പാലക്കാട്: പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടിക വന്നപ്പോൾ ജില്ലയിൽ 5490 കുട്ടികൾ പുറത്ത്. മുഖ്യ അലോട്ട്മെന്റുകൾക്ക് ശേഷം ജില്ലയിലാകെ 3750 മെറിറ്റ് സീറ്റുകളാണുള്ളത്. ഇതിൽ 2643 സീറ്റുകളിലേക്കാണ് അലോട്ട്മെന്റ് വന്നത്. ഇനി 1107 സീറ്റുകൾ ഒഴിവുണ്ട്. സപ്ലിമെന്ററി അലോട്ട്മെന്റിനായി 8139 പേരാണ് ഓൺലൈനായി അപേക്ഷിച്ചത്. ഇതിൽ 8133 അപേക്ഷകളാണ് സാധുവായി പരിഗണിച്ചത്. മറ്റു ജില്ലകളിൽനിന്ന് 2838 അപേക്ഷകളുണ്ട്. ജില്ലയിലെ 125 സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്കാണ് അപേക്ഷകളുള്ളത്.
അപേക്ഷകളിലെ തെറ്റുകൾമൂലം ആദ്യ അലോട്ട്മെന്റുകളിൽ സീറ്റ് ലഭിക്കാതിരുന്നവരും സേ പരീക്ഷ പാസായവരുമെല്ലാമാണ് സപ്ലിമെന്ററി അലോട്ട്മെന്റിലുള്ളത്. ക്ലാസ് തുടങ്ങി ഒരു മാസമാകാറാവുമ്പോഴും ആയിരക്കണക്കിന് വിദ്യാർഥികളാണ് തുടർപഠനം തുലാസിലായി പുറത്തുനിൽക്കുന്നത്. ജില്ലയിൽ നിലവിലുള്ള സീറ്റിന്റെ ഇരട്ടിയിലേറെ അപേക്ഷകളാണ് സപ്ലിമെന്ററി അലോട്ട്മെന്റിനുള്ളത്. നിലവിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്കുള്ള പ്രവേശനം തിങ്കളാഴ്ച ആരംഭിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാല് വരെ പ്രവേശനം നേടാം.
മൂന്ന് തവണകളിലായി നടന്ന മുഖ്യ അലോട്ട്മെന്റുകൾ പ്രകാരം നേരത്തെ 27,826 കുട്ടികളാണ് ജില്ലയിൽ പ്രവേശനം നേടിയിരുന്നത്. ആകെ 45,255 അപേക്ഷകളും ഉണ്ടായിരുന്നു. തുടർ അലോട്ട്മെന്റുകളെ കുറിച്ചുള്ള വിശദാംശങ്ങൾ ജൂലൈ 12ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ബാക്കി 1107 സീറ്റുകളിലേക്കാണ് അടുത്ത അലോട്ട്മെന്റ് വരുക. അപ്പോഴും നാലായിരത്തിലധികം കുട്ടികൾ സീറ്റ് കിട്ടാതെ പുറത്തുനിൽക്കേണ്ടി വരും. അപേക്ഷകരിൽ മിക്കവരും വി.എച്ച്.എസ്.ഇ പ്രവേശനത്തിനും അപേക്ഷ നൽകിയിട്ടുണ്ട്. ഹയർ സെക്കൻഡറിക്കൊപ്പം വി.എച്ച്.എസ്.ഇയിലും പ്രവേശന നടപടികൾ പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.