പാലക്കാട്: നഗരസഭ സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ വിളക്കുകൾ നിരവധി ഉണ്ട്. എങ്കിലും രാത്രിയായാൽ ഇരുട്ടിൽ തപ്പി വേണം യാത്രക്കാർക്ക് ബസ് കയറാൻ. സ്റ്റാൻഡിന്റെ കിഴക്കുഭാഗത്ത് 10 വർഷം മുമ്പ് എട്ടു ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കും പടിഞ്ഞാറുവശത്ത് മിനിമാസ്റ്റ് വിളക്കും സ്റ്റാൻഡിന്റെ മുൻവശത്ത് എൽ.ഇ.ഡി ബൾബും ഉണ്ട്. എന്നാൽ, രാത്രിയായാൽ സ്റ്റാൻഡിന്റെ മുൻവശവും പിൻവശവുമെല്ലാം ഇരുട്ടിലാണ്. നേരം ഇരുട്ടിയാൽ സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് വ്യാപാര സ്ഥാപനങ്ങളിൽനിന്നും ബസുകളിൽ നിന്നുമുള്ള വെളിച്ചമാണ് ആശ്രയം. സ്റ്റാൻഡിന്റെ മുൻവശത്ത് ബസുകൾ പുറത്തേക്കിറങ്ങുന്ന ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് വിളക്ക് ഇടക്കിടക്ക് പ്രവർത്തനരഹിതമാകുന്ന സ്ഥിതിയാണ്.
സ്റ്റാൻഡിന്റെ മുൻവശത്തു വാളയാർ, കൊഴിഞ്ഞാമ്പാറ, കൊല്ലങ്കോട്, ചിറ്റൂർ, മണ്ണാർക്കാട് ബസുകൾ നിൽക്കുന്ന ഭാഗത്തൊന്നും വെളിച്ചമില്ല. സുൽത്താൻപേട്ട ഭാഗത്തുനിന്നും വരുന്ന ബസുകൾ സ്റ്റാൻഡിൽ കയറി ആളുകളെ ഇറക്കുന്ന ഭാഗത്ത് പൂർണമായും ഇരുട്ടാണ്. മുൻവശത്തെ ട്രാക്കുകൾക്കുമീതെ സ്ഥാപിച്ച വിളക്കുകൾ വർഷങ്ങളായി പ്രവർത്തനരഹിതമാണ്. സ്റ്റാൻഡിന്റെ വടക്കുഭാഗത്ത് മാലിന്യം കത്തിക്കുന്ന സ്ഥലത്ത് വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച മിനി മാസ്റ്റ് വിളക്കാകട്ടെ യാതൊരു പ്രയോജനവും ഇല്ലാതെ കത്തുന്ന സ്ഥിതിയാണ്.
വൈകുന്നേരമാകുന്നതോടെ മദ്യപരുടെയും സാമൂഹികവിരുദ്ധരുടെയും താവളമാകുന്ന സ്റ്റേഡിയം സ്റ്റാൻഡിൽ വെളിച്ചമില്ലാത്തത് സ്ത്രീകളുൾപ്പെടെ യാത്രക്കാരെ ഭീതിയിലാക്കുന്നു. നഗരത്തിലെ തിരക്കേറിയതും നഗരസഭക്ക് വരുമാന വർധനവുമുള്ള ബസ് സ്റ്റാൻഡാണിത്. രാപ്പകൽ ഭേദമില്ലാതെ നൂറുകണക്കിന് ബസുകളും ആയിരക്കണക്കിന് യാത്രക്കാരും വന്നുപോകുന്ന സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ വേണ്ടത്ര വിളക്കുകൾ സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.