ആലത്തൂർ: കാലം എത്ര മാറിയാലും പുതിയ വിഭവങ്ങളെന്തൊക്കെയുണ്ടായാലും പാലക്കാടൻ കാർഷിക മേഖലയിൽ ആലത്തൂരിലെ നേന്ത്രക്കായ വറുത്തതും ശർക്കര വട്ട് ഉപ്പേരിയും കാവശ്ശേരിയിലെ പപ്പടവുമില്ലാതെ ഓണസദ്യയില്ല. ഓണത്തിന് മുന്നോടിയായി കൊയ്തെടുത്ത പുതുനെല്ലിന്റെ അരിയിൽ ചോറുണ്ടാക്കി വാഴയിലയിൽ കറികളും ചോറും വിളമ്പുമ്പൊൾ അതിന്റെ ഒരറ്റത്ത് പപ്പടവും അതിനടുത്തായി നേന്ത്രക്കായ ചിപ്സ് നാലായി മുറിച്ചതും നേന്ത്രക്കായ മുറിച്ചുണ്ടാക്കിയ ശർക്കര വട്ട് ഉപ്പേരിയുടെ കഷ്ണണങ്ങളുമുണ്ടാകും. ഇതെല്ലാമുണ്ടെങ്കിലേ വിഭവങ്ങൾ പൂർണമാകൂ എന്നതാണ് സദ്യവട്ടത്തിലെ ചിട്ട.
നേന്ത്രക്കായ വറുത്തതും പപ്പടവുമെല്ലാം എല്ലായിടത്തും കിട്ടുമെങ്കിലും നിർമാണ രീതിയിലെ മാറ്റത്തിലാണ് ഇവ വേറിട്ടുനിൽക്കുന്നത്. 280 രൂപ മുതൽ 440 വരെയാണ് നേന്ത്ര കായ ചിപ്സ് കിലോക്ക് ആലത്തൂരിലെ വില. 200 മുതൽ 400 വരെയാണ് ശർക്കര വട്ട് ഉപ്പേരിയുടെ വില. പപ്പടത്തിന് 120 മുതൽ 200വരെയാണ് 100 എണ്ണമുള്ള കെട്ടിന്റെ വില.
മൂപ്പെത്തിയ നാടൻ നേന്ത്രക്കായ തെരഞ്ഞെടുത്ത് ഗുണമേന്മയുള്ള വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്നതാണ് ചിപ്സിന് രുചി കൂട്ടുന്നത്. ആദ്യകാലത്ത് കായ തൊലി കളഞ്ഞ് വറുവലിനായി ചെത്തുന്നത് പ്രത്യേക തരം കത്തികൊണ്ടായിരുന്നു. എന്നാലിപ്പോൾ യന്ത്രം ഉപയോഗിച്ചാണ് ചെത്തുന്നത്. നേത്രക്കായയുടെ തൊലി കളഞ്ഞ് കഷണങ്ങളായി മുറിച്ച് വറുത്തെടുത്ത് ശർക്കര പാവിൽ കൂട്ടിയെടുക്കുന്നതാണ് ശർക്കര വട്ട് ഉപ്പേരി. ഇതിന്റെയും നിർമാണത്തിലെ വ്യത്യസ്തത തന്നെയാണ് വിലയിലും മാറ്റം വരുത്തുന്നത്. ഉഴുന്ന് മാവ്, ഉപ്പ്, കായം, ജീരകം, കാരം എന്നിവ ചേർത്താണ് പപ്പടം നിർമിക്കുന്നത്. മാവിന്റെ മേന്മ മുതൽ കാലാവസ്ഥ വരെ അനുകൂലമായാലേ പപ്പടത്തിന് ഗുണവും രുചിയും കൂടൂ. ആലത്തൂരിന്റെ പ്രധാന പപ്പട നിർമാണ മേഖലയാണ് കാവശ്ശേരിയിലെ വേപ്പിലശ്ശേരി. അവിടെ പപ്പടം നിർമാണം കുലതൊഴിലായി സ്വീകരിച്ച ഒരു വിഭാഗമുണ്ട്. കുരുക്കൾ എന്നാണ് ഇവർ അറിയപ്പെടുന്നത്. കാവശ്ശേരി പപ്പടം പ്രസിദ്ധമാണ്. പപ്പട നിർമാണത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളും ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.