ഒറ്റപ്പാലം: നഗരം കേന്ദ്രീകരിച്ച് സ്ഥാപിക്കുന്ന പുതിയ മലിനജല ശുദ്ധീകരണ ശാലയുടെ (സ്വീവേജ് വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ്) നിർമാണ പ്രവർത്തങ്ങളുടെ മുന്നോടിയായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി നഗരസഭ അധികൃതർ ചർച്ച നടത്തി.പൈപ്പുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡുകൾ പൊളിക്കേണ്ട സാഹചര്യത്തെ മുൻ നിർത്തിയായിരുന്നു ചർച്ച.
നഗരസഭ അധ്യക്ഷ കെ. ജാനകിദേവി, ഉപാധ്യക്ഷൻ കെ.രാജേഷ്, പോതുമരാമത്ത് വകുപ്പ്, റെയിൽവേ തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരും കരാർ സ്ഥാപനത്തിന്റെ പ്രതിനിധിയും ചർച്ചയിൽ പങ്കെടുത്തു. കാലതാമസമില്ലാതെ അനുമതി നൽകാമെന്ന് വിവിധ വകുപ്പ് മേധാവികൾ ചർച്ചയിൽ ഉറപ്പ് നൽകിയതായി നഗരസഭാധികൃതർ പറഞ്ഞു. കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 17 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയാണിത്. നഗരസഭ ബസ് സ്റ്റാൻഡിന് പുറകിലുള്ള 52 സെൻറിലാണ് പ്ലാൻറ് ആരംഭിക്കുന്നത്.
നഗരത്തിലെ മുഴുവൻ മലിന ജലവും പ്ലാൻറിലെത്തിച്ച് ശുദ്ധീകരിച്ച് വീണ്ടും ഉപേയാഗിക്കാവുന്നതാണ് പദ്ധതി.ചെർപ്പുളശ്ശേരി, കണ്ണിയംപുറം, സെൻഗുപ്ത റോഡ് ജങ്ഷനുകളിലും കിഴക്കേ തോട്ടുപാലം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും പദ്ധതിയുടെ ഭാഗമായി പമ്പ് ഹൗസുകൾ സ്ഥാപിക്കും.
ശുദ്ധീകരണത്തിലൂടെ ലഭിക്കുന്ന ജലം നിർമാണ മേഖലക്കും തോട്ടം നനക്കുന്നതിനും നൽകും. ശേഷിക്കുന്ന ജലം പുഴയിൽ ഒഴുക്കും. നഗരത്തിലെ മലിനജലം ബസ് സ്റ്റാൻഡ് പരിസരത്ത് തളം കെട്ടിനിൽക്കുന്നത് മൂലമുള്ള പ്രദേശവാസികളുടെ പരാതികൾ ഓരോ മഴക്കാലത്തും പതിവാണ്.ജനവാസമേഖലകളിലൂടെ ഒഴുകി കണ്ണിയംപുറം തോട്ടിലും തുടർന്ന് മുഖ്യ കുടിവെള്ള സ്രോതസായ ഭാരതപ്പുഴയിലും മലിന ജലമെത്തുന്നതിനെതിരെ കാലങ്ങളായി പരാതിയുണ്ട്. എറണാകുളം ആസ്ഥാനമായ സ്വകാര്യ കമ്പനിക്കാണ് നിർമാണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.