പാലക്കാട്: ഇക്കുറിയും കാർഷിക ജില്ലക്ക് നിരാശ സമ്മാനിച്ച് കേന്ദ്രബജറ്റ്. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബുധനാഴ്ച അവതരിപ്പിച്ച ബജറ്റിൽ ജനപ്രിയ തീരുമാനങ്ങളിൽ പാലക്കാട് ഇടംനേടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പ്രസക്തമായ പദ്ധതികളൊന്നും ബജറ്റിൽ പരാമർശിക്കപ്പെട്ടില്ല.
തകർച്ചയിലായ കാർഷികമേഖലയെ താങ്ങിനിർത്താൻ ‘സമ്പൂർണ കാർഷിക പാക്കേജ്’ ജില്ലയുടെ വർഷങ്ങളായുള്ള ആവശ്യമാണ്. ഇക്കുറിയും ബജറ്റിൽ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ജില്ലക്ക് നിരാശയായിരുന്നു ഫലം. ഉൽപാദനച്ചെലവ് കുതിച്ചുയർന്നതോടെ വലയുന്ന നെൽ കർഷകർക്ക് താങ്ങായി സംഭരണവില ചെലവിന് ആനുപാതികമായി ഉയർത്തുന്നതടക്കം ആവശ്യങ്ങൾ ബജറ്റിന് പുറത്തായി.
വന്യജീവികൾ നാട്ടിലിറങ്ങി കൃഷിനശിപ്പിക്കുന്നത് തടയാനുള്ള ഇടപെടലുകൾ, പരിസ്ഥിതിലോല വിഷയത്തിൽ മലയോര മേഖലയിലെ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന തീരുമാനങ്ങൾ എന്നിവയും പ്രതീക്ഷിച്ചെങ്കിലും ഒന്നും ബജറ്റിൽ ഇടംനേടിയില്ല.
പാലക്കാട് റെയിൽവേ കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത 239 ഏക്കർ സ്ഥലം പദ്ധതി മുടങ്ങിയതോടെ വെറുതെ കിടക്കുകയാണ്. ജില്ലയുടെ വികസനത്തിനുതകുന്ന തരത്തിൽ ഈ ഭൂമി ഉപയോഗപ്പെടുത്താനുള്ള ഇടപെടലുകൾ പിന്നീടുവന്ന ബജറ്റുകളിൽ പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇക്കുറിയും ഇതുസംബന്ധിച്ച് പദ്ധതികളൊന്നും പരാമർശിക്കപ്പെട്ടിട്ടില്ല.
റെയില്‍വേ വികസനത്തിനായി അനുവദിച്ച 2.4 ലക്ഷം കോടിയില്‍ പാലക്കാടിന്റെ സ്വപ്നങ്ങൾക്ക് എന്തെങ്കിലും ലഭിക്കുമോ എന്നും വ്യക്തതയില്ല. പുതിയ ട്രെയിനുകളെന്ന പാലക്കാടിന്റെ പ്രതീക്ഷകൾക്ക് ബജറ്റിൽ പച്ചക്കൊടിയില്ല. പുതിയ പാളമെത്തിയ പാലക്കാട്-പൊള്ളാച്ചി പാതയിൽ കൂടുതൽ ചൂളംവിളികൾക്കായി ഇനിയും കാത്തിരിക്കേണ്ടി വരും. ബജറ്റിൽ പരാമർശങ്ങളില്ലാത്തതോടെ പാലക്കാട് പിറ്റ് ലൈനും ഷൊർണൂർ ജങ്ഷന്റെ വികസനവുമടക്കം പദ്ധതികൾക്ക് പണമിറങ്ങുമോ എന്ന് കണ്ടറിയണം.
പൊതുമേഖലയിലെ കഞ്ചിക്കോട് ഇൻസ്ട്രുമെന്റേഷൻ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ രംഗത്തുണ്ടെങ്കിലും കേന്ദ്രത്തിൽനിന്ന് അനുകൂല നിലപാട് ഉണ്ടായിട്ടില്ല. ഇതുസംബന്ധിച്ച് കാര്യമായ പദ്ധതികളൊന്നും ബജറ്റിൽ പരാമർശിക്കപ്പെട്ടില്ല. ചെറുകിട വ്യവസായങ്ങൾ ഏറെയുള്ള ജില്ലയാണ് പാലക്കാട്. ഇവയിൽ പലതും പീഡിത വ്യവസായങ്ങളുടെ പട്ടികയിലുമാണ്. ഇരുമ്പുരുക്ക് കമ്പനികൾ, ലഘു എൻജിനീയറിങ് സ്ഥാപനങ്ങൾ, ഫർണിച്ചർ നിർമാണ യൂനിറ്റുകൾ എന്നിവയെല്ലാം ഈ പട്ടികയിൽ ഉൾപ്പെടുന്നവയാണ്. കഴിഞ്ഞ കേന്ദ്രബജറ്റിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കായി വാരിക്കോരി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നിലനിൽപ്പിനായി പാടുപെടുന്ന ചെറുസംരംഭങ്ങളെ പടിക്കുപുറത്തു നിർത്തി. ഇക്കുറി ചെറുകിട സംരംഭങ്ങളോട് ബജറ്റിലുള്ള ഉദാരസമീപനം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സംരംഭകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.