ഒറ്റപ്പാലം: പാവുക്കോണം കോട്ടക്കുളത്ത് ആക്രി ഗോഡൗണിൽനിന്ന് 2,906 കിലോ ചന്ദനം പിടികൂടിയ കേസും പ്രദേശത്തെ ക്വാറിയിൽനിന്ന് ചന്ദനം മുറിച്ചു കടത്തിയ കേസും സംബന്ധിച്ച അന്വേഷണം വനം വകുപ്പ് ഏറ്റെടുത്തു.
ചന്ദനം സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് ഓങ്ങലൂർ വാടാനാംകുറുശ്ശി പുതുക്കാട്ടിൽ ഹസനെയും (32), പാവുക്കോണത്തെ ക്വാറിയിൽനിന്ന് ചന്ദനം മുറിച്ചു കടത്തിയ കേസിൽ അനങ്ങനടി പാവുക്കോണം സ്വദേശികളായ അഷ്ടമത്ത് മന കോളനിയിൽ ധനേഷ് (കണ്ണൻ -33), മൂലയിൽ തൊടി രാധാകൃഷ്ണൻ (48) എന്നിവരെയും ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടുകിട്ടാൻ വനംവകുപ്പ് കോടതിയെ സമീപിക്കും. കേസുകൾ ഭേദഗതി ചെയ്ത് ഗുരുതര വകുപ്പുകൾ കൂടി ചേർത്ത് അന്വേഷണവുമായി മുന്നോട്ടുപോകാനാണ് വനം വകുപ്പ് ആലോചിക്കുന്നത്.
ഇരു കേസുകളും വനം വകുപ്പിന്റെ പ്രത്യേക സംഘം അന്വേഷിക്കുമെന്നാണ് അറിയുന്നത്. ഇരു കേസുകളും തമ്മിൽ പരസ്പരം ബന്ധമുണ്ടോ എന്നും ഹസന്റെ ഇടപാടുകാരാണോ ചന്ദനം മുറിച്ചു കടത്തിയ ഇരുവരും എന്നതും അന്വേഷണ വിധേയമാക്കും. ഒറ്റപ്പാലം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹസന്റെ പാവുക്കോണം കോട്ടകുളത്തുള്ള തറവാട് വീടിനോട് ചേർന്നുള്ള ഷെഡിൽ ആക്രി സാധനങ്ങൾക്കിടയിൽനിന്ന് 50 പെട്ടികളിലായി സൂക്ഷിച്ച 2906 കിലോ ചന്ദനം കണ്ടെടുത്തത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ക്വാറി ഉടമയുടെ പരാതിയെ തുടർന്നാണ് ചന്ദനം മുറിച്ച് കടത്തിയെ കേസിൽ ധനേഷും രാധാകൃഷ്ണനും പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.