പാലക്കാട്: ഒരിടവേളക്കുശേഷം വീണ്ടും ജില്ലയിൽ റോഡപകടങ്ങളുടെ തോതുയരുന്നു. കഴിഞ്ഞ 10 ദിവസങ്ങളിൽ ജില്ലയിൽ പൊലിഞ്ഞത് എട്ട് ജീവനുകളാണ്. മരിച്ചവരിൽ ഏറെയും ഇരുചക്ര വാഹന യാത്രക്കാരും. ആശുപത്രിയിലെത്തിക്കാനുള്ള ഉത്തരവാദിത്തം പോലും പലരും മറക്കുന്നതാണ് മിക്ക റോഡപകടങ്ങളുടെയും ആഴം വർധിപ്പിക്കുന്നതെന്ന് അധികൃതർ പറയുന്നു.
ജീവനാണ്, വഴിയിൽ ഉപേക്ഷിക്കരുത്!
ഗ്രാമീണ റോഡുകളിൽ പോലും അപകടത്തിൽപെട്ടവരെ ഉപേക്ഷിച്ചു കടന്നുകളയുന്ന പ്രവണത വർധിക്കുന്നു. ഫെബ്രുവരി രണ്ടിന് കുത്തനൂരിൽ രാവിലെ കാൽനടക്കാരനെ ഇടിച്ച പാൽവണ്ടി നിർത്താതെ കടന്നുകളഞ്ഞു. പിറകെ വന്ന യാത്രക്കാർ അപകടം കണ്ട് വാഹനത്തെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. അപകടത്തിൽപെട്ടയാളെ അതേ വാഹനത്തിൽ ആലത്തൂർ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ, ജീവൻ രക്ഷിക്കാൻ കഴിഞ്ഞേനെ. തിങ്കളാഴ്ച രാത്രി ദേശീയപാത വെള്ളപ്പാറക്ക് സമീപം രണ്ട് യുവാക്കളുടെ ജീവൻ അപഹരിച്ച അപകടമാണ് ഏറ്റവും അവസാനം ചർച്ചയായത്. അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തെങ്കിലും ഇപ്പോഴും ദൂരുഹത ബാക്കിയാണ്.
ദേശീയപാതയിൽ ഗതാഗതം തോന്നുംപോലെ
ജില്ലയിലെ പ്രധാനപ്പെട്ട നിരത്തുകളിൽ ഒന്നാണ് ദേശീയപാത 544ന്റെ ഭാഗമായ വാളയാർ-വടക്കഞ്ചേരി നാലുവരി പാത. സംസ്ഥാനത്തേക്ക് പ്രവേശിക്കാനുള്ള പ്രധാന കവാടങ്ങളിൽ ഒന്നായ വാളയാർ വഴി ദിവസേന ചെറുതും വലതുമായ നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. ഇവയിൽ പലരും ഗതാഗത നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നു. പാതയുടെ ഇടതുവശം ചേർന്ന് സഞ്ചരിക്കണമെന്ന ഗതാഗതം നിയമം ഇതുവഴി പോകുന്ന മിക്ക ചരക്കുവാഹനങ്ങളും പാലിക്കുന്നില്ല. വലതു വശം ചേർന്നാണ് മിക്ക ചരക്കുവാഹനങ്ങളും സഞ്ചരിക്കുന്നത്. പിറകിൽ വരുന്ന വാഹനങ്ങൾ ഇടതുവശത്തൂടെ മറിക്കടക്കുന്നത് അപകടത്തിന്റെ തോത് വർധിക്കുന്നു. കഴിഞ്ഞദിവസം വെള്ളപ്പാറയിൽ വലതുവശം ചേർന്ന് സഞ്ചരിച്ച ലോറിയെ ഇടതുവശത്ത് കൂടി ബൈക്ക് മറികടക്കുകയും പിറകെ വന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിറകുവശം ബൈക്കിൽ തട്ടുകയുമാണുണ്ടായത്.
പാതകളിൽ വാഹനങ്ങളുടെ എണ്ണം വർധിച്ചു
ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ പാതകളിൽ ചെറുവാഹനങ്ങളുടെ എണ്ണം കുത്തനെ ഉയർന്നു. അപകടങ്ങളിൽപെട്ടത് ഏറെയും ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരാണ്. പരിശോധന കുറഞ്ഞതിനാൽ സുരക്ഷ മുൻകരുതൽ സ്വീകരിക്കുന്നതിൽ യാത്രക്കാരും പിൻവലിഞ്ഞു. പൊതുഗതാതം കുറഞ്ഞതിനാൽ റോഡിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിലും വർധനയുണ്ടായി. ജില്ലയിലെ വാളയാർ-വടക്കഞ്ചേരി നാലുവരി പാതയിൽ അപകടങ്ങളുടെ എണ്ണം കുത്തനെ വർധിച്ചു. നാലുചക്ര വാഹനങ്ങളുടെ അമിത വേഗത ദേശീയപാതയിൽ വളരെ കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വടക്കഞ്ചേരിക്കും വാളയാറിനും ഇടയിൽ ശരാശരി ഒരു മാസം 5500ഓളം കാറുകളാണ് അമിതവേഗതയിൽ സഞ്ചരിക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകൾ സുചിപ്പിക്കുന്നു.
ഇതരസംസ്ഥാന വാഹനങ്ങളാണ് പിടിക്കപ്പെടുന്നവയിൽ അധികവും. വലിയ വാഹനങ്ങൾ 50ഉം ഇടത്തരം വാഹനങ്ങൾ 150ഉം അമിത വേഗതക്ക് പിഴ അടക്കുന്നുണ്ട്.
ഹെൽമറ്റ് മുതൽ അമിതവേഗത വരെ
ഹെൽമറ്റ് ധരിക്കാത്തതും അമിതവേഗവുമാണ് ഇരുചക്രവാഹന യാത്രക്കാരുടെ ജീവൻ കവരുന്ന പ്രധാന വീഴ്ചകളെന്ന് ഗതാഗതവകുപ്പ് അധികൃതർ ചൂണ്ടിക്കാണ്ടിക്കുന്നു. ദേശീയപാതയിലെ അപകടങ്ങൾ പ്രധാനമായും ജങ്ഷനുകളിലാണ് നടന്നിട്ടുള്ളത്.
ജങ്ഷനുകളിൽ സ്ഥാപിച്ച സിഗ്നൽ സംവിധാന നിയന്ത്രണങ്ങൾ പാലിക്കാതെ മറികടക്കുമ്പോഴാണ് അപകടങ്ങൾ സംഭവിക്കുന്നത്. ഗതാഗത നിയമങ്ങളെക്കുറിച്ചും സിഗ്നൽ സംവിധാനങ്ങളെക്കുറിച്ചും കൂടുതൽ അവബോധം യുവാക്കളടക്കമുള്ളവരിൽ ഉണ്ടാവേണ്ടതുണ്ട്. ഇതിനായി കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും ഗതാഗത വകുപ്പ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.