പറമ്പിക്കുളം: നാടെങ്ങും വിവരസാങ്കേതികവിദ്യ വികസനം കൊട്ടിഘോഷിക്കുമ്പോഴും മൊബൈൽ ഫോൺ റേഞ്ച് പോലും ഇല്ലാതെ ദുരിതജീവിതം നയിക്കുകയാണ് പറമ്പിക്കുളത്തെ ആറ് കോളനികൾ. പൂപ്പാറ, കുരിയാർകുറ്റി, തേക്കടി, അല്ലി മൂപ്പൻ, മുപ്പത് ഏക്കർ, കച്ചിതോട് കോളനിവാസികളാണ് മൊബൈൽ ടവർ പോലും ലഭിക്കാതെ ഒറ്റപ്പെടുന്നത്. ചുങ്കം, പറമ്പിക്കുളം ജങ്ഷൻ എന്നിവിടങ്ങളിൽ ബി.എസ്.എൻ.എൽ ടവർ, ടവർ കംപ്രസർ എന്നിവ ഉണ്ടെങ്കിലും മറ്റു കോളനികളിൽ ഇവയുടെ നെറ്റ് വർക്ക് റേഞ്ച് ലഭ്യമല്ല. കോവിഡ് സമയങ്ങളിൽ ഓൺലൈൻ പഠനത്തിനായി കിലോമീറ്ററുകൾ കടന്ന് കുന്നുകളും മലകളും കയറിയാണ് ആദിവാസി വിദ്യാർഥികൾ മൊബൈലിൽ പഠനം നടത്തിയത്. പറമ്പിക്കുളം സന്ദർശനത്തിന് ജില്ല കലക്ടർ എത്തിയ വേളയിൽ മൊബൈൽ നെറ്റ് വർക്ക് റേഞ്ച് എല്ലാ കോളനികളിലും ല്യമാക്കാനും ത്രിജി ടവറുകൾ സ്ഥാപിക്കാനും ബി.എസ്.എൻ.എൽ, സ്വകാര്യ മൊബൈൽ കമ്പനികൾ എന്നിവയുമായി ചർച്ച നടത്തി പരിഹാരം കാണുമെന്ന് അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.
തേക്കടി വനം ഓഫിസിനടുത്തുള്ള ഒരുസ്ഥലത്തു മാത്രം ഇടക്കിടെ റേഞ്ച് ലഭിക്കുന്നതിനാൽ മുള ഉപയോഗിച്ച് പ്രത്യേകം സ്റ്റാൻഡ് തയാറാക്കി അതിൽ ഫോൺ നിർത്തിവെച്ചാണ് പുറംലോകവുമായി വനംവകുപ്പ് ഉദ്യോഗസ്ഥരും കോളനിക്കാരും ബന്ധം നിലനിർത്തുന്നത്. പൂപ്പാറ, കുരിയാർകുറ്റി കോളനിവാസികൾക്ക് അത്യാഹിത ഘട്ടങ്ങളിൽ വാഹനങ്ങൾ ലഭിക്കാൻ പോലും കിലോമീറ്ററുകൾ നടന്ന് മലകൾ കയറി വേണം പുറം ലോകവുമായി ഫോണിൽ ബന്ധപ്പെടാൻ. തേക്കടി, കുരിയാർകുറ്റി, പൂപ്പാറ മേഖലകളിൽ മൊബൈൽ ടവറുകൾ സ്ഥാപിച്ച് വാർത്താവിനിമയ സംവിധാനം പറമ്പിക്കുളത്തെ എല്ലാ കോളനികളിലും എത്തിക്കണമെന്നാണ് ആദിവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.