ജി​ല്ല​ത​ല ബാ​ങ്കി​ങ്​​ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ വി.​ഇ. അ​ബ്ബാ​സ് സം​സാ​രി​ക്കു​ന്നു

ലക്ഷം കോടി കടന്ന് നിക്ഷേപ-വായ്പ നീക്കിയിരുപ്പ്: നിക്ഷേപ-വായ്പ അനുപാതത്തിൽ മൂന്ന് ശതമാനം വർധന

പാലക്കാട്: ജില്ലയിലെ ബാങ്കുകളുടെ ആകെ നിക്ഷേപ-വായ്പ നീക്കിയിരുപ്പ് ആദ്യമായി ഒരുലക്ഷം കോടി രൂപ കടന്നു. 2022 മാർച്ച്‌ 31ന് അവസാനിച്ച നാലാം പാദത്തിൽ ബാങ്കുകളുടെ ആകെ വായ്പ നീക്കിയിരുപ്പ് 40,747 കോടിയായും നിക്ഷേപം 60,148 കോടിയായും വർധിച്ചതായി ജില്ല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി.

മൂന്നാം പാദത്തെ അപേക്ഷിച്ച് നിക്ഷേപ വായ്പ അനുപാതത്തിൽ (സി.ഡി റേഷ്യോ) മൂന്ന് ശതമാനത്തിന്‍റെ വർധനയുണ്ട്. നിലവിൽ 68 ശതമാനമാണ് നിക്ഷേപ-വായ്പ അനുപാതം. ബാങ്കുകളുടെ 2021-22 സാമ്പത്തിക വർഷത്തെ പ്രകടനം യോഗം അവലോകനം ചെയ്തു.

മാർച്ച്‌ 31ന് അവസാനിച്ച 2021-22 സാമ്പത്തിക വർഷത്തിൽ 19,527 കോടി രൂപ വിവിധ ബാങ്കുകൾ വായ്പ നൽകിയതായി വിലയിരുത്തി. ഇത്‌ വാർഷിക പദ്ധതിയുടെ 125 ശതമാനമാണ്.

ഇതിൽ 8305 കോടി രൂപ കാർഷിക മേഖലക്കും 1899 കോടി രൂപ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും 3166 കോടി രൂപ ഭവന-വിദ്യാഭ്യാസ വായ്പ ഉൾപ്പെടുന്ന മറ്റു മുൻഗണന മേഖലയ്ക്കും വിതരണം ചെയ്തു. ആകെ വിതരണം ചെയ്ത വായ്പയിൽ 13,370 കോടി രൂപ മുൻഗണന മേഖലയിലേക്കാണ്.

ഡെപ്യൂട്ടി കലക്ടർ വി.ഇ. അബ്ബാസിന്‍റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ കനറ ബാങ്ക് അസി. ജനറൽ മാനേജർ ഗോവിന്ദ് ഹരിനാരായണൻ, പാലക്കാട്‌ ലീഡ് ഡിസ്ട്രിക്ട് ഓഫിസർ ഇ.കെ. രഞ്ജിത്ത്, റിസർവ് ബാങ്ക് അസി. ജനറൽ മാനേജർ പി. അശോക്, നബാർഡ് ജില്ല ഡെവലപ്മെന്‍റ് മാനേജർ കവിത റാം എന്നിവർ വായ്പ അവലോകനത്തിന് നേതൃത്വം നൽകി.ജില്ലയിലെ 34 ബാങ്കുകളും വിവിധ സർക്കാർ വകുപ്പ് മേധാവികളും പങ്കെടുത്തു. വിരമിച്ച ഫിനാൻസ് ഓഫിസർ വി.ആർ. സതീശനെ ആദരിച്ചു. ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ പരിശീലനം നേടി വിജയിച്ച മികച്ച സംരംഭകയെ ആദരിച്ചു. ലീഡ് ഡിസ്ട്രിക്ട് മാനേജർ ആർ.പി. ശ്രീനാഥ് സ്വാഗതവും മാനേജർ എ. രഹ്‌ന നന്ദി പറഞ്ഞു.

പ്രവാസി പണത്തിൽ ഇടിവ്

പാലക്കാട്: ജില്ലയിലെ ബാങ്കുകളിലേക്ക് പ്രവാസികൾ അയക്കുന്ന പണത്തിന്‍റെ തോത് കുറയുന്നതായി ബാങ്കിങ് അവലോകന സമിതി റിപ്പോർട്ട്. 2021 മാർച്ചിൽ 9268.27 കോടി രൂപയുണ്ടായിരുന്ന പ്രവാസി നിക്ഷേപം 2021 ഡിസംബറിൽ 9960.74 കോടി രൂപയായി വർധിച്ചിരുന്നു. എന്നാൽ, 2022 മാർച്ചിൽ അവസാനിച്ച മൂന്നാം പാദത്തിൽ പ്രവാസി നിക്ഷേപം 8668.01 കോടിയായി താഴ്ന്നു. 12.98 ശതമാനത്തിന്‍റെ ഇടിവ്.

Tags:    
News Summary - Palakkad District Banking Review Committee Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.