപിടിച്ചതോടെ ലോക്സഭയിലേക്ക് രണ്ടാം അങ്കത്തിന് ഒരുങ്ങി ഇരുവരും. നിലവിലെ മണ്ഡലങ്ങളായ വി.കെ. ശ്രീകണ്ഠൻ പാലക്കാടുനിന്നും രമ്യ ഹരിദാസ് പട്ടിക ജാതി സംവരണമണ്ഡലമായ ആലത്തൂരിൽ നിന്നുമാണ് വീണ്ടും ജനവിധി തേടുന്നത്.
വി.കെ. ശ്രീകണ്ഠന്റെ വരവോടെ പാലക്കാട് മണ്ഡലത്തിലെ മത്സര ചിത്രം തെളിഞ്ഞു. ശക്തമായ ത്രികോണ മത്സരത്തിനാണ് പാലക്കാട് മണ്ഡലം വഹിക്കുക. പാലക്കാട് ഡി.സി.സി പ്രസിഡന്റ് ആയിരിക്കെയാണ് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്. 2019ല്‍ സി.പി.എമ്മിന്റെ എം.ബി. രാജേഷിനെ 11637 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 38.81 ശതമാനം വോട്ടുകളാണ് വി.കെ. ശ്രീകണ്ഠന് ലഭിച്ചത്. വി.കെ. ശ്രീകണ്ഠന് 39,92,74 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 38,7637 വോട്ടുകളാണ് എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി. രാജേഷിന് ലഭിച്ചത്. ബി.ജെ.പി സ്ഥാനാർഥി സി.കൃഷ്ണകുമാറിന് 21,8556 വോട്ടുകള്‍ ലഭിച്ചു.
2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തോടെയാണ് ആലത്തൂരില്‍ നിന്നും രമ്യ ഹരിദാസ് വിജയിച്ചു കയറിയത്. അന്നത്തെ എം.പിയായിരുന്ന പി.കെ. ബിജുവിനെ 158968 വോട്ടുകള്‍ക്കാണ് രമ്യാ ഹരിദാസ് പരാജയപ്പെടുത്തിയത്. ഇടതുമുന്നണിയുടെ കോട്ട എന്നറിയപ്പെടുന്ന മണ്ഡലത്തിലായിരുന്നു രമ്യയുടെ ചരിത്ര വിജയം. ആകെയുള്ള വോട്ടില്‍ രമ്യ 53,3815 വോട്ടുകള്‍ നേടിയപ്പോള്‍ ഇടതുമുന്നണി സ്ഥാനാർഥി പി.കെ. ബിജു 37,4847 വോട്ടുകള്‍ നേടി. എൻ.ഡി.എ സ്ഥാനാർഥിക്ക് 8.81 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂ.
ഒറ്റപ്പാലം എൻ.എസ്.എസില്‍ പഠിക്കുന്ന കാലത്ത് വിദ്യാർഥി പ്രസ്ഥാനമായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്.
1993ല്‍ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായി. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സ്ഥാനവും അലങ്കരിച്ചു. മീറത്തിലെ ശോഭിത് സര്‍വകലാശാലയില്‍നിന്ന് ബി.എ. ഹിസ്റ്ററി ബിരുദം നേടി. 2012 മുതല്‍ കെ.പി.സി.സി സെക്രട്ടറിയായ വി.കെ. ശ്രീകണ്ഠന് ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരനാകുന്നത് ദീര്‍ഘമായ സംഘടനാ പ്രവര്‍ത്തന പരിചയത്തിന്റെ പിന്‍ബലത്തിലാണ്. 2000 മുതല്‍ ഷൊര്‍ണൂര്‍ മുനിസിപ്പാലിയിറ്റിയിലെ കോണ്‍ഗ്രസ് അംഗം. 2005, 2010, 2015 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ച് ജയിച്ചു. ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് അംഗം, കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവത്തിച്ചിട്ടുണ്ട്.
2011ല്‍ ഒറ്റപ്പാലത്തുനിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഷൊര്‍ണൂര്‍ കൃഷ്ണ നിവാസില്‍ കൊച്ചുകൃഷ്ണന്‍ നായരുടെയും വെള്ളാളത്ത് കാര്‍ത്യായനിയമ്മയുടെയും മകനാണ്. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും നെന്മാറ എന്‍.എസ്.എസ് കോളജിലെ അധ്യാപികയുമായ പ്രഫ. കെ.എ. തുളസിയാണ് ഭാര്യ. രാഗിണി ഏക സഹോദരി.
കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ രമ്യ, ഗാന്ധിയന്‍ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവര്‍ത്തകയായി. 2015ല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2012ല്‍ ജപ്പാനില്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന ടാലന്റ് ഹണ്ടിലൂടെ തെരഞ്ഞെടുക്കപ്പെട്ടാണ് രമ്യ ആലത്തൂര്‍ ലോകസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായത്.
കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരിലെ പാലാട്ട് മീത്തല്‍ വീട്ടില്‍ പി. ഹരിദാസിന്റെയും മഹിള കോണ്‍ഗ്രസ് നേതാവ് രാധയുടെയും മകളാണ്. എസ്.എസ്.എല്‍.സി വിദ്യാഭ്യാസത്തിനുശേഷം ഫാഷന്‍ ഡിസൈനിങ് കോഴ്സ്, പ്രീപ്രൈമറി ആന്റ് ഏര്‍ലി ചൈല്‍ഡ് ഹുഡ് എഡ്യൂക്കേഷന്‍ കോഴ്സ് എന്നിവ പഠിച്ചു. ജില്ല, സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയിട്ടുള്ള രമ്യ, നൃത്താധ്യാപികയായി ജോലിയും ചെയ്തു. അവിവാഹിതയാണ്.
പാലക്കാട്: സ്ഥാനാർഥി ചിത്രം തെളിഞ്ഞതോടെ ജില്ലയിൽ വേനൽച്ചൂടിനെ വെല്ലുന്ന തിരഞ്ഞെടുപ്പാവേശത്തിലാണ് മുന്നണികൾ. ചുമരെഴുത്ത് മുതൽ പോസ്റ്ററുകളും വലിയ ബോർഡുകളുമായി നഗര ഗ്രാമഭേദമന്യേ സ്ഥാനാർഥികൾ വോട്ടഭ്യർഥനയുമായി നിറഞ്ഞുനിൽക്കുന്നതാണ് കാഴ്ച.
പാലക്കാട് സിറ്റിങ് എം.പി വി.കെ. ശ്രീകണ്ഠനില്‍നിന്ന് മണ്ഡലം തിരിച്ചു പിടിക്കാന്‍ പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവനെ കളത്തിലിറക്കിയ സി.പി.എം ഇക്കുറി ജാഗ്രതയോടെയാണ് മുന്നോട്ടുപോകുന്നത്. സംസ്ഥാനത്ത് സി.പി.എം മത്സരത്തിനിറക്കുന്ന ഏക പി.ബി. അംഗമാണ് വിജയരാഘവന്. മുൻ പാലക്കാട് എം.പി കൂടിയായിരുന്ന വിജയരാഘവന് ഇത് അഭിമാനപ്പോരാട്ടമായതുകൊണ്ട് തന്നെ പഴുതുകളടച്ച പ്രചരണമാണ് സി.പി.എം മണ്ഡലത്തില്‍ ആസൂത്രണം ചെയ്തത്.
ബൂത്തുതല കമ്മിറ്റികളുടെ സംഘാടനം അന്തിമഘട്ടത്തിലാണ്. കഴിഞ്ഞ മാസം തന്നെ പ്രവര്‍ത്തകര്‍ ആദ്യഘട്ട ഗൃഹസന്ദര്‍ശനം പൂര്‍ത്തിയാക്കിയിരുന്നു. വ്യാഴാഴ്ച പാലക്കാട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷനും പൂർത്തിയാക്കിയിട്ടുണ്ട്. സ്ഥാനാർഥിയുടെ റോഡ് ഷോകളും ബഹുജന സമ്മേളനങ്ങളും മണ്ഡലത്തിൽ വിവിധയിടങ്ങളിൽ പുരോഗമിക്കുകയാണ്.
യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിനിടെ സിറ്റിങ് എം.പിമാരായ വി.കെ. ശ്രീകണ്ഠനും രമ്യ ഹരിദാസും പ്രചരണപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സമൂഹമാധ്യമങ്ങളിലും വോട്ടർമാർക്കിടയിലും ഒരുപോലെ സജീവമാണ് വി.കെ. ശ്രീകണ്ഠൻ. കഴിഞ്ഞ അഞ്ചുവർഷം എം.പിയെന്ന നിലയിൽ സ്ഥാപിച്ച വിപുലമായ വ്യക്തിബന്ധങ്ങൾ ഇക്കുറി തുണക്കുമെന്ന് തന്നെയാണ് ശ്രീകണ്ഠന്റെയും മുന്നണിയുടെയും പ്രതീക്ഷ. മണ്ഡലത്തിൽ സജീവമായ ശ്രീകണ്ഠന് വിജയം എളുപ്പമാണെന്ന് തന്നെയാണ് യു.ഡി.എഫ് വിലയിരുത്തൽ. ഏതാനും മാസങ്ങൾക്ക് മുമ്പേ ശ്രീകണ്ഠന് വോട്ടഭ്യർഥിച്ച് ഒലവക്കോടടക്കം പ്രവർത്തകർ ചുമരെഴുതിയത് ചർച്ചയായിരുന്നു.
സംസ്ഥാനത്ത് സ്ഥാനാർഥി പ്രഖ്യാപനത്തിന് മാസങ്ങൾക്ക് മുമ്പേ ബി.ജെ.പി പ്രചാരണമാരംഭിച്ച മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. നരേന്ദ്രമോദിക്കൊപ്പം കൃഷ്ണകുമാര്‍ നില്ക്കുന്ന പടുകൂറ്റന്‍ ബോര്‍ഡുകൾ മണ്ഡലത്തിൽ മിക്കയിടത്തും കാണാം. നാല് ആഴ്യോളമായി എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് സജീവമായിട്ട്. കൃഷ്ണകുമാറിന്റെ മണ്ഡലപര്യാടനം അവസാനഘട്ടത്തിലാണ്.
ഓദ്യോഗിക പ്രഖ്യാപനം വൈകുന്നതിനിടയിലും ഏതാനും ആഴ്ചകളായി ആലത്തൂർ മണ്ഡലത്തിലുടനീളം രമ്യഹരിദാസ് ഓടിനടന്ന് വോട്ടർമാരെ കാണുന്നുണ്ടായിരുന്നു. പാട്ടിന്റെ ആവേശവും ചുറുചുറുക്കും മാത്രമല്ല, കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് മണ്ഡലത്തിൽ ഉണ്ടാക്കിയ ബന്ധങ്ങളും തുണയാവുമെന്നാണ് രമ്യ കരുതുന്നത്. ചുമരെഴുതാൻ ബുക്ക് ചെയ്ത് പ്രഖ്യാപനത്തിന് കാത്തിരിക്കുകയായിരുന്നു പ്രവർത്തകരടക്കമുള്ളവർ. ഇതിനിടെ സമൂഹമാധ്യമങ്ങളിൽ രമ്യക്ക് വേണ്ടിയുള്ള പ്രചാരണപ്രവർത്തനങ്ങളും ശക്തമാണ്.
ആലത്തൂരിന്റെ മണ്ണിൽ ഇത്തവണയും വിജയമുറപ്പിക്കാൻ രമ്യ ഹരിദാസിറങ്ങുമ്പോൾ മണ്ഡലം പിടിച്ചെടുക്കാൻ സി.പി.എമ്മിന്റെ തുറുപ്പുചീട്ടാണ് മന്ത്രി കൂടിയായ കെ. രാധാകൃഷ്ണൻ. പ്രഖ്യാപനത്തോടെ തന്നെ രാധാകൃഷ്ണൻ മണ്ഡലത്തിൽ സജീവമാണ്. വോട്ടർമാരെ നേരിട്ട് കാണുന്നതിനൊപ്പം പ്രവർത്തകരുടെ യോഗങ്ങളിലും പങ്കെടുക്കുന്നു. കഴിഞ്ഞ തവണ പാർട്ടി പ്രവർത്തകരുടെ അതൃപ്തിയാണ് പി.കെ. ബിജുവിന്റെ തോൽവിയിലെ പ്രധാന കാരണങ്ങളിലൊന്നെന്ന് പാർട്ടിതലത്തിൽ വിലയിരുത്തലുണ്ടായിരുന്നു. ഇക്കുറി അടിത്തട്ടുമുതൽ പാർട്ടിയെ ശാക്തീകരിച്ചുകൊണ്ടുള്ള പ്രചാരണപ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ സി.പി.എം ആസൂത്രണം ചെയ്യുന്നത്.
എൽ.ഡി.എഫ് ലോക്സഭ മണ്ഡലം കൺവൻഷനുകൾക്കും യു.ഡി.എഫ് നേതൃയോഗങ്ങൾക്കും വ്യാഴാഴ്ച തുടക്കമായി. എൽ.ഡി.എഫ് അസംബ്ലി നിയോജക മണ്ഡലം കൺവൻഷനുകൾ 9, 10 തീയതികളിൽ നടക്കുമെന്ന് നേതൃത്വം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.