അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് ഒറ്റപ്പാലത്ത് തിരിതെളിയും

ഒറ്റപ്പാലം: ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വെള്ളിയാഴ്ച തിരശ്ശീലയുയരും. ഇനിയുള്ള അഞ്ച് നാളുകൾ വള്ളുവനാടി‍െൻറ സാംസ്കാരിക തലസ്ഥാനമായ ഒറ്റപ്പാലം ദേശീയ അന്തർദേശീയ പ്രാധാന്യമുള്ള സിനിമകൾക്കും അനുബന്ധ പരിപാടികളിലേക്കുമായി വഴിമാറും. 45ഓളം വിവിധ ഭാഷ ചിത്രങ്ങൾക്ക് പുറമെ നിരവധി ഡോക്യുമെന്‍ററികളും മേളയിൽ പ്രദർശിപ്പിക്കും. പ്രദർശന വേദിയായ ഒറ്റപ്പാലം ലക്ഷ്മി തിയറ്ററിൽ വൈകീട്ട് 4.30ന് ചേരുന്ന ചടങ്ങിൽ പരിപാടിയുടെ ഉദ്‌ഘാടനം നിയമസഭ സ്പീക്കർ എം.ബി. രാജേഷ് നിർവഹിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഐഷ സുൽത്താന, നഞ്ചി അമ്മ, ധ്രുവൻ, സുദീപ് പാലനാട് തുടങ്ങിയവർ പങ്കെടുക്കും. ആഗോളീകരണത്തി‍െൻറ മൂന്ന് നൂറ്റാണ്ട് എന്ന പ്രമേയത്തിലൂന്നിക്കൊണ്ടുള്ളതാണ് ഇത്തവണത്തെ ചലച്ചിത്രോത്സവം.

കാർത്തിക് സംവിധാനം ചെയ്ത നസീർ ആണ് ഉദ്‌ഘാടന ചിത്രം. സുധീഷ് ഏഴുവത്തി‍െൻറ 'ഓഷ് വിറ്റ്സ്' ഫോട്ടോ പ്രദർശനവും പുസ്തകോത്സവവും അനുബന്ധമായി ഒരുക്കിയിട്ടുണ്ട്. വിവിധ ഭാഷകളിലായി 45ഓളം ചലച്ചിത്രങ്ങളും നിരവധി ഡോക്യുമെന്‍ററികളുമാണ് അഞ്ചുനാൾ നീളുന്ന മേളയിൽ പ്രദർശിപ്പിക്കുക. ലക്ഷ്മി തിയറ്ററിലെ രണ്ട് സ്ക്രീനുകൾക്ക് പുറമെ തിയറ്റർ ഗ്രൗണ്ടിലും സിനിമ പ്രദർശനം നടക്കും. അണിയറ പ്രവർത്തകരുമായുള്ള മുഖാമുഖം, ഓപൺ ഡയലോഗ്, സെമിനാറുകൾ, സംഗീത നിശ, തെരുവ് സിനിമ പ്രദർശനം തുടങ്ങിയവയും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഫെസ്റ്റിവൽ കോഓഡിനേറ്റർ എൻ. ദിനേശ്ബാബു, നഗരസഭ അധ്യക്ഷ കെ. ജാനകിദേവി, മുൻ അധ്യക്ഷൻ എൻ.എം. നാരായണൻ നമ്പൂതിരി, അഡ്വ. ഇ.ആർ. സ്റ്റാലിൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - The International Film Festival kicks off today at Ottapalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.