പ്ലസ്വൺ പ്രവേശനം: 20 ശതമാനം സീറ്റ് കൂട്ടിയാലും പാലക്കാട് ജില്ലയിൽ 5000 കുട്ടികൾ പുറത്താകും

പാലക്കാട്: പതിവുപോലെ പ്ലസ്വൺ സീറ്റുകളുടെ ആനുപാതിക വർധന ഉണ്ടായാലും ജില്ലയിൽ സീറ്റ് കിട്ടാതെ പുറത്തിരിക്കേണ്ടിവരിക അയ്യായിരത്തിലേറെ വിദ്യാർഥികൾ. ജില്ലയിൽ ഈ വർഷം 38,972 കുട്ടികളാണ് എസ്.എസ്.എൽ.സി പാസായി ഉപരിപഠനത്തിന് അർഹത നേടിയത്.

അതേസമയം സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ആകെ 24,150 സീറ്റുകളേയുള്ളൂ. 12,900 സീറ്റുകൾ സർക്കാർ സ്കൂളുകളിലും 11,250 സീറ്റുകൾ എയ്ഡഡിലും. ഇതുകൂടാതെ, അൺ എയ്ഡഡിൽ 4117 സീറ്റുകൾ ഉണ്ടെങ്കിലും ഇവിടെ ചേർന്ന് പഠിക്കാൻ ഉയർന്ന ഫീസ് നൽകണം. ഇതുകാരണം പാവപ്പെട്ട കുട്ടികൾക്ക് അൺ എയ്ഡഡിൽ ചേർന്ന് പഠിക്കാൻ കഴിയില്ല. വി.എച്ച്.എസ്.ഇയിൽ 1725ഉം ഐ.ടി.ഐകളിൽ 2468ഉം പോളിയിൽ 480ഉം സീറ്റുകളുണ്ട്. എന്നിരുന്നാലും ജില്ലയിൽ 10,132 സീറ്റുകളുടെ കുറവുണ്ട്.

സീറ്റുകൾ കുറവുള്ള ജില്ലകളിൽ ഈ വർഷവും 20 ശതമാനം ആനുപാതിക വർധന ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഞായറാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ബാച്ചിലും പത്ത് കുട്ടികൾക്ക് അധികമായി പ്രവേശനം നൽകി കുറവ് പരിഹരിക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം.

മുൻ വർഷങ്ങളിലും സർക്കാർ ആനുപാതിക വർധന വരുത്തി കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നു. ഇതുപ്രകാരം ഈ വർഷം 4830 സീറ്റുകൾ വർധിപ്പിച്ചാലും അയ്യായിരത്തിലേറെ കുട്ടികൾ സീറ്റ് ലഭിക്കാതെ പുറത്താകും. ഇവർക്ക് സ്കോൾ കേരളയിൽ (ഓപൺ സ്കൂൾ) അഭയം തേടേണ്ടിവരും. കഴിഞ്ഞ വർഷവും ജില്ലയിൽനിന്നുള്ള നാലായിരത്തോളം കുട്ടികൾ സ്കോൾ കേരളയിൽ ചേർന്നാണ് പഠിച്ചത്. ഉപരിപഠനത്തിന് അർഹത നേടുന്ന മുഴുവൻ കുട്ടികൾക്കും പഠനാവസരം നൽകാൻ സർക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

സീറ്റ് ക്ഷാമം കാരണം ഇഷ്ടപ്പെട്ട കോമ്പിനേഷനുകളും വീടിന് അടുത്ത സ്കൂളുകളും തെരഞ്ഞെടുക്കാൻ കുട്ടികൾക്ക് കഴിയാറില്ല. സ്വന്തം പഞ്ചായത്തിലോ സമീപ പഞ്ചായത്തുകളിലോ ഉള്ള സ്കൂളുകളിൽപോലും കുട്ടികൾക്ക് അഡ്മിഷൻ ലഭിക്കാറില്ല. സയൻസ് പഠിക്കാൻ താൽപര്യമുള്ള കുട്ടികൾക്ക് മറ്റുള്ള കോമ്പിനേഷനുകളിലേക്ക് മാറാൻ നിർബന്ധിതരാകുന്നത് അവരുടെ ഭാവിയെതന്നെ അവതാളത്തിലാക്കും.

സർക്കാർ സ്കൂളുകളിൽ പുതിയ ബാച്ചുകൾ തുടങ്ങുക മാത്രമാണ് ജില്ലയിലെ പ്ലസ്വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ ഏക പരിഹാരം. കുട്ടികൾ കുറവായതിനാൽ ചില തെക്കൻ ജില്ലകളിൽ നിരവധി ബാച്ചുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഈ ബാച്ചുകൾ ജില്ലയിലേക്ക് മാറ്റുകയോ പുതിയ ബാച്ചുകൾ അനുവദിക്കുകയോ ചെയ്യണം. ഇതുമാത്രമാണ് വർഷങ്ങളായി തുടരുന്ന സീറ്റ് ക്ഷാമം പരിഹരിക്കാനുള്ള വഴി. ഒരു ബാച്ചിൽ 50 കുട്ടികൾ മാത്രമേ പാടുള്ളൂ.

ആനുപാതിക വർധനയിലൂടെ കുട്ടികളുടെ എണ്ണം 60 ആയി ഉയരുമ്പോൾ അധ്യാപകർക്ക് ക്ലാസ് മുറികളിൽ കുട്ടികളെ നിയന്ത്രിക്കാനും പഠിപ്പിക്കാനും പ്രയാസമാകും. ഇതിനാൽ ആനുപാതിക സീറ്റ് വർധന പഠനനിലവാരത്തേയും പ്രതികൂലമായി ബാധിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം വരുന്നതോടെ സീറ്റ്ക്ഷാമം ഇനിയും രൂക്ഷമാവും.

Tags:    
News Summary - PlusOne access: Students in Palakkad district in trouble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.