പാലക്കാട്: അമൃത എക്സ്പ്രസിൽ അൺ റിസർവർഡ് കോച്ചുകൾ പുനഃസ്ഥാപിക്കാത്തതിനാൽ തിരുവനന്തപുരത്തേക്കുള്ള രോഗികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ദുരിതത്തിൽ. മറ്റ് പല തീവണ്ടികളിലും അൺറിസർവർഡ് കോച്ചുകൾ റെയിൽവേ പുനഃസ്ഥാപിച്ചിട്ടും, അമൃതയിൽ മാത്രം ഇതുവരെയും അൺറിസർവഡ് കോച്ചുകൾ പുനഃസ്ഥാപിച്ചിട്ടില്ല. ജില്ലയിലെ ചില സ്വകാര്യ ബസ് ലോബികളുടെ സമ്മർദമാണ് ഇതിന് കാരണമെന്ന് ആക്ഷേപമുണ്ട്.
വിവിധ ആവശ്യങ്ങൾക്ക് തിരുവനന്തരപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലേക്ക് പോകുന്ന നിരവധി യാത്രക്കാരാണ് ദിവസവും അമൃത ഉപയോഗപ്പെടുത്തിയിരുന്നത്. കുറച്ചുമാത്രം ബസുകൾ സർവിസ് നടത്തുന്ന ജില്ലയിൽനിന്നും രാത്രിയിൽ ഏറെ കഷ്ടപ്പെട്ടാണ് യാത്രക്കാർ തെക്കൻ ജില്ലകളിലെത്തുന്നത്.
കോവിഡിന് മുമ്പ് രാത്രി ഒമ്പതിന് ഒലവക്കോട്ടുനിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ തിരുവനന്തപുരത്ത് എത്തും. റെയിൽവേയുടെ ഇപ്പോഴത്തെ നടപടി കാരണം ജില്ലയിൽനിന്നും തിരുവനന്തപുരം കാൻസർ കേന്ദ്രത്തിലേക്കുള്ള യാത്രക്കാരാണ് ഏറെ ക്ലേശിക്കുന്നത്. പഴനി, മധുര എന്നിവടങ്ങളിലേക്കുള്ള തീർഥാടകർക്കും ഈ തീവണ്ടി ഏറെ സൗകര്യപ്രദമാണ്. രാവിലെ ഒമ്പതിന് പഴനിയിൽ എത്തുന്ന തീവണ്ടി വൈകീട്ട് ആറിന് മധുരയിൽനിന്ന് പുറപ്പെട്ട് പഴനിയിൽ തിരികെയെത്തും.
രാത്രി 8.30ന് പാലക്കാട് എത്തുന്ന ട്രെയിൻ ഏറെ സൗകര്യമായിരുന്നു. എല്ലാ കോച്ചുകളും റിസർവേഷൻ ആക്കിയ നടപടി ഉടൻ പിൻവലിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.