വാളയാർ: സഞ്ചാരികളുടെ നിലക്കാത്ത പ്രവാഹത്തിൽ വീർപ്പുമുട്ടിയിരുന്ന മലമ്പുഴ വിനോദസഞ്ചാരകേന്ദ്രം അധികൃതരുടെ അവഗണനയിൽ. സ്വദേശികളോ വിദേശികളോ കാര്യമായി എത്തുന്നില്ലെന്ന് മാത്രമല്ല, അറ്റകുറ്റപ്പണികളോ വികസന പദ്ധതിയോ ഇല്ലാതെ നാശത്തിന്റെ വക്കിലാണ് ഇവിടെത്തെ സൗകര്യങ്ങൾ. പ്രതിവർഷം കുറഞ്ഞത് ഒരുകോടി രൂപയുടെ വരുമാനം മലമ്പുഴയിൽ നിന്നുണ്ടാകുന്നുണ്ടെങ്കിലും മലമ്പുഴയുടെ വികസനത്തിന് അവയെത്തുന്നില്ല.
ഉദ്യാനത്തിൽ അറ്റകുറ്റപ്പണി നടത്തിയിട്ട് കാലമേറെയായി. പുഷ്പങ്ങൾ വിരിഞ്ഞുനിന്നിരുന്ന മലമ്പുഴയിലെ മനോഹരമായ പൂന്തോട്ടത്തിൽ കാര്യമായി ചെടികളില്ല. ഉദ്യാനത്തിന്റെ മേൽനോട്ടത്തിനായി 160ലധികം ജീവനക്കാരുണ്ടെങ്കിലും കരിഞ്ഞുണങ്ങാനാണ് പൂന്തോട്ടത്തിനു വിധി. പെയിന്റടിക്കാതെ തുരുമ്പിച്ച വിളക്കുകാലുകൾ, പ്രവർത്തിക്കാത്ത മ്യൂസിക് ഫൗണ്ടൻ, കണ്ണികളറ്റു പോയ ഊഞ്ഞാലുകൾ, മൃഗങ്ങൾ കൈയൊഴിഞ്ഞ മൃഗശാല...! റോക്ക് ഗാർഡൻ നാശത്തിന്റെ വക്കത്താണ്.
അവിടെ ഇപ്പോൾ ചെടികൾ വളർന്നു കാടുപിടിച്ചു കിടക്കുന്നു. ജലസേചന വകുപ്പിന്റെ മാത്രം നിയന്ത്രണത്തിലായിരുന്ന മലമ്പുഴ ഉദ്യാനത്തിന്റേയും പാർക്കിന്റെയും നിയന്ത്രണം ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് നൽകിയതോടെയാണ് മലമ്പുഴയുടെ ഗതികേട് തുടങ്ങിയത്. ഉദ്യാനത്തിലെ ഒരു ബൾബ് ഫ്യൂസായാൽ അതു മാറ്റിയിടാൻ പോലും നിയമത്തിന്റെ നൂലാമാലകൾ കനിയണം. പുതുമകൾ നിലനിർത്താനുള്ള കഴിവ് ഇതിന്റെ ഭരണം ഏറ്റെടുത്ത ഉദ്യോഗസ്ഥർക്കില്ല. വൈകാതെ മലമ്പുഴയും അനുദിനം നാശത്തിലേക്കു നീങ്ങുമെന്നാണ് ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.