കൊല്ലങ്കോട്: ഊട്ടറ ഗായത്രിപ്പുഴ പാലത്തിൽ വലിയ കുഴി രൂപപ്പെട്ടതോടെ പാലം അടച്ചിട്ടു. ഞായറാഴ്ച പുലർച്ചയാണ് ഇതുവഴി വന്നവർ പാലത്തിൽ വിള്ളൽ കണ്ടെത്തിയത്. രണ്ടാമത്തെ തൂണുമായി ചേരുന്ന സ്ഥലത്തെ കോൺക്രീറ്റ് ഭാഗമാണ് അടർന്ന് പുഴയിലേക്ക് പതിച്ചത്.
സ്ഥലം പരിശോധിച്ച കെ. ബാബു എൽ.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഗതാഗതം നിരോധിക്കാൻ തീരുമാനിച്ചത്. കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, പല്ലശ്ശന പഞ്ചായത്തുകളിലുള്ളവർക്ക് പാലക്കാട്, ചിറ്റൂർ, കൊടുവായൂർ എന്നിവിടങ്ങളിലേക്ക് എത്താനുള്ള പ്രധാന റോഡിലെ ഗായത്രിപ്പുഴ പാലം അടച്ചിട്ടത് യാത്രക്കാർക്ക് ദുരിതമായി.
അറ്റകുറ്റപ്പണി പൂർത്തിയാവുന്നത് വരെ വാഹനങ്ങൾ ആലമ്പള്ളം വഴി പോകണം. മുതലമട വഴി പാലക്കാട്, ചിറ്റൂർ ഭാഗങ്ങളിലേക്ക് പോകുന്നവർ ആനമാറി വഴി കടന്നുപോകണം. പാലത്തിന്‍റെ ബലക്ഷയം കൂടുതൽ വ്യാപിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസി. എൻജിനീയർ കെ.എസ്. ശിവരഞ്ജിനി അറിയിച്ചു.
തിങ്കളാഴ്ച രാവിലെ പൊതുമരാമത്ത് വകുപ്പിന്‍റെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് ഇരുചക്രവാഹനങ്ങൾ കടക്കാനാകുമോ എന്ന് പരിശോധിക്കുമെന്ന് കെ. ബാബു എം.എൽ.എ പറഞ്ഞു.
കൊല്ലങ്കോട്: ഊട്ടറ പുഴപ്പാലം തകർച്ചക്ക് വഴിവെച്ചത് അധികൃതരുടെ കെടുകാര്യസ്ഥത. 1940ൽ ബ്രിട്ടീഷുകാർ നിർമിച്ച പാലം 2004ൽ സിക് പാലമായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. പാലത്തിലെ നാലിലധികം വിള്ളലുകൾ വലുതാകുന്നത് ശ്രദ്ധയിൽപെട്ട മനുഷ്യാവകാശ പ്രവർത്തകൻ മുരുകൻ ഏറാട്ട് മനുഷ‍്യാവകാശ കമീഷന് പരാതി സമർപ്പിച്ചപ്പോൾ 2012-13ൽ പാലം പുനർനിർമിക്കാൻ 2.90 കോടി രൂപ വകയിരുത്തിയതായി പൊതുമരാമത്ത് വകുപ്പ് മറുപടി നൽകി.
കൂടാതെ പാലം തകർച്ചയിലാണെന്നും അമിതഭാരം കയറ്റിയ വാഹനങ്ങൾ കടക്കരുതെന്നും കാണിച്ച് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. തുടർന്ന് ഒരു നടപടിയും പൊതുമരാമത്ത് വകുപ്പിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. 10 ടണ്ണിലധികം ഭാരം കയറ്റരുതെന്ന് നിർദേശിച്ച പാലത്തിൽ 30-45 ടണ്ണിലധികം ഭാരം വരുന്ന ചരക്കുവാഹനങ്ങൾ കടക്കുന്നത് തടയാൻ അധികൃതർ ശ്രമിക്കാത്തതാണ് പാലം തകർച്ചക്ക് വഴിവെച്ചത്.
സർക്കാർ വകയിരുത്തിയ 20 കോടി രൂപയിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി ഗായത്രിപ്പുഴ പാലം പുനർനിർമിക്കാനുള്ള നടപടിയും ഊട്ടറ റെയിൽവേ മേൽപാലം നിർമാണത്തിനുള്ള സ്ഥലം ഏറ്റെടുക്കലും ആരംഭിച്ചതായും കരാറായാൽ ഗായത്രിപ്പുഴ പാലം നിർമാണം ഉടൻ ആരംഭിക്കുമെന്നും കെ. ബാബു എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.