ഒറ്റപ്പാലം: ഉദ്ഘാടനം നടന്ന് ഒരാഴ്ചയാകുമ്പോഴും അമ്പലപ്പാറയിലെ ജൈവ ഉൽപന്ന വിപണന കേന്ദ്രം (ഇക്കോ ഷോപ്) പ്രവർത്തനമില്ലാതെ അടഞ്ഞുതന്നെ. കർഷകർക്ക് ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വിൽപന നടത്താനുള്ള സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് വിപണന കേന്ദ്രം. കർഷകർ നേരിട്ട് നടത്തുന്ന വിൽപനയായതിനാൽ കൊള്ളലാഭമില്ലാതെ ഉൽപന്നങ്ങൾ വാങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്ന നാട്ടുകാരും നിരാശയിലാണ്. നാട്ടിൻപുറങ്ങളിൽനിന്നും കർഷകർ വിപണിയിലെത്തിക്കുന്ന ജൈവ ഉൽപന്നങ്ങൾക്ക് ആവശ്യക്കാരേറെയാണ്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പഞ്ചായത്ത് പ്രസിഡന്റ് പി. വിജയലക്ഷ്മി ഇക്കോ ഷോപ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിനു ശേഷം താഴിട്ടു പൂട്ടി. കർഷകരിൽനിന്ന് വാങ്ങുന്ന പച്ചക്കറി ഉൽപന്നങ്ങൾ ഇരട്ടിയോ അതിലും കൂടിയതോ ആയ വിലയിലാണ് സ്വകാര്യ വിപണികളിൽ വിൽപന നടക്കുന്നത്. അമ്പലപ്പാറ സെന്ററിൽ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിലാണ് ഇക്കോ ഷോപ്പുള്ളത്. കർഷകർക്ക് ഉൽപന്നങ്ങൾ കൊണ്ടുവന്ന് നേരിട്ട് വിൽപന നടത്താൻ ആവശ്യപ്പെട്ട പ്രകാരം മുറി വിട്ടുനൽകിയതാണെന്നും ചിങ്ങം ഒന്നിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഉദ്ഘാടനം നടത്തിയതെന്നും തിങ്കളാഴ്ച മുതൽ കർഷകർ ഉൽപങ്ങൾ കൊണ്ടുവന്ന് വിൽപന നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പി. വിജയലക്ഷ്മി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.