മുതലമട: ബി.ജെ.പി മുതലമട പഞ്ചായത്ത് പ്രസിഡന്റ്, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് എന്നിവരെ ആറുവർഷത്തിന് പാർട്ടിയിൽനിന്ന് പുറത്താക്കി. പറയമ്പള്ളം ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പരാജയത്തിൽ ഇരുവർക്കെതിരേയും ആരോപണം ഉയർന്നിരുന്നു. മുതലമട പഞ്ചായത്ത് പ്രസിഡന്റ് ആർ.അരവിന്ദാക്ഷൻ, ഒ.ബി.സി. കൊല്ലങ്കോട് മണ്ഡലം പ്രസിഡന്റ് മണികണ്ഠൻ എന്നിവർ സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതായി കാണിച്ചതായും ഇരുവരെയും പ്രാഥമിക അംഗത്വത്തിൽനിന്ന് ആറ് വർഷത്തേക്ക് പുറത്താക്കുന്നതായും ജില്ല പ്രസിഡന്റ് വാർത്താക്കുറിപ്പ് ഇറക്കി.
മുൻ പഞ്ചായത്ത് അംഗമാണ് ആർ. അരവിന്ദാക്ഷൻ. ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി സി.പി.എമ്മിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് കോൺഗ്രസ് സ്വതന്ത്രൻ ബി.മണികണ്ഠൻ കള്ളിയമ്പാറ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതാണ് രണ്ട് നേതാക്കളെയും പാർട്ടിയിൽ നിന്നും പുറത്താക്കുന്നതിലേക്ക് നയിച്ചത്. കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന മണികണ്ഠൻ 723 വോട്ടുകൾ നേടിയാണ് വിജയിച്ചത്. സി.പി.എം സ്ഥാനാർഥി മുഹമ്മദ് മൂസ 599 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. എന്നാൽ ബി.ജെ.പി സ്ഥാനാർഥി ഹരിദാസ് ചുവട്ടുപാടം 69 വോട്ടുകൾ മാത്രമാണ് നേടിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയ ബി.ജെ.പി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് ബി.ജെ.പി ഘടകങ്ങളിൽ ചർച്ചയായി. സി.പി.എം ഭരിച്ചിരുന്ന മുതലമടയിൽ പറയമ്പള്ളം വാർഡംഗം രാജിവെച്ചതോടെ സ്വതന്ത്ര പഞ്ചായത്ത് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബി.ജെ.പി അംഗങ്ങളുടെ സഹകരണത്തോടെ പാസായതിനാൽ സി.പി.എമ്മിന് ഭരണം നഷ്ടമായി.
തുടർന്ന് ബി.ജെ.പിയുടെ മൂന്ന് പഞ്ചായത്ത് അംഗങ്ങളെ പാർട്ടി പുറത്താക്കിയിരുന്നു .ഇതോടെ ആറ് മാസത്തിനിടെ അഞ്ച് പേരേയാണ് അച്ചടക്ക ലംഘനത്തിന്റെ പേരിൽ മുതലമടയിൽ ബി.ജെ.പി പുറത്താക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.