ഒറ്റപ്പാലം: മീറ്റ്നയിലെ ഭാരതപ്പുഴ തടയണ വരൾച്ചയുടെ പിടിയിലമർന്നതോടെ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ആയിരങ്ങൾ ആശങ്കയിൽ. ഒറ്റപ്പാലം നഗരസഭ, അമ്പലപ്പാറ പഞ്ചായത്ത് പരിധികളിലെ വിശാലമായ പ്രദേശങ്ങളിലേക്കെത്തുന്ന കുടിവെള്ളത്തിന്റെ സ്രോതസ്സാണ് മീറ്റ്ന തടയണ. കടുത്ത വേനലിലും തെളിനീരുമായി ഇരുകര മുട്ടാറുള്ള ജലസമൃദ്ധമായ തടയണക്കാണ് ഇത്തവണ ഈ ദുർഗതി. മീറ്റ്ന തടയണയുടെ ചരിത്രത്തിൽ ആദ്യാനുഭവമാണ് വരൾച്ചയുടെ നേർക്കാഴ്ചയായി മണൽ പരപ്പ് ദൃശ്യമാകുന്നത്. വേനലിൽ കരുതലോടെ സംഭരിച്ചിരുന്ന തടയണയുടെ രണ്ട് ഷട്ടറുകൾ മൂന്നാഴ്ച മുമ്പ് സാമൂഹികവിരുദ്ധർ എടുത്തുമാറ്റിയതിനെ തുടർന്ന് ജല നഷ്ടം സംഭവിച്ചിരുന്നു. ഇതിന്റെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. തടയണയിൽ വെള്ളമില്ലാതായതോടെ ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം അവതാളത്തിലായി.
ഒറ്റപ്പാലം നഗരസഭ, അമ്പലപ്പാറ പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് നേരത്തെ രണ്ട് മോട്ടോറുകൾ ഉപയോഗിച്ച് നടന്നിരുന്ന പമ്പിങ് ഒരു മോട്ടോറിലേക്ക് ചുരുങ്ങി. രണ്ട് മോട്ടോറുകൾ സ്ഥിരമായി പമ്പിങ് നടത്തിയാൽ തന്നെ ജലക്ഷാമം സംബന്ധിച്ച പരാതി വിട്ടൊഴിയാത്ത അവസ്ഥയിൽ ഒരു മോട്ടോർ ഉപയോഗിച്ചാലുള്ള അവസ്ഥ പരിതാപകരമാണ്. ഇരു തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലായി 18,000ലേറെ ഗുണഭോക്താക്കളാണ് പൈപ്പ് വെള്ളത്തിന് കാത്തിരിക്കുന്നത്. ഇതിനായി രണ്ട് മോട്ടോറുകൾക്ക് പുറമെ വെവ്വേറെ ശുദ്ധീകരണ ശാലകളുമുണ്ട്. രണ്ടിടത്തേക്കുമായി പ്രതിദിനം 19.5 എം.എൽ.ഡി (മില്യൻസ് ഓഫ് ലിറ്റെഴ്സ് പെർ ഡേ) വെള്ളമാണ് ആവശ്യം. എന്നാൽ നിലവിൽ ഒമ്പത് എം.എൽ.ഡി വെള്ളം മാത്രമാണ് പമ്പിങ് നടത്താൻ കഴിയുന്നത്. പഴയപോലെ പമ്പിങ് സാധ്യമാകണമെങ്കിൽ തുടർച്ചയായി മഴ ലഭിക്കണം. അല്ലാത്തപക്ഷം അണക്കെട്ടുകളിൽ നിന്ന് വെള്ളം ലഭിക്കണം. ശാശ്വത പരിഹാരമെന്ന നിലയിൽ അമ്പലപ്പാറ പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കിയിട്ട് അധിക കാലമായിട്ടില്ല. ഇതിന്റെ മൂന്നാം ഘട്ടം പുരോഗമിച്ചുവരികയാണ്. പഞ്ചായത്തിലെ കടമ്പൂർ ഉൾപ്പടെ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ടാങ്കർ വെള്ളം വിതരണം ചെയ്തത് കഴിഞ്ഞ ദിവസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.