ഒറ്റപ്പാലം: പ്രമുഖ പാവക്കൂത്ത് കലാകാരൻ രാമചന്ദ്ര പുലവർ ജില്ല കലക്ടർ മൃൺമയി ജോഷിയിൽ നിന്ന് പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. പുലവരുടെ കൂനത്തറയിലെ വീട്ടിലെത്തി സമ്മാനിച്ചു. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് കലക്ടറും സംഘവും കൂനത്തറയിലെ പുലവരുടെ വീട്ടിലെത്തിയത്.
ഡൽഹിയിൽ നടന്ന പുരസ്കാര ദാന ചടങ്ങിൽ രാമചന്ദ്ര പുലവർക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. തോൽപ്പാവ കൂത്ത് അവതരണവുമായി ബന്ധപ്പെട്ട് ഫ്രാൻസിലായിരുന്നതാണ് കാരണം. കോവിഡ് നിയന്ത്രണങ്ങൾ മൂലം നാട്ടിലെത്താൻ കഴിഞ്ഞിരുന്നുമില്ല.
വീട്ടിൽ ഒരുക്കിയ ചടങ്ങിൽ കലക്ടർ പുരസ്കാര ചിഹ്നങ്ങൾ പുലവരെ അണിയിക്കുകയും പുരസ്കാര പത്രം കൈമാറുകയും ചെയ്തു. പാവക്കൂത്ത് കലയെ ജനകീയമാക്കുന്നതിന് നിരന്തരം പരിശ്രമിക്കുന്ന രാമചന്ദ്രപുലവർക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ അറിയിച്ച കലക്ടർ കലയുടെ പ്രചാരണത്തിനായി കൂടുതൽ പ്രയത്നിക്കണമെന്നും അഭ്യർഥിച്ചു.
ആർക്കും വേണ്ടാതിരുന്ന തോൽപ്പാവക്കൂത്ത് കലാരൂപത്തിന് ലഭിച്ച പരമോന്നത പുരസ്കാരത്തിൽ സന്തോഷമുണ്ടെന്നും ഈ അംഗീകാരം നാടിനും പാവക്കൂത്ത് കലാരൂപത്തിനും സമർപ്പിക്കുന്നതായി പുരസ്കാരം ഏറ്റുവാങ്ങി രാമചന്ദ്ര പുലവർ പ്രതികരിച്ചു.
പുലവരുടെ ഭാര്യ രാജലക്ഷ്മി, മാതാവ് ഗോമതി, മക്കളായ രാജീവ് പുലവർ, രജിത രാമചന്ദ്ര പുലവർ. രാഹുൽ പുലവർ എന്നിവരും അടുത്ത ബന്ധുക്കളും പങ്കെടുത്തു. ഒറ്റപ്പാലം തഹസിൽദാർ അബ്ദുൽ മജീദ്, വാണിയംകുളം വില്ലേജ് ഓഫസർ തുടങ്ങിയവർ കലക്ടർക്കൊപ്പം ഉണ്ടായിരുന്നു. വീട്ടിലൊരുക്കിയ തോൽപ്പാവ കൂത്ത് നാടകവും കണ്ടാണ് കലക്ടറും സംഘവും മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.