കൊല്ലങ്കോട്: കൈകൾക്ക് കൈപ്പത്തിയില്ലാത്ത ഒറ്റമുറി ഒാലപ്പുരയിൽ താമസിക്കുന്ന സുജാതക്ക് സിവിൽ സൈപ്ലസ് വകുപ്പ് നൽകിയത് മുൻഗണനേതര റേഷൻ കാർഡ്.
മുതലമട റെയിൽവേ സ്റ്റേഷനുസമീപം പൂന്തോണിചള്ളയിൽ ഒാലപ്പുരയിലാണ് 48കാരിയായ സുജാത താമസിക്കുന്നത്. ആറുവർഷം മുമ്പ് പുരക്ക് തീപിടിച്ച് ദേഹമാകെ പൊള്ളലേറ്റാണ് സുജാതയുടെ കൈപ്പത്തികൾ നഷ്ടമായത്. കൂലിപ്പണിയെടുത്ത് കുടുംബം കഴിയവെയാണ് സുജാതയുടെ ജീവിതം ദുരിതപൂർണമാക്കി പൊള്ളലേറ്റത്. ഭർത്താവ് മണി കൂലിപ്പണിയെടുത്ത് ലഭിക്കുന്ന വരുമാനത്തിലാണ് കുടുംബം കഴിയുന്നത്.
ഏറെ പ്രയാസം സഹിച്ച് നേടിയെടുത്ത റേഷൻ കാർഡ് മുൻഗണനേതര വിഭാഗത്തിൽ ഉൾപ്പെട്ടതോടെ അതുകൊണ്ടും പ്രയോജനമൊന്നുമില്ലാത്ത അവസ്ഥയായി. അഗ്നിക്കിരയായ ഓലക്കുടിലിനുസമീപം മറ്റൊരു ഒറ്റമുറി കുടിൽ നിർമിച്ചാണ് ഇവർ വസിക്കുന്നത്. പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട സുജാതയും മണിയും മുതലമട പഞ്ചായത്തിൽ ഭവന പദ്ധതിക്കായി അപേക്ഷ നൽകി കാത്തിരിക്കുകയാണ്. റേഷൻ കാർഡ് മുൻഗണന വിഭാഗത്തിൽ ആക്കണമെന്നും വീടിനും ചികിത്സക്കും സഹായം നൽകണമെന്നുമുള്ള ആവശ്യവുമായി ജില്ല കലക്ടറെ സമീപിക്കാൻ ഒരുങ്ങുകയാണ് സുജാത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.