പാലക്കാട്: മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലാടിസ്ഥാനത്തില്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കാനെത്തുന്ന നവകേരള സദസ്സ് പാലക്കാട് ജില്ലയില്‍ ഈ മാസം ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. വെള്ളിയാഴ്ച തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം നിയോജകമണ്ഡലങ്ങളിലും ഡിസംബര്‍ രണ്ടിന് പാലക്കാട്, മലമ്പുഴ, കോങ്ങാട്, മണ്ണാര്‍ക്കാട് നിയോജകമണ്ഡലങ്ങളിലും ഡിസംബര്‍ മൂന്നിന് ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍ നിയോജകമണ്ഡലങ്ങളിലുമാണ് നവകേരള സദസ്സ് നടക്കുക. ഓരോ മണ്ഡലത്തിലും അയ്യായിരത്തില്പരം പേര് പങ്കെടുക്കും.
വെള്ളിയാഴ്ച രാവിലെ 11 ന് തൃത്താല നിയോജകമണ്ഡലതല നവകേരള സദസ്സ് ചാലിശ്ശേരി അന്‍സാരി ഓഡിറ്റോറിയം പരിസരത്തും പട്ടാമ്പി മണ്ഡലത്തിലേത് വൈകിട്ട് മൂന്നിന് പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ സംസ്കൃത കോളജിലും ഷൊർണൂരിലേത് വൈകിട്ട് 4.30 ന് ചെര്‍പ്പുളശ്ശേരി ജി.എച്ച്.എസ്.എസ് ഗ്രൗണ്ടിലും ഒറ്റപ്പാലം മണ്ഡലത്തിലേത് വൈകീട്ട് 5.30 ന് ചിനക്കത്തൂര്‍ കാവ് മൈതാനത്തും നടക്കും.
പാലക്കാട് മണ്ഡലത്തിലേത് ശനിയാഴ്ച രാവിലെ പത്തിന് പാലക്കാട് കോട്ടമൈതാനത്താണ് നടക്കുക. മലമ്പുഴ മണ്ഡലത്തിലേത് വൈകീട്ട് മൂന്നിന് മുട്ടിക്കുളങ്ങര സെക്കന്‍ഡ് ബറ്റാലിയന് പൊലീസ് ക്യാമ്പ് മൈതാനത്തും കോങ്ങാടിലേത് വൈകീട്ട് നാലിന് കോങ്ങാട് ടൗണിലും മണ്ണാർക്കാട് മണ്ഡലത്തിലേത് വൈകീട്ട് ആറിന് കിനാതി മൈതാനത്തുമാണ് നടക്കുക.
അവസാനദിനമായ ഞായറാഴ്ച രാവിലെ 11 ന് ചിറ്റൂര്‍ ബോയ്സ് ഹൈസ്കൂള്‍ മൈതാനിയിൽ ചിറ്റൂര്‍ നിയോജകമണ്ഡലതല നവകേരള സദസ്സ് നടക്കും. നെന്മാറയിലേത് വൈകീട്ട് മൂന്നിന് നെന്മാറ ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടിലും ആലത്തൂരിലേത് വൈകിട്ട് നാലിന് സ്വാതി ജങ്ഷനിലെ പുതുക്കുളങ്ങര കാവ് പറമ്പ് മൈതാനത്തും തരൂർ മണ്ഡലത്തിലേത് വൈകീട്ട് ആറിന് വടക്കഞ്ചേരി പ്രിയദര്‍ശിനി ബസ് സ്റ്റാന്‍ഡിലും നടക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പരിപാടി നടത്തുക.
തിരക്ക് നിയന്ത്രിക്കാന്‍ 500 ഓളം വളന്റിയര്‍മാരെയാണ് ഓരോ നിയോജകമണ്ഡലത്തിലും സജ്ജമാക്കിയിരിക്കുന്നത്. സന്നദ്ധ പ്രവര്‍ത്തകര്‍, പട്ടാമ്പി മണ്ഡലത്തിലെ മൂന്ന് കോളജുകളിലെ എന്‍.എസ്.എസ്, എന്‍.സി.സി കേഡറ്റുമാർ, വാതില്‍പ്പടി വളന്റിയര്‍മാര്‍, സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകര്‍ എന്നിവരാണ് വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നത്.
പ്രധാന കവാടം വരെ മാത്രമെ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകൂ. പ്രധാന വേദികളില്‍ 5000 പേര്‍ക്ക് ഇരിക്കാനും പതിനായിരത്തോളം പേര്‍ക്ക് തിരക്കില്ലാതെ നില്‍ക്കാനും സൗകര്യവും ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ സംവിധാനവും ശുചീകരണ സംവിധാനങ്ങളും എല്ലായിടത്തും ഒരുക്കിയിട്ടുണ്ട്.
വിവിധ മണ്ഡലങ്ങളിലെ നവകേരള സദസ്സുകളുടെ ഉദ്ഘാടനത്തിന് മുന്നോടിയായി കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. കോങ്ങാട് മണ്ഡലത്തില്‍ ഹരിതകർമ സേനയുടെ ഗാനമേള, ടോപ് സിങ്ങര്‍ ഫെയിം ശ്രീഹരിയുടെ പാട്ട്, ദീക്ഷിത് അവതരിപ്പിക്കുന്ന ഇന്സ്ട്രുമെന്റേഷനല് മ്യൂസിക്, ബ്ലോക്കുകളിലെ വജ്രജൂബിലി ഫെലോഷിപ് സംഘം അവതരിപ്പിക്കുന്ന പരിപാടികള്‍ തുടങ്ങിയവ നടക്കും.
മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളില്‍ റെഡ് ക്യാപ് മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന ഗാനവിരുന്ന്, തൃത്താലയില്‍ നാടന്‍പാട്ട്, പഞ്ചവാദ്യം, ഇടക്കവാദനം, ചവിട്ടുകളി തുടങ്ങിയവയുണ്ടാകും. ആലത്തൂരില്‍ പഞ്ചവാദ്യം, ബാന്‍ഡ് മേളം കരിമരുന്ന് പ്രയോഗം എന്നിവ ഉണ്ടാകും. ഗിന്നസ് ജേതാവ് കുഴല്‍മന്ദം രാമകൃഷ്ണന്റെ മൃദുതരംഗ് ഫ്യൂഷന്‍, ചേരാമംഗലം ചാമുണ്ണിയുടെ കറുപ്പും വെളുപ്പും, ലതാമോഹന്റെ പാപത്തറ എന്നീ നാടകങ്ങളും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.
തരൂരില്‍ സദസ്സിന് മുന്നോടിയായി വടക്കഞ്ചേരി റോളക്സ് ഓഡിറ്റോറിയം മുതല്‍ ഘോഷയാത്ര നടക്കും. തെയ്യം, പൂതന്‍ തിറ, കാവടി, റോളര്‍ സ്കേറ്റിങ്, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര സമ്മേളനവേദിയായ വടക്കഞ്ചേരി പ്രിയദര്‍ശിനി ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും. ഘോഷയാത്രയില്‍ 150 പേര് പങ്കെടുക്കും.
വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ കുളപ്പുള്ളി പള്ളിയാലില്‍ ഓഡിറ്റോറിയത്തിൽ പ്രഭാതയോഗത്തോടെയാണ് ജില്ലയിലെ നവകേരള സദസ്സിന് തുടക്കമാവുക. പ്രഭാതയോഗത്തില്‍ വിവിധ മേഖലകളിലെ ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ മേഖലകളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും.
ഡിസംബര്‍ രണ്ടിന് രാവിലെ ഒമ്പതിന് പാലക്കാട് നിയോജകമണ്ഡലത്തിലെ രാമനാഥപുരം ക്ലബ് 6 കണ്വെന്ഷന് സെന്ററിലും മൂന്നിന് രാവിലെ ഒന്‍പതിന് ചിറ്റൂര്‍ നിയോജകമണ്ഡലത്തില്‍ ചിറ്റൂര്‍ നെഹ്റു ഓഡിറ്റോറിയത്തിലും പ്രഭാതയോഗങ്ങൾ നടക്കും.
നവകേരള സദസ്സിൽ പൊതുജനങ്ങള്‍ക്ക് നിവേദനങ്ങള്‍ നല്‍കുന്നതിനുള്ള പ്രത്യേക കൗണ്ടറുകള്‍ മൂന്ന് മണിക്കൂര്‍ മുമ്പ് പ്രവര്‍ത്തനം ആരംഭിക്കും. എല്ലാ മണ്ഡലങ്ങളിലും പരാതികള്‍ സ്വീകരിക്കാന്‍ 20 കൗണ്ടറുകള്‍ വീതമാണ് സജ്ജീകരിക്കുക. ഭിന്നശേഷിക്കാർ, വയോജനങ്ങള്‍, വനിതകള്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകളുണ്ടാകും. ഒരു കൗണ്ടറില്‍ രണ്ട് ജീവനക്കാര്‍ വീതം ഉണ്ടായിരിക്കും. പൊതുജനങ്ങള്‍ വെള്ളക്കടലാസില്‍ എഴുതിയ നിവേദനങ്ങള്‍ കൗണ്ടറുകളില്‍ നല്കുന്ന പക്ഷം രസീത് കൈപ്പറ്റാവുന്നതാണ്.
ചെർപ്പുളശ്ശേരി/ പട്ടാമ്പി/ കൂറ്റനാട്:: നവകേരളസദസ്സ് മുൻനിർത്തി ചെർപ്പുളശ്ശേരി ടൗണിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഉച്ചക്ക് രണ്ട് മുതൽ ചെർപ്പുളശ്ശേരിയിൽ നിന്ന് പട്ടാമ്പി റോഡിലൂടെ പോകുന്ന ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ ഒറ്റപ്പാലം റോഡ്-എലിയപ്പറ്റ വഴി പോകണം. വൈകീട്ട് അഞ്ചു മുതൽ ഏഴു വരെ ചെർപ്പുളശ്ശേരി ടൗൺ -ഒറ്റപ്പാലം റോഡിലൂടെ പോകുന്ന ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
വലിയ വാഹനങ്ങൾ പട്ടാമ്പി റോഡിലെ സൂക്കി സൂ പ്പർ മാർക്കറ്റിന് എതിർവശത്തെ മൈതാനം, പുത്തനാൽക്കൽ കാളവേലപ്പറമ്പ്, പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും ചെറിയ വാഹനങ്ങൾ പട്ടാമ്പി റോഡിൽ ഷൈൻ ഗോൾഡിനു സമീപത്തെ മൈതാനം, ഹൈസ്കൂൾ റോഡ് കവലയിലെ കനറാ ബാങ്കിന് പിൻവശത്തെ മൈതാനം, പാലക്കാട് റോഡിലെ എം.ഇ.എസ് കോളജിന് എതിർവശം എന്നിവിടങ്ങളിലും പാർക്ക് ചെയ്യണം.
ഹൈസ്കൂൾ റോഡിൽ രാവിലെ എട്ടുമുതൽ ഗതാഗതം പൂർണമായി നിരോധിച്ചു. ഉച്ചക്ക് രണ്ടു മുതൽ പുത്തനാൽക്കൽ ക്ഷേത്രം മുതൽ നെല്ലായ സിറ്റി വരെയും ചെർപ്പുളശ്ശേരി ടൗൺ, ഒറ്റപ്പാലം റോഡ് ജങ്ഷൻ മുതൽ പത്താം മൈൽസ് വരെയും റോഡരികിലെ വാഹന പാർക്കിങ്ങിന് പൂർണമായ നിരോധനമുണ്ടാകും.
ഉച്ചക്ക് ഒന്നു മുതൽ പട്ടാമ്പി റോഡിലെ മഞ്ചക്കൽ മുതൽ പാലക്കാട് റോഡിലെ പുത്തനാൽക്കൽ ക്ഷേത്രം വരെയും ഒറ്റപ്പാലം റോഡിൽ പത്താം മൈൽസ് വരെയും റോഡിന് ഇരുവശത്തുമുള്ള പാർക്കിങ്ങിന് പൂർണമായ നിരോധമുണ്ടാകുമെന്നും പൊലീസ് ഇൻസ്പെക്ടർ ടി. ശശികുമാർ അറിയിച്ചു.
1. തിരുവേഗപ്പുറ, വിളയൂര്‍, കൊപ്പം ഭാഗത്ത് നിന്നും നവകേരള സദസ്സ് വേദിയിലേക്ക് വരുന്ന ബസുകള്‍ ശങ്കരമംഗലം, കൊടലൂര്‍ വഴി കൂമ്പന്കല്ലില് ആളുകളെ ഇറക്കി ചൂരക്കോട് ഭാഗത്തേക്ക് പോവണം.
2. തിരുവേഗപ്പുറ, വിളയൂര്‍, കൊപ്പം ഭാഗത്ത് നിന്നുള്ള കാറുകള്‍ ശങ്കരമംഗലം-കൊടലൂര്‍ വഴി സി.ജി.എം. സ്കൂള്‍ പാര്‍ക്കിങ് മൈതാനത്ത് പാര്‍ക്ക് ചെയ്ത് ആളുകളെ ഇറക്കണം.
3. മുതുതല ഭാഗത്ത് നിന്നും ഓങ്ങല്ലൂര്‍ ഭാഗത്ത് നിന്നും നവകേരള സദസ്സിലേക്ക് വരുന്ന ബസുകള്‍ പാലക്കാട് റോഡില്‍ എച്ച്.ഡി.എഫ്.സി. ബാങ്കിന് സമീപം പാര്‍ക്ക് ചെയ്ത് ആളുകളെ ഇറക്കണം.
4. മുതുതല ഭാഗത്ത് നിന്നും ഓങ്ങല്ലൂര്‍ ഭാഗത്ത് നിന്നും വരുന്ന കാറുകളും, ഇരുചക്ര വാഹനങ്ങളും പാലക്കാട് റോഡില്‍ പിഷാരടീസ് ഹോട്ടലിന് പിറകില്‍ പാര്‍ക്കിങ് മൈതാനത്ത് പാര്‍ക്ക് ചെയ്ത് ആളുകളെ ഇറക്കണം.
5. വല്ലപ്പുഴ ഭാഗത്ത് നിന്നും നവകേരള സദസ്സിന്റെ വേദിയിലേക്ക് വരുന്ന കാറുകള്‍ കൂമ്പന്കല്ലില് നിര്‍ത്തി ആളുകളെ ഇറക്കി സി.ജി.എം. സ്കൂള്‍ മൈതാനത്ത് പാര്‍ക്ക് ചെയ്യണം.
6. പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും ഗുരുവായൂര്‍, തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന ദീര്‍ഘദൂരയാത്രക്കാരുടെ വാഹനങ്ങള്‍ ഉച്ചക്ക് 12 മണിക്ക് ശേഷം തൃത്താല കൊപ്പം ഭാഗത്ത് നിന്നും മുതുതല, വെള്ളിയാങ്കല്ല്, തൃത്താല, കൂറ്റനാട് വഴി ഗുരുവായൂര്‍, തൃശൂര്‍ ഭാഗത്തേക്ക് പോകണം.
7. പാലക്കാട് ഭാഗത്ത് നിന്നും ഗുരുവായൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഉച്ചക്ക് 12ന് ശേഷം കുളപ്പുള്ളിയില്‍ നിന്നും തിരിഞ്ഞ് ചെറുതുരുത്തി, പള്ളം,കൂട്ടുപാത വഴി ഗുരുവായൂര്‍ ഭാഗത്തേക്ക് പോകണം.
8. മേലേ പട്ടാമ്പി ട്രാഫിക് സിഗ്നല്‍ മുതല്‍ അലക്സ് തിയറ്റര്‍ വരെയും ഗവ.കോളജ് മുതല്‍ കൂമ്പന്‍കല്ല് വരെയും റോഡിനിരുവശവും പാർക്കിങ്ങ് അനുവദിക്കില്ല.
കൂറ്റനാട് - ചാലിശ്ശേരി പാതയിൽ വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് ചാലിശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. സതീഷ് കുമാർ അറിയിച്ചു. രാവിലെ എട്ടു മുതൽ ഭാഗികമായും ഒമ്പതു മുതൽ പൂർണമായും ഗതാഗതം നിയന്ത്രണം ഉണ്ടാകും. കുന്നംകുളത്ത് നിന്ന് പട്ടാമ്പി ഭാഗത്തേക്കുള്ള വാഹനങ്ങൾ ഒറ്റപ്പിലാവ് - കോതച്ചിറ പെരിങ്ങോട് -കൂറ്റനാട് വഴിയും പട്ടാമ്പിയിൽ നിന്നുള്ള വലിയ വാഹനങ്ങൾ കൂട്ടുപാത - വട്ടുള്ളി - ചാത്തന്നൂർ - കറുകപുത്തൂർ - പെരിങ്ങോട് വഴി ചാലിശ്ശേരിയിലെത്തി കുന്നംകുളം ഭാഗത്തേക്കും പോകണം. പട്ടാമ്പിയിൽ നിന്ന് കുന്നംകുളം ഭാഗത്തേക്ക് വരുന്ന ബസും മറ്റു ചെറു വാഹനങ്ങളും കൂറ്റനാട് - തണ്ണീർക്കോട് - കരിമ്പ - ഹെൽത്ത് സെൻറർ - പി.പി. ഓഡിറ്റോറിയം വഴി കുന്നംകുളത്തേക്ക് പോകണം.
നവകേരള സദസ്സിനെത്തുന്ന വാഹനങ്ങൾ മൈതാനത്ത് ജനങ്ങളെ ഇറക്കിയ ശേഷം മുല്ലയം പറമ്പത്ത് കാവ് ക്ഷേത്രം മൈതാനത്ത് പാർക്ക് ചെയ്യണം. ഇരുചക്രവാഹനങ്ങൾ കദീജ മൻസിൽ സ്റ്റോപ്പിനടുത്ത് പുലിക്കോട്ടിൽ പാലസ് ഓഡിറ്റോറിയം പാർക്കിൽ മൈതാനത്തും , ഗാന്ധിനഗർ റോഡിലും പാർക്ക് ചെയ്യണം.
കൂറ്റനാട്: നവകേരളസദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാന്‍ തൃത്താല മണ്ഡലം ഒരുങ്ങി. കൂറ്റനാട്-പെരുമ്പിലാവ് റോഡില്‍ ചാലിശ്ശേരി സ്വകാര്യ ഓഡിറ്റോറിയത്തിലാണ് വേദി. 5000പേര്‍ക്കുള്ള ഇരിപ്പിടം,
സമീപത്തായി മെഡിക്കല്‍ സംഘവും കുടിവെള്ളവും കുടുംബശ്രീ പ്രവര്‍ത്തകരുടെ ചായവിതരണവുമുൾപ്പെടെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വാഹനപാര്‍ക്കിങ്ങിന് ചാലിശ്ശേരി മൈതാനത്ത് സൗകര്യപ്പെടുത്തി. ഇതുവഴി ഗതാഗതം പൂർണമായും നിയന്ത്രിച്ചിട്ടുണ്ട്. അത്യാവശ്യഘട്ടത്തില്‍ ഉപയോഗിക്കാൻ ആംബുലന്‍സ്, ഫയര്‍ഫോഴ്സ് എന്നിവ സജ്ജമാണ്.
കൂടാതെ പരാതികള്‍ സ്വീകരിക്കാന്‍ 20 കൗണ്ടറുകള്‍ തുടങ്ങി. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേക കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ടുമുതല്‍ അവസാന പരാതിയും സ്വീകരിക്കുന്നതു വരെ കൗണ്ടറുകൾ പ്രവർത്തിക്കും. പരിപാടിക്ക് മുന്നോടിയായി എട്ടുപഞ്ചായത്തുകളിലും വിളംബരജാഥകള്‍ നടത്തി.
സദസ്സ് നടത്തുന്ന സ്ഥലത്തിന്റെയും പരിസരത്തെയും സുരക്ഷ വിലയിരുത്താൻ പൊലീസ് ഉന്നത സംഘം സ്ഥലത്തെത്തിയിരുന്നു.
വലിയ വാഹനങ്ങളുടെ പാർക്കിങ്ങിനായി മുലയംപറമ്പ് ക്ഷേത്ര മൈതാനവും ഇരുചക്രവാഹനങ്ങൾക്കായി പുലിക്കോട്ടിൽ ഓഡിറ്റോറിയവുമാണ് സജ്ജീകരിച്ചിരിക്കുന്നത്. വാഹനങ്ങൾ ആളുകളെ ഇറക്കി ക്ഷേത്രമൈതാനിയിൽ പാർക്ക് ചെയ്യണം. ശുചീകരണത്തിന് ഹരിത കർമസേന രംഗത്തുണ്ടെന്നും സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
കൺവീനർ തഹസില്‍ദാര്‍ ടി.പി. കിഷോർ, ഭാരവാഹികളായ വി.കെ. ചന്ദ്രൻ, പി.എൻ. മോഹനൻ, ടി.പി. മുഹമ്മദ്, ടി.പി. കുഞ്ഞുണ്ണി, വി.പി. റജീന, പി.ആർ. കുഞ്ഞുണ്ണി, കെ. പ്രസാദ്, കെ.സി. കൃഷ്ണകുമാർ, പി.ആർ. മോഹനൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
ഷൊർണൂർ: നവകേരള സദസ്സിന് നഗരസഭ ലക്ഷം രൂപ നൽകിയതിൽ കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധിച്ചു. നഗരസഭ നിത്യച്ചെലവിന് പോലും ബുദ്ധിമുട്ടുമ്പോൾ സർക്കാറിന് ധൂർത്ത് നടത്താൻ തുക അനുവദിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. റോഡുകൾ മുഴുവൻ തകർന്ന് കിടക്കുകയാണ്.
ഓഫിസിലെത്തുന്ന പൊതുജനങ്ങൾക്ക് വിശ്രമിക്കാനുള്ള സൗകര്യം പോലുമില്ല. ഫ്രണ്ട് ഓഫിസിലെത്തുന്നവർക്ക് രശീതി എഴുതി നൽകേണ്ട ദുരവസ്ഥയാണെന്നും നഗരസഭാംഗങ്ങൾ കുറ്റപ്പെടുത്തി. കൗൺസിലിൽ ചർച്ചക്ക് മറുപടി പറയാതെ നഗരസഭ ചെയർമാൻ ഇറങ്ങിപ്പോവുകയാണുണ്ടായതെന്നും ഇവർ കുറ്റപ്പെടുത്തി.
വിയോജനക്കുറിപ്പെഴുതിയ അംഗങ്ങൾ പുറത്തിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഷൊർണൂർ വിജയൻ, കെ. കൃഷ്ണകുമാർ, ടി.കെ. ബഷീർ, പി.ആർ. പ്രവീൺ, ടി. സീന, സി. സന്ധ്യ, ശ്രീകല രാജൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.