പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എൽ.ഡി.എഫിന് വീണ്ടും മിന്നും ജയം. ജില്ല പഞ്ചായത്തിൽ എൽ.ഡി.എഫ് മേധാവിത്വം നിലനിർത്തി. 30 ജില്ല ഡിവിഷനുകളിൽ 27 എണ്ണം എൽ.ഡി.എഫ് നേടി. മൂന്നിടത്ത് യു.ഡി.എഫ് വിജയിച്ചു. നാല് ജില്ല ഡിവിഷനുകളിൽ ബി.ജെ.പി രണ്ടാംസ്ഥാനത്തുണ്ട്. ആകെ 88 ഗ്രാമപഞ്ചായത്തുകളിൽ 61 ഇടത്ത് എൽ.ഡി.എഫും, 25 ഇടത്ത് യു.ഡി.എഫും മേൽക്കൈ നേടി.
ഗ്രാമപഞ്ചായത്തുകളുടെ അന്തിമചിത്രം ആകുന്നതേയുള്ളൂ. നെന്മാറ, കാവശ്ശേരി, മങ്കര, കുഴൽമന്ദം പഞ്ചായത്തുകളിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ല. യു.ഡി.എഫിന് അകത്തേത്തറ, അമ്പലപ്പാറ, കേരളശ്ശേരി, വാണിയംകുളം പഞ്ചായത്തുകളിൽ പ്രാതിനിധ്യം നഷ്ടപ്പെട്ടു. കഴിഞ്ഞ തവണ ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി.എഫ് 71 ഇടത്തും യു.ഡി.എഫ് 17 ഇടത്തുമാണ് ഭരണത്തിൽ ഉണ്ടായിരുന്നത്.
13 ബ്ലോക്ക് പഞ്ചായത്തുകളിൽ 11ഇടത്ത് എൽ.ഡി.എഫും, രണ്ടിടത്ത് യു.ഡി.എഫും വിജയം നേടി. പട്ടാമ്പി, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തുകളിലാണ് യു.ഡി.എഫ് വിജയിച്ചത്. 183 ബ്ലോക്ക് ഡിവിഷനുകളിൽ 145ൽ എൽ.ഡി.എഫും, 35ൽ യു.ഡി.എഫും, മൂന്ന് ബി.ജെ.പി.യും നേടി. ആലത്തൂർ, ഒറ്റപ്പാലം ബ്ലോക്കുകളിൽ യു.ഡി.എഫ് പ്രാതിനിധ്യമില്ല.
പാലക്കാട്: ജില്ല പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് വീണ്ടും മിന്നും വിജയം. മുപ്പതംഗ ഡിവിഷനില്‍ 27 സീറ്റുകൾ നിലനിർത്തിയാണ് ഭരണം നിലനിര്‍ത്തിയത്. യു.ഡി.എഫ് മൂന്ന് സീറ്റുകളിലൊതുങ്ങി. വാണിയംകുളം, ലക്കിടി, പല്ലശ്ശന, പുതുപ്പരിയാരം ഡിവിഷനുകളിൽ ബി.ജെ.പി രണ്ടാംസ്ഥാനത്ത് വന്നു. പല്ലശ്ശന, പുതുപ്പരിയാരം ഡിവിഷനിൽ ബി.ജെ.പി കഴിഞ്ഞ തവണയും രണ്ടാംസ്ഥാനത്തായിരുന്നു. തിരുവേഗപ്പുറയിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്.
വിമതശല്യത്തെതുടർന്ന് കഴിഞ്ഞതവണ നഷ്ടമായ പാർട്ടിയുടെ ഉറച്ച ഡിവിഷനായ അലനല്ലൂരും തെങ്കരയും മുസ്ലിംലീഗ് വീണ്ടെടുത്തു. മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ ഡിവിഷനുകൾ ജനതാദൾ (എസ്) നിലനിർത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തേക്ക് എൽ.ഡി.എഫ് പരിഗണിക്കുമെന്ന് കരുതുന്ന കെ. ബിനുമോൾ (സി.പി.എം) മലമ്പുഴ ഡിവിഷനിൽനിന്ന് വിജയിച്ചു. കഴിഞ്ഞ ഭരണസമിതിയിൽ ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു ഇവർ. വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് എൽ.ഡി.എഫ് പരിഗണനയിലുള്ള സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം സി.കെ. ചാമുണ്ണി തരൂരിലും വിജയിച്ചു. ആലത്തൂർ മുൻ േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് ആയിരുന്നു അദ്ദേഹം.
കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പമായിരുന്ന കാഞ്ഞിരപ്പുഴ ഡിവിഷൻ, കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം പ്രതിനിധി റെജി ജോസിലൂടെ എൽ.ഡി.എഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണയും 27 ഡിവിഷനുകളിൽ വിജയം എൽ.ഡി.എഫിനായിരുന്നു. കഴിഞ്ഞ തവണ യു.ഡി.എഫ് നിരയിലെ മൂന്നുപേരും കോൺഗ്രസിൽനിന്നായിരുന്നു. കൊടുവായൂർ, തിരുവേഗപ്പുറ, കാഞ്ഞിരപ്പുഴ ഡിവിഷനുകളിലാണ് കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചിരുന്നത്. ഇത്തവണ കൊടുവായൂരും കാഞ്ഞിരപ്പുഴയും കോൺഗ്രസിന് നഷ്ടമായി. സി.പി.െഎക്ക് തെങ്കര നഷ്ടപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.