ഒറ്റപ്പാലം: ദുർഗന്ധം വമിച്ചിരുന്ന മാലിന്യ സംഭരണ കേന്ദ്രത്തിൽ ഇപ്പോൾ പരക്കുന്നത് ചെണ്ടുമല്ലിയുടെ പരിമളം. സൗത്ത് പനമണ്ണയിലെ ഖരമാലിന്യ സംസ്കരണ പ്ലാൻറിൽ കുന്നുകൂടിയ മാലിന്യം നീക്കം ചെയ്ത സ്ഥലത്താണ് ചെണ്ടുമല്ലി വസന്തം പിറന്നത്. ഹരിതകർമ സേനാംഗങ്ങളുടെ അധ്വാനത്തിന്റെ ഫലമായാണ് മാലിന്യകേന്ദ്രം പൂവാടിയായത്.
മാലിന്യം നീക്കിയ സ്ഥലത്തെ അഞ്ച് സെന്റ് വൃത്തിയാക്കിയാണ് ചെണ്ടുമല്ലി കൃഷി തുടങ്ങിയത്. കുടുംബശ്രീ നൽകിയ തൈകൾ പോരാതെ വന്നതോടെ വിത്ത് ഓൺലൈനിൽ വരുത്തി തൈ മുളപ്പിച്ചാണ് കൃഷി ആരംഭിച്ചത്. മാലിന്യവുമായി ബന്ധപ്പെട്ട ജോലികൾക്കിടയിൽ ലഭിക്കുന്ന ഒഴിവ് സമയത്തായിരുന്നു കൃഷി പരിപാലനം.
മാലിന്യ കേന്ദ്രത്തിലായതിനാൽ പ്രത്യേക വളപ്രയോഗം ആവശ്യമില്ലായിരുന്നു. ചെടികൾ വാടാതിരിക്കാൻ കൃത്യമായ നന സഹായിച്ചു. ഖരമാലിന്യ സംസ്കരണ പ്ലാന്റിന് സമീപമുള്ളവർക്കും ആവശ്യക്കാർക്കുമാണ് പൂക്കൾ നൽകുന്നത്. ഇതിന് പണമൊന്നും വാങ്ങാറില്ല. കൂടുതൽ വിളവെടുപ്പുണ്ടായതിനെ തുടർന്ന് 32 കിലോ പൂക്കൾ കടയിൽ വിറ്റത് മാത്രമാണ് അപവാദം.
ഹരിത കർമസേന ടീം ലീഡർ നിർമല, ഷീജ എന്നിവരാണ് നേതൃത്വം നൽകിയത്. പൂകൃഷിക്ക് പിറകെ പച്ചക്കറി കൃഷി ഇറക്കാനുള്ള ഒരുക്കത്തിലാണ് ഹരിത കർമസേന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.