ഒറ്റപ്പാലം: വിപണിയിൽ മത്സ്യത്തിനും പൊള്ളുന്ന വില. പച്ചക്കറിക്കൊപ്പം മത്സ്യത്തിനും വില കുതിക്കുന്ന സാഹചര്യത്തിൽ പലരുടെയും കുടുംബ ബജറ്റ് താളംതെറ്റി തുടങ്ങി. ന്യൂനമർദവും മറ്റുമായി സംസ്ഥാനത്ത് മത്സ്യലഭ്യത കുറഞ്ഞതും അയൽ സംസ്ഥാനങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്നതുമാണ് മത്സ്യ വ്യാപാരമേഖലക്ക് തിരിച്ചടിയായതെന്ന് വ്യാപാരികൾ പറയുന്നു. കടൽ മത്സ്യങ്ങൾക്ക് നേരിട്ട ക്ഷമാവും വിലവർധനയും നാട്ടിലെ ഡാമുകളിലും കുളങ്ങളിലും വളർത്തുന്ന മത്സ്യങ്ങളുടെ വില കൂട്ടാനും അവസരമായി.
സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന മത്തിക്ക് മേനിപറയാനൊന്നുമില്ലെങ്കിലും കിലോക്ക് 260 രൂപ നൽകണം. അയലക്ക് 240ഉം ചൂരക്ക് 220ഉം അയില ചെമ്പാന്‍ 160 രൂപയുമാണ് ബുധനാഴ്ചത്തെ വിലനിലവാരം. ഏതാനും ദിവസം മുമ്പ് വരെ 200-220 രൂപക്ക് ലഭിച്ചിരുന്ന തിണ്ടയും കോലാനും വില ഇരട്ടിയായി ഉയർന്ന് 420 രൂപയിലെത്തി. പൊടി ചെമ്മീനിനും നൽകണം 420 രൂപ.
കഷ്ണം വെട്ടി വിൽക്കുന്ന നെയ്മീൻ ഉൾപ്പെടെയുള്ള വലിയ മീനുകളും ആവോലി, ഐക്കൂറ ഇനങ്ങളും കടകളിൽനിന്ന് അപ്രത്യക്ഷമാണ്. എന്നും വിലക്കുറവിൽ ലഭിച്ചിരുന്ന ഡാം മത്സ്യങ്ങൾക്കും നേരിയ വിലവർധന പ്രകടമാണ്. 180 രൂപക്ക് താഴെ ലഭിച്ചിരുന്ന നാടൻ ആവോലി ഉൾപ്പെടെയുള്ള ഇനങ്ങളുടെ വില 200നും മേലെയാണ്. കാലവർഷം പിറക്കാൻ അധിക ദിവസങ്ങളില്ലെന്നിരിക്കെ സംസ്ഥാനത്ത് ട്രോളിങ് നിരോധനമേർപ്പെടുത്തുന്നതോടെ വിലവർധന തുടർക്കഥയാകുമെന്ന് വ്യാപാരികളും സാക്ഷ്യപ്പെടുത്തുന്നു. തോണികൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിൽ ലഭിക്കുന്ന മീനുകളാണ് വിൽപനക്കെത്തുന്നത് എന്നതാണ് വിലവർധനക്ക് കാരണമാകുന്നതെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.