കൊല്ലങ്കോട്: അജ്ഞാതർ പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീയിട്ടു. പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തി. മുതലിയാർകുളത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ പ്ലാസ്റ്റിക്ക് മാലിന്യത്തിന് അജ്ഞാതർ തീവെച്ചതിനാണ് മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമനടപടി സ്വീകരിക്കാന്‍ ജില്ലയിൽ രൂപവത്കരിച്ച പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് സംഘം പഞ്ചായത്ത് സെക്രട്ടറിയിൽനിന്ന് പതിനായിരം രൂപ പിഴ ഈടാക്കിയത്.
കൊല്ലങ്കോട് ടൗണിലെ മാലിന്യങ്ങൾ മുതലിയാർ കുളത്ത് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ എത്തിച്ച് അവിടെ നിന്നും വേർതിരിച്ച് നീക്കുന്ന നടപടിയാണ് പഞ്ചായത്ത് നടത്തിവന്നിരുന്നത്. കൊല്ലങ്കോട്-പല്ലശ്ശന റോഡരുകിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിനകത്ത് വഴിയാത്രക്കാർ മാലിന്യങ്ങൾ വലിച്ചെറിയുന്നതും തീയിടുന്നതും വർധിച്ചതായും ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി കെ.സി. പ്രേമലത പറഞ്ഞു.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ മാലിന്യങ്ങൾ കുന്നുകൂട്ടിയിടുന്നത് പരിശോധിക്കാൻ പ്രത്യേകം സംഘത്തെ രൂപവത്കരിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് കെ. സത്യപാൽ പറഞ്ഞു. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പൊതുസ്ഥലത്ത് കൂട്ടിയിട്ട് തീയിടുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം നോട്ടീസ് നൽകി പിഴയീടാക്കുമെന്നും മുതലിയാർ കുളത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചതായും പഞ്ചായത്ത് പ്രസിഡൻറ് കെ.സത്യപാൽ പറഞ്ഞു.
കൊല്ലങ്കോട്: കൊല്ലങ്കോട് പഞ്ചായത്തിൽ മാലിന്യങ്ങൾ കൂട്ടിയിടുന്നവർക്കെതിരെ പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്ന് വഴിയാത്രക്കാർ. കുരുവിക്കൂട്ടുമരം, അരുവന്നൂർ പറമ്പ്, ചിക്കണാമ്പാറ, പാവടി, ആന മാറി റോഡ്, പഴയങ്ങാടി എന്നിവിടങ്ങളിൽ പ്ലാസ്റ്റിക്ക് മാലിന്യം ഉൾപ്പെടെ തള്ളുന്നത് തെരുവ് നായ് ശല്യം വർധിക്കാൻ കാരണമായി.
റോഡരികിലെ മാലിന്യങ്ങൾ പഞ്ചായത്തിന്റെ വാഹനം പൂർണമായി നീക്കം ചെയ്യാത്തതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. 29 പേരടങ്ങുന്ന ഹരിത കർമസേനയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും മാലിന്യം വേർതിരിച്ച് നൽകാതെ പ്ലാസ്റ്റിക്ക് കവറുകളിലാക്കി പൊതു സ്ഥലങ്ങളിൽ തള്ളുന്നതും വഴിയാത്രക്കാർക്ക് ദുരിതമായി.
കൊല്ലങ്കോട്: സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ ഓടയിൽ ഒഴുക്കുന്നതിനെതിരെ നിയമനടപടിയുമായി പഞ്ചായത്ത്. കൊല്ലങ്കോട് ടൗണിലെ ഓടകളിൽ വ്യാപാര സ്ഥാപനങ്ങൾ, താമസ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നും മാലിന്യങ്ങൾ ഒഴുക്കുന്നതിനെതിരെയാണ് കർശന നിയമ നടപടിയിലേക്ക് ഇറങ്ങി യത്.
കഴിഞ്ഞ ദിവസം പൊള്ളാച്ചി റോഡിൽ വ്യാപാര സമുച്ഛയത്തിൽ നിന്നും മലിനജലം ഒഴിക്കിവിടുന്നതിനെതിരെ നോട്ടീസ് നൽകി. തുടർന്നാണ് മലിനജലം ഒഴുക്കാൻ പുതിയ കുഴി നിർമിച്ചത്. വ്യാപാര കേന്ദ്രങ്ങളിലെ ദുർഗന്ധം വമിക്കുന്ന മലിന ജലം ഓടകളിൽ ഒഴുക്കുകയും കക്കൂസ് മാലിന്യങ്ങൾ ഓടയിൽ തള്ളുകയും ചെയ്യുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ. സത്യപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.